ട്രൂഡോയോടുള്ള കടുത്ത എതിർപ്പ്, കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു

ടൊറന്റോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിനെതിരേ ഭരണവിരുദ്ധവികാരം ശക്തമാകുന്നതിനിടെ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു. ധനമന്ത്രിസ്ഥാനത്ത് തുടരേണ്ടെന്നും മന്ത്രിസഭയിൽ മറ്റൊരു പദവി നൽകാമെന്നും ട്രൂഡോ പറഞ്ഞ സാഹചര്യത്തിലാണ് രാജിയെന്ന് ക്രിസ്റ്റിയ പറഞ്ഞു.
ട്രൂഡോയുടെ നിലപാടിനെക്കുറിച്ചോർത്തപ്പോൾ സത്യസന്ധവും പ്രായോഗികവുമായ ഏകമാർഗം രാജിവെക്കുക എന്നതാണെന്ന് ക്രിസ്റ്റിയ എക്സിൽ കുറിച്ചു. കുടിയേറ്റം, സാമ്പത്തികപ്രതിസന്ധി, യു.എസുമായും ഇന്ത്യയുമായുള്ള നയതന്ത്ര, വ്യാപാര തർക്കങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് രാജി.
നമ്മുടെ രാജ്യം ഇന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് രാജിക്കത്തിൽ സൂചിപ്പിച്ച ക്രിസ്റ്റിയ, തെക്കൻ അതിർത്തി കടക്കാൻ ശ്രമിക്കുന്ന കുടിയേറ്റക്കാർക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ 25 ശതമാനം ഇറക്കുമതിത്തീരുവ കൂട്ടുമെന്ന ട്രംപിന്റെ മുന്നറിപ്പിനെ കുറിച്ചും പ്രതിപാദിച്ചു. ട്രംപിന്റെ ഇറക്കുമതിത്തീരുവ ഭീഷണികൾ അതീവ ഗൗരവമായി കാണേണ്ടതിന്റെ ആവശ്യകതയും അവർ ഉന്നയിച്ചു.
മാധ്യമപ്രവർത്തകയായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ്, 2013-ൽ ആണ് പാർലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വർഷത്തിനു ശേഷം ലിബറലുകൾ അധികാരത്തിൽ എത്തിയപ്പോൾ ട്രൂഡോ മന്ത്രിസഭയിലെ അംഗമായി. വ്യാപാരം, വിദേശകാര്യം വകുപ്പുകളുടെ മന്ത്രി സ്ഥാനം ഉൾപ്പടെ നിരവധി പദവികൾ വഹിച്ചു.
യുറോപ്യൻ യൂണിയനും അമേരിക്കയുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളോടുള്ള കാനഡയുടെ പ്രതികരണങ്ങൾ അറിയിക്കാനുള്ള ചുമതലയും ഈയിടെ അവർക്ക് നൽകിയിരുന്നു.
Content Highlights: Canadian Deputy Prime Minister resigns