സൈനികോദ്യോഗസ്ഥരടക്കം 19 പേരെ പുറത്താക്കി ചൈന, ഷീയുടെ വിശ്വസ്തനും പുറത്ത്

#ന്യൂസ് ഡെസ്ക്
ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌പിംഗ്, ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാൻ ജനറൽ ഷാങ് യൂക്സിയയെ മറികടന്ന് പോകുന്നു | AP File Photo
ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌പിംഗ്, ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ വൈസ് ചെയർമാൻ ജനറൽ ഷാങ് യൂക്സിയയെ മറികടന്ന് പോകുന്നു | AP File Photo

ബീജിംഗ്: ചൈനയിൽ അടുത്തയാഴ്ച നടക്കാനിരിക്കുന്ന നിർണായകമായ രാഷ്ട്രീയ സമ്മേളനത്തിന് മുന്നോടിയായി സർക്കാരിൽ വൻ അഴിച്ചുപണി. ഒമ്പത് സൈനിക ഉദ്യോഗസ്ഥരടക്കം 19 പേരെ നിയമനിർമ്മാണ സഭയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇവരെ പുറത്താക്കിയതായി ചൈനയുടെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് (NPC) സ്റ്റാൻഡിംഗ് കമ്മിറ്റി അറിയിച്ചു. പിഎൽഎ (PLA) ഗ്രൗണ്ട് ഫോഴ്‌സ് കമാൻഡർ ലി ക്യോമിംഗ്, മുൻ നേവി കമാൻഡർ ഷെൻ ജിൻലോംഗ് എന്നിവരടക്കമുള്ള പ്രമുഖരാണ് പുറത്താക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നത്. കൂടാതെ ഇന്നർ മംഗോളിയ മേഖലയിലെ മുൻ പാർട്ടി മേധാവി സൺ ഷാവോചോംഗ് ഉൾപ്പെടെയുള്ള പ്രവിശ്യാ ഉദ്യോഗസ്ഥരെയും പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

മാർച്ച് 4 മുതൽ 11 വരെ ബീജിംഗിൽ നടക്കുന്ന 'ടു സെഷൻസ്' (Two Sessions) എന്നറിയപ്പെടുന്ന വാർഷിക രാഷ്ട്രീയ സമ്മേളനത്തിന് തൊട്ടുമുൻപാണ് ഈ നടപടികൾ. ചൈനയുടെ അടുത്ത അഞ്ച് വർഷത്തേക്കുള്ള നയരൂപീകരണവും സാമ്പത്തിക ലക്ഷ്യങ്ങളും പ്രഖ്യാപിക്കുന്ന സമ്മേളനമാണിത്.

പ്രസിഡന്റ് ഷി ജിൻപിംഗിന്റെ അടുത്ത അനുയായിയും രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ജനറലുമായിരുന്ന ഷാങ് യൂക്‌സിയയെ സ്ഥാനത്തുനിന്ന് നീക്കി ആഴ്ചകൾക്ക് ശേഷമാണ് പുതിയ നടപടി. അഴിമതി ആരോപണം ഉന്നയിച്ചായിരുന്നു ഷാങ്ങിനെതിരെ നടപടി എടുത്തത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലനിൽപ്പിന് ഏറ്റവും വലിയ ഭീഷണി അഴിമതിയാണെന്നാണ് ഷി ജിൻപിംഗിന്റെ നിലപാട്.

2013-ൽ അധികാരമേറ്റത് മുതൽ അഴിമതി വിരുദ്ധ പോരാട്ടം ശക്തമാക്കിയിരുന്നു. ഇതിന്റെ പേരിൽ നിരവധി മുതിർന്ന സൈനികോദ്യോഗസ്ഥരെയും പാർട്ടി നേതാക്കളെയും ഷീ ജിൻപിംഗ് അധികാര സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുകയോ തടവിലാക്കുകയോ ചെയ്തിട്ടുണ്ട്. 2025 ഒക്ടോബറിലും ഒമ്പത് ജനറൽമാരെ പുറത്താക്കിക്കൊണ്ട് സൈന്യത്തിൽ സമാനമായ അഴിച്ചുപണി നടന്നിരുന്നു. എന്നാൽ ഈ നീക്കങ്ങൾ തന്റെ രാഷ്ട്രീയ എതിരാളികളെ പുറത്താക്കാൻ ഷി ജിൻപിംഗ് ആയുധമാക്കുകയാണെന്ന് വിമർശകർ ആരോപിക്കുന്നുണ്ട്.

Content Highlights: 19 officials, including 9 military generals, removed from China's legislature., The purge occurs just before the crucial annual 'Two Sessions' political meeting., This action is framed within President Xi Jinping's ongoing anti-corruption campaign., Critics allege the campaign is a tool to eliminate political rivals.