അനാഥാലയത്തിൽ നിന്ന് ദത്തിലൂടെ രണ്ടുവഴിക്ക് വിദേശത്ത്‌; 30 വർഷത്തിന് ശേഷം DNA യിൽ അറിഞ്ഞ സത്യം

#ന്യൂസ് ഡെസ്ക്
മീന ഗെൽറ്റിങ്കും മിനാൽ തിജ്‌സനും | Photo: x.com/nwstimesturkey
മീന ഗെൽറ്റിങ്കും മിനാൽ തിജ്‌സനും | Photo: x.com/nwstimesturkey

ആംസ്റ്റർഡാം: ബാല്യത്തിൽ വിധി വേർപെടുത്തിയവർ. വെറും 130 കിലോമീറ്റർ മാത്രം അകലെയായിരുന്നിട്ടും മുപ്പത് വർഷത്തോളം പരസ്പരം തിരിച്ചറിയാതെ കഴിഞ്ഞവർ. കൗമാരത്തിൽ കണ്ടുമുട്ടിയപ്പോൾ തമാശയ്ക്ക് വിളിച്ചിരുന്ന ‘സിസ്റ്റർ’ വിളി വെറും തമാശയായിരുന്നില്ലെന്ന് ഡി.എൻ.എ. പരിശോധനയിലൂടെ അവർ തിരിച്ചറിഞ്ഞു. മൂന്ന് പതിറ്റാണ്ട് നീണ്ട സൗഹൃദം ഒടുവിൽ ചെന്നെത്തിയത് ഒരമ്മയുടെ മക്കളാണെന്ന വികാരനിർഭരമായ തിരിച്ചറിവിലേക്കാണ്.

ഇന്ത്യയിലെ അനാഥാലയത്തിൽനിന്ന് ദത്തെടുത്ത് നെതർലൻഡ്‌സിൽ വളർന്ന മീന ഗെൽറ്റിങ്കും മിനാൽ തിജ്‌സനുമാണ് തങ്ങളുടെ ജന്മബന്ധം തിരിച്ചറിഞ്ഞത്. ഏകദേശം 40 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ ഒരു അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയ ഇവരെ രണ്ട് വ്യത്യസ്ത ഡച്ച് കുടുംബങ്ങളാണ് ദത്തെടുത്തത്. നെതർലൻഡ്‌സിന്റെ വെവ്വേറെ ഭാഗങ്ങളിലായി വളർന്ന ഇവർ, തങ്ങളുടെ സഹോദരി അടുത്തുതന്നെയുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ല.

ദത്തെടുക്കപ്പെട്ട കുട്ടികൾക്കായി 1996-ൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽവെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. കണ്ടമാത്രയിൽ തന്നെ ഇവർക്കിടയിൽ ഒരു ആത്മബന്ധം രൂപപ്പെട്ടു. ഇവർ തമ്മിലുള്ള രൂപസാദൃശ്യം സുഹൃത്തുക്കളും ശ്രദ്ധിച്ചിരുന്നു. പരസ്പരം സാമ്യമുള്ളതിനാൽ തമാശയ്ക്കായി അന്ന് 'സിസ്റ്റർ' എന്ന് വിളിക്കുമായിരുന്നു. തുടർന്ന് ഇരുവരും വിലാസങ്ങൾ കൈമാറുകയും കുറച്ചുകാലം ബന്ധം തുടരുകയും ചെയ്തു. പിന്നീട് 15 വർഷത്തോളം ഇരുവരും തമ്മിൽ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

44-കാരിയായ മിനാൽ കഴിഞ്ഞ ഏപ്രിലിൽ നടത്തിയ ഡി.എൻ.എ. പരിശോധനയാണ് നിർണായകമായത്. മൈഹെറിറ്റേജ് (MyHeritage) വഴി നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇരുവരും തമ്മിൽ 100 ശതമാനം പൊരുത്തമുണ്ടെന്ന് കണ്ടെത്തി. ഫോണിൽ മീന സഹോദരിയാണ് എന്ന സന്ദേശം തെളിഞ്ഞുവന്നപ്പോൾ തനിക്ക് വിശ്വസിക്കാനായില്ലെന്ന് മിനാൽ പറയുന്നു. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പഴയ സുഹൃത്തിനെ മിനാൽ കണ്ടെത്തുകയായിരുന്നു.

നിലവിൽ ഫ്രാൻസിൽ താമസിക്കുന്ന മിനാലും നെതർലൻഡ്‌സിലുള്ള മീനയും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി. വർഷങ്ങൾക്ക് ശേഷമുള്ള ഇവരുടെ കൂടിക്കാഴ്ച വികാരനിർഭരമായിരുന്നു. ‘നിന്നെ കാണുമ്പോൾ വീട്ടിലെത്തിയത് പോലെ തോന്നുന്നു’ എന്നാണ് മീന തന്റെ സഹോദരിയോട് പറഞ്ഞത്. തന്റെ ഹൃദയത്തിലെ ശൂന്യത ഇപ്പോൾ മാറിയെന്നും നഷ്ടപ്പെട്ട ഒരു ഭാഗം തിരികെ ലഭിച്ചത് പോലെയാണെന്നും മീന കൂട്ടിച്ചേർത്തു.

ഞങ്ങൾ സഹോദരിമാരാണെന്ന് അറിയുന്നതിന് മുൻപേ സുഹൃത്തുക്കളായിരുന്നുവെന്ന് മിനാൽ ഓർമിച്ചു. ‘സത്യത്തിൽ ഞങ്ങൾ എപ്പോഴും സഹോദരിമാരായിരുന്നു, എന്നാൽ ആ കാര്യം അറിഞ്ഞിരുന്നില്ലെന്ന് മാത്രം’, മിനാൽ പറഞ്ഞു. സ്നേഹനിധികളായ രക്ഷിതാക്കൾക്കൊപ്പമാണ് വളർന്നതെങ്കിലും സ്വന്തം വേരുകളെക്കുറിച്ച് ഇരുവരുടെയും മനസ്സിൽ എപ്പോഴും ചില ചോദ്യങ്ങൾ ബാക്കിയായിരുന്നുവെന്നും അവർ പറഞ്ഞു.