'എന്നെവിട്ട് കാട്ടിൽനിന്ന് രക്ഷപ്പെടണം, പിതാവിനെ കണ്ടെത്തണം'; മരിക്കുംമുമ്പ് മഗ്ദലെന മക്കളോട് പറഞ്ഞു

ബൊഗോട്ട്: ആമസോണ്‍ കാട്ടില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് വിമാനാപകടത്തിനു ശേഷം നാലു ദിവസത്തോളം ജീവനുണ്ടായിരുന്നുവെന്ന് കുട്ടികളുടെ അച്ഛനും മരണപ്പെട്ട മഗ്ദലെന മുക്യുറ്റിയുടെ ഭര്‍ത്താവുമായ മാനുവല്‍ റാനോക്. വിമാനപകടത്തിനു ശേഷം പരിക്കേറ്റു കിടന്ന തന്നെ ഉപേക്ഷിച്ച് കുട്ടികളോട് രക്ഷപ്പെടാന്‍ മഗ്ദലെന നിര്‍ദ്ദേശിച്ചതായി മൂത്ത മകള്‍ ലെസ്‌ലി പറഞ്ഞതായി മാനുവല്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ പ്രതീക്ഷിച്ച് നിൽക്കരുതെന്നും കാട്ടിൽനിന്ന് രക്ഷപ്പെട്ട്, പിതാവിനെ കണ്ടെത്തണമെന്നും മഗ്ദലെന മക്കളോട് പറഞ്ഞു. തന്നെ ഓര്‍ത്ത് വിഷമിക്കരുതെന്നും അമ്മ സ്‌നേഹിക്കുന്നത് പോലെ അച്ഛന്‍ നിങ്ങളെ സ്‌നേഹിക്കുമെന്നുമാണ് അവസാന കൂടിക്കാഴ്ചയില്‍ മഗ്ദലെന മക്കളോട് പറഞ്ഞതെന്നും മാനുവല്‍ പറയുന്നു.
മാനുവലിനെ കാണാനുള്ള യാത്രയ്ക്കിടെയാണ് മഗ്ദലെനയും മക്കളും സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെടുന്നതും കുട്ടികള്‍ നാല്‍പ്പതു ദിവസത്തോളം ആമസോണ്‍ വനത്തില്‍ അകപ്പെട്ടു പോയതും. ആമസോണ്‍ വനത്തിലെ പ്യൂട്ടോ സാബലോ എന്ന ഗോത്ര ഗ്രാമത്തിലെ ഗവര്‍ണറായിരുന്നു മാനുവല്‍ റനോക്. ഒളിപ്പോരാളികളുടെ ഭീഷണി കാരണം ഇദ്ദേഹത്തിന് നാടുവിടേണ്ടി വന്നു.
പിന്നീട് മാസങ്ങള്‍ക്കു ശേഷം മഗ്ദലെനയെ ഫോണില്‍ ബന്ധപ്പെട്ട മാനുവല്‍ താന്‍ ബൊഗോട്ടയ്ക്ക് സമീപമുണ്ടെന്നും മക്കളോടൊപ്പം അവിടെയ്ക്ക് വരാനും ആവശ്യപ്പെട്ടു. അങ്ങനെയാണ് അരാരകുവാറയില്‍ നിന്ന് മഗ്ദലെനയും മക്കളും ചെറുവിമാനത്തില്‍ ബൊഗോട്ടയിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍, വിമാനത്തിന്റെ എന്‍ജിന്‍ യാത്രയ്ക്കിടെ തകരാറിലാകുകയും വിമാനം തകര്‍ന്നു വീഴുകയുമായിരുന്നു. അപകടത്തില്‍ മഗ്ദലെനയും പൈലറ്റുമടക്കം മൂന്നു പേരാണ് മരിച്ചത്.
Content Highlights: children lost in amazon forest, mother told them to leave her so they could survive,operation hope