ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യു.എ.ഇയിലേക്ക് എയർലിഫ്റ്റ് ചെയ്തു; ആരോഗ്യനില തൃപ്തികരം

#ന്യൂസ് ഡെസ്ക്
സ്മിത് മച്ചാര്‍ | Video grab image from Bona-Fide Banter podcast
സ്മിത് മച്ചാര്‍ | Video grab image from Bona-Fide Banter podcast

ദുബായ്: ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിൽവെച്ച് സഹപൈലറ്റിന്റെ ആക്രമണം തടയുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി സൗദി അറേബ്യയിൽനിന്ന് യു.എ.ഇയിലേക്ക് മാറ്റി. സൗദിയിലെ ഒരു സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ ദുബായിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. ഇവിടെ അദ്ദേഹത്തിന് തുടർച്ചികിത്സ നൽകും.

വിമാനം ഇസ്രയേലിലേക്ക് പറന്നുകൊണ്ടിരിക്കെയാണ് ഒമാൻ പൗരനായ സഹപൈലറ്റ് ക്യാപ്റ്റനായ മുംബൈ സ്വദേശി സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് കോക്ക്പിറ്റിലെ നിയന്ത്രണ സംവിധാനങ്ങൾ തടസ്സപ്പെടുത്താൻ അക്രമി ശ്രമിച്ചതോടെ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചു. 29 സെക്കൻഡിനുള്ളിൽ വിമാനം 14,000 അടിയോളം താഴേക്ക് പതിച്ചതായും രണ്ടു മിനിറ്റിനുള്ളിൽ 17,000 അടി താഴ്ന്നതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും സ്മിത് അക്രമിയെ ചെറുത്തുതോൽപ്പിച്ചു. നിലവിളിയും വിമാനത്തിന്റെ പെട്ടെന്നുള്ള താഴ്ചയും ശ്രദ്ധയിൽപ്പെട്ട യാത്രക്കാരും മറ്റ് ജീവനക്കാരും കോക്ക്പിറ്റിലേക്ക് പ്രവേശിച്ച് അക്രമിയെ പിടിച്ചുമാറ്റുകയും കീഴടക്കുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരുടെയും ജീവൻ രക്ഷിച്ചതിന് ഇന്ത്യൻ ക്യാപ്റ്റനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തബൂക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സഹപൈലറ്റിനെയും ലാൻഡിങ്ങിനുശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇയാളെ സൗദി പോലീസിന് കൈമാറി. സൗദി അധികൃതർ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറഞ്ഞു. 

Content Highlights: Injured Indian captain Smith Machar has been successfully airlifted from a Saudi military hospital to the UAE for advanced medical treatment after bravely thwarting a cockpit attack on a Fly Dubai flight.