നിജ്ജര്‍ വധം: സിഖ് സമൂഹം വിവരങ്ങൾ നൽകണമെന്ന് കാനഡ പോലീസ്, പുതിയ നീക്കം

ഹര്‍ദീപ് സിങ്ങ് നിജ്ജര്‍ / ആര്‍സിഎംപി കമ്മീഷണ്‍ മൈക്ക് ദുഹോം | Photo: x/ AP
ഹര്‍ദീപ് സിങ്ങ് നിജ്ജര്‍ / ആര്‍സിഎംപി കമ്മീഷണ്‍ മൈക്ക് ദുഹോം | Photo: x/ AP

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുതിയ നടപടിയുമായി കാനഡ. കാനഡയിലുള്ള സിഖ് സമൂഹത്തോട് വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ കനേഡിയന്‍ പോലീസ് അഭ്യര്‍ഥന നടത്തി. കൊലപാതകം, ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ കനേഡിയന്‍ മണ്ണിലെ അക്രമ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ സര്‍ക്കാരിനെ ബന്ധിപ്പിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെടുത്താന്‍ സാധിക്കുന്ന വിവരങ്ങള്‍ നല്‍കാനാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍.സി.എം.പി.) തലവന്‍ മൈക്ക് ദുഹോം നിര്‍ദേശിച്ചിരിക്കുന്നത്. 

'ജനങ്ങള്‍ മുന്നോട്ടുവന്നാല്‍ നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ആളുകള്‍ കാനഡയില്‍ വരുന്നത് സുരക്ഷിതമായിരിക്കാനാണ്. നിയമപാലകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ജോലി സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ്.'- റേഡിയോ കാനഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍.സി.എം.പി. കമ്മീഷണ്‍ മൈക്ക് ദുഹോം വ്യക്തമാക്കി. നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കനേഡിയന്‍ പോലീസിന്റെ പുതിയ നീക്കം. 

കഴിഞ്ഞ ദിവസം ഇന്ത്യയിലെ കനേഡിയന്‍ പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിരുന്നു. ഇതിനുപുറമെ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ഇന്ത്യയും തീരുമാനെടുത്തിരുന്നു. 

കാനഡയിലുള്ള ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘവുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മൈക്ക് ദുഹോം ആരോപിച്ചിരുന്നു. അതേസമയം, നിജ്ജര്‍ കൊലപാതകത്തേയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരേയും ബന്ധപ്പെടുത്തുന്ന തെളിവുകള്‍ പുറത്തുവിടാന്‍ കാനഡയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. 

നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിയിലേക്ക് നയിച്ചത്. ഈ ആരോപണങ്ങള്‍ തള്ളുന്ന നിലപാടുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് കനേഡിയന്‍ പ്രധാനമന്ത്രി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. വിഘനവാദികളുമായി നേരിട്ട് ബന്ധമുള്ള വ്യക്തി ട്രൂഡോ മന്ത്രിസഭയില്‍ അംഗമാണെന്നും 2018-ല്‍ ട്രൂഡോ ഇന്ത്യ സന്ദര്‍ശിച്ചത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു. 

പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച ഖലിസ്ഥാന്‍ ഭീകരനാണ് ഹര്‍ദീപ് സിങ് നിജ്ജര്‍. നിജ്ജാറിന്റെ തലയ്ക്ക് ഇന്ത്യ 10 ലക്ഷം രൂപ വിലയിട്ടിരുന്നു. 2023 ജൂണ്‍ 18-നാണ് കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സുറേയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് നിജ്ജര്‍ കൊല്ലപ്പെടുന്നത്.

Content Highlights: canada police make this request to sikhs amid diplomatic rift with India