അഴിമതി ആരോപിച്ച് ചൈനീസ് സൈന്യത്തിലെ 9 ഉന്നത ജനറല്‍മാരെ പുറത്താക്കി

ബീജിങ്: അഴിമതി ആരോപിച്ച് ചൈനീസ് സൈന്യത്തിലെ ഒമ്പത് ഉന്നത ജനറല്‍മാരെ പുറത്താക്കി. പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും പാര്‍ട്ടിയുടെ തീരുമാനമെടുക്കുന്ന സെന്‍ട്രല്‍ കമ്മിറ്റിയിലെ അംഗങ്ങളായിരുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒമ്പത് പേരും പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും വന്‍തുകയുടെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് സംശയിക്കുന്നതായും ചൈനീസ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പാര്‍ട്ടിയുടെയും സൈന്യത്തിന്റെയും അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായാണ് പുറത്താക്കലെന്നാണ് നടപടിയെ ചൈന വിശേഷിപ്പിക്കുന്നത്. പുറത്താക്കപ്പെട്ട ഒമ്പത് ജനറല്‍മാരും നിലവില്‍ വിചാരണ നേരിടുകയാണ്.
സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ (സി.എം.സി) ചെയര്‍മാനായ പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന് ശേഷം ചൈനീസ് സൈന്യത്തിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനായ ഹേ വെയ്ഡോങ് ആണ് പുറത്താക്കപ്പെട്ട ജനറല്‍മാരില്‍ പ്രമുഖന്‍. സി.എം.സി വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് അദ്ദേഹം വഹിച്ചിരുന്നത്. കൂടാതെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗവുമായിരുന്നു. മാര്‍ച്ചിലാണ് ഹേ വെയ്ഡോങ്ങിനെ അവസാനമായി പൊതുവേദിയില്‍ കണ്ടത്. ഇതിന് ശേഷം ഇദ്ദേഹത്തേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.
സി.എം.സി പൊളിറ്റിക്കല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മിയാവോ ഹുവ, സി.എം.സി പൊളിറ്റിക്കല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് എക്‌സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹേ ഹോങ്ജുന്‍, ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡര്‍ ലിന്‍ സിയാങ്യാങ്, നേവിയുടെ പൊളിറ്റിക്കല്‍ കമ്മിസ്സര്‍ യുവാന്‍ ഹുവാഷി, റോക്കറ്റ് ഫോഴ്‌സസ് കമാന്‍ഡര്‍ വാങ് ഹൗബിന്‍ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് പ്രമുഖ സൈനികോദ്യോഗസ്ഥര്‍. രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതി ചര്‍ച്ച ചെയ്യാനും പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനുമായി ചേരുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിന് തൊട്ടുമുമ്പാണ് ഈ നടപടി.
ഭരണ സൈനിക നേതൃത്വത്തില്‍ അഴിമതിയുടെ പേരില്‍ കൂട്ട ശുദ്ധീകരണം നടക്കുമെന്നു നേരത്തെ സൂചനകള്‍ പുറത്തുവന്നിരുന്നു. സൈന്യത്തില്‍ ഉണ്ടായ മോശം പ്രവണതകള്‍ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെടുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ജൂലൈയില്‍ സിഎംസി പുറത്തിറക്കിയിരുന്നു. മുന്‍ പ്രതിരോധ മന്ത്രിമാരായ വെയ് ഫെങ്‌ഹെ, ലി ഷാങ്ഫു എന്നിവര്‍ക്കെതിരെ ഇത്തരം പ്രവണതകളുടെ പേരില്‍ നടപടി സ്വീകരിച്ചിരുന്നു. റോക്കറ്റ് ഫോഴ്‌സസിലെ ഉന്നത ജനറല്‍മാരെയും നീക്കം ചെയ്തിരുന്നു.
ഇപ്പോള്‍ പുറത്താക്കപ്പെട്ട ജനറല്‍മാരില്‍ ഒരാളായ വാങ് ഹൗബിന്‍ നേരത്തെ സിഎംഎസിയുടെ നടപടികളെ തുടര്‍ന്ന് പുറത്താക്കപ്പെട്ട സൈനികോദ്യോഗസ്ഥന് പകരമെത്തിയ ആളാണ്. പുറത്തുവന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഒക്ടോബര്‍ 20-ന് ആരംഭിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഫോര്‍ത്ത് പ്ലീനം സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം എത്രത്തോളമുണ്ടാകുമെന്നത് അനുസരിച്ചാകും നടപടിയുടെ വ്യാപ്തി എത്രത്തോളമുണ്ടായിരുന്നുവെന്ന് വിലയിരുത്താനാകുക.
സാധാരണ പൗരന്മാരായ ഉദ്യോഗസ്ഥരെയും ശുദ്ധീകരണത്തില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. വിദേശകാര്യ മന്ത്രിയായിരുന്ന ക്വിന്‍ ഗാങ്ങിന്റെ തിരോധാനം ഇതിന് ഉദാഹരണമാണ്. ഇദ്ദേഹം ഇപ്പോള്‍ എവിടെയാണ് എന്നത് സംബന്ധിച്ച് വിവരമില്ല.
Content Highlights: China`s Communist Party expels nine high-ranking generals for alleged financial crimes. Analysts suggest it could be a political purge ahead of crucial party meetings.