പ്രാവിന്റെ പക്കല്‍ കൊടുത്തയച്ച ദൂത് കണ്ടെത്തി;ഒന്നാം ലോകമഹായുദ്ധകാലത്തേതെന്ന് നിഗമനം

കിഴക്കന്‍ ഫ്രാന്‍സില്‍ നിന്ന് കണ്ടെത്തിയ കത്ത്  | Photo : AFP
കിഴക്കന്‍ ഫ്രാന്‍സില്‍ നിന്ന് കണ്ടെത്തിയ കത്ത് | Photo : AFP

പാരിസ്: നൂറ്റാണ്ട് മുമ്പ് പ്രാവിന്റെ പക്കല്‍ കൊടുത്തയച്ച ദൂത് ഫ്രാന്‍സില്‍ കണ്ടെത്തി. ചെറിയ ഒരു പേടകത്തിനുള്ളില്‍ ഭദ്രമായി സംരക്ഷിക്കപ്പെട്ട നിലയിലാണ് സന്ദേശം കണ്ടെത്തിയത്. ഒരു സൈനികനയച്ച സന്ദേശം ലക്ഷ്യസ്ഥാനത്തെത്തിച്ചേരാതെ വഴിയില്‍ നഷ്ടപ്പെട്ടതായിരിക്കാമെന്നാണ് നിഗമനം. 

ജര്‍മന്‍ ഭാഷയിലെഴുതിയ കത്ത് ഇംഗര്‍ഷൈമിലെ സൈനികാസ്ഥാനത്ത് നിന്നാണ് അയച്ചിരിക്കുന്നത്. സൈനികതന്ത്രങ്ങളെ കുറിച്ച് സൂചനകളുള്‍ക്കൊള്ളുന്ന സന്ദേശം ഒരു ഉന്നതോദ്യോഗസ്ഥനെ സംബോധന ചെയ്തുള്ളതാണെന്ന് കിഴക്കന്‍ ഫ്രാന്‍സിലെ ലിംഗെ മ്യൂസിയം ക്യുറേറ്ററായ ഡൊമിനിക് ജാര്‍ഡി പറഞ്ഞു. 

1910 നും 1916 നും ഇടയിലാവണം ഈ സന്ദേശം അയച്ചിട്ടുള്ളതെന്ന് അനുമാനിക്കുന്നതായി ജാര്‍ഡി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഫ്രാന്‍സിന്റെ കീഴിലുള്ള ഇംഗര്‍ഷൈം ആ കാലത്ത് ജര്‍മനിയുടെ ഭാഗമായിരുന്നു. അത്യപൂര്‍വമായ കണ്ടുപിടിത്തമെന്നാണ് ജാര്‍ഡി ഈ ലേഖനത്തെ വിശേഷിപ്പിക്കുന്നത്. 

1914 മുതല്‍ 1918 വരെ നീണ്ട ഒന്നാം ലോകമഹായുദ്ധത്തിന്റെ അവശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഓര്‍ബേ മ്യൂസിയത്തിലെത്തിച്ചിട്ടുള്ള കത്ത് വിശദമായി വായിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി ജര്‍മന്‍ ഭാഷ വശമുള്ള സുഹൃത്തിന്റെ സഹായം ജാര്‍ഡി തേടിയിട്ടുണ്ട്. 

നടക്കാനിറങ്ങിയ ദമ്പതിമാര്‍ക്കാണ് ഈ കത്തടങ്ങിയ പെട്ടി ലഭിച്ചത്. തുറന്നു നോക്കിയപ്പോള്‍ കത്ത് ലഭിച്ചതിനാല്‍ അവരത് മ്യൂസിയത്തിലേക്ക് എത്തിക്കുകയായിരുന്നു. ആ പെട്ടിയും ചെറിയ കഷണത്തിലെഴുതിയ സന്ദേശവും ഇനി മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കളില്‍ ഇടം പിടിക്കും.

Content Highlights: Carrier Pigeon's Century-Old Message Found In French Field

Content Highlights: