വീണ്ടും തമ്മിലടിച്ച് കംബോഡിയയും തായ്‌ലാന്‍ഡും, സംഘര്‍ഷം യുദ്ധത്തിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്

പരിക്കേറ്റ തായ്‌ലൻഡ് സൈനികനെ ആശുപത്രിയിലേക്ക് മാറ്റുന്നു |Royal Thai Army via AP
പരിക്കേറ്റ തായ്‌ലൻഡ് സൈനികനെ ആശുപത്രിയിലേക്ക് മാറ്റുന്നു |Royal Thai Army via AP

ബാങ്കോക്ക്: ഇടക്കാലത്തെ ശാന്തതയ്ക്ക് ശേഷം കംബോഡിയ- തായ്‌ലാന്‍ഡ് അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമാകുന്നു. കംബോഡിയയുടെ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും നിരവധി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ കംബോഡിയന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ തായ്‌ലാന്‍ഡ് വ്യോമാക്രമണം നടത്തി. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചുവെന്നാരോപിച്ചാണ് ഇരുരാജ്യങ്ങളും ആക്രമണം നടത്തിയത്.

ഉബോന്‍ റാച്ചത്താനി പ്രവിശ്യയില്‍ കംബോഡിയന്‍ സൈന്യം തായ് സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തിയതോടെയാണ് തിങ്കളാഴ്ച രാവിലെ ഇരുരാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം വീണ്ടും ആരംഭിച്ചതെന്നാണ് തായ്‌ലാന്‍ഡ് ആരോപിച്ചു. എന്നാല്‍ തായ്ലന്‍ഡിന്റെ വാദങ്ങള്‍ കംബോഡിയ തള്ളി. പ്രീഹ് വിഹാര്‍, ഓഡാര്‍ മീന്‍ചെ എന്നിവടങ്ങളിലെ അതിര്‍ത്തി പ്രവിശ്യകളില്‍ തായ് സൈന്യമാണ് ആദ്യം ആക്രമണം നടത്തിയതെന്നും കംബോഡിയ ആരോപിച്ചു.

കംബോഡിയയില്‍ വ്യോമാക്രമണം നടത്തിയെന്ന് തായ്‌ലാന്‍ഡ് സ്ഥിരീകരിച്ചു. തായ് ലാൻഡിന്റെ ദേശീയ സുരക്ഷയ്ക്കും അതിര്‍ത്തിയിലെ സാധാരണക്കാരുടെ സുരക്ഷയ്ക്കും ഭീഷണി ഉയര്‍ന്നതോടെയാണ് ആക്രമണം നടത്തിയതെന്ന് റോയല്‍ തായ് എയര്‍ഫോഴ്‌സ് വക്താവ് എയര്‍ മാര്‍ഷല്‍ ജാക്രിറ്റ് തമ്മാവിച്ചായി പറഞ്ഞു. അതിര്‍ത്തിയില്‍ കംബോഡിയ വന്‍തോതില്‍ ആയുധവിന്യാസം നടത്തുകയും സൈനികരെ വിന്യസിക്കുകയും ചെയ്തിരുന്നതായി തായ്‌ലാന്‍ഡ് പറയുന്നു. വന്‍തോതിലുള്ള ആക്രമണത്തിനാണ് കംബോഡിയ തയ്യാറെടുത്തിരുന്നതെന്നും അവര്‍ ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ കര്‍ശനമായി പാലിച്ചാണ് കംബോഡിയയിലേക്ക് ആക്രമണം നടത്തിയതെന്നും എയര്‍ മാര്‍ഷല്‍ അവകാശപ്പെട്ടു. കംബോഡിയയുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍, ലോജിസ്റ്റിക്‌സ് റൂട്ടുകള്‍ എന്നിവയുള്‍പ്പെടെ സൈനിക അടിസ്ഥാന സൗകര്യങ്ങളില്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

തായ്-കംബോഡിയ അതിര്‍ത്തിയിലെ ഏറ്റവും ഗുരുതരമായ സംഘര്‍ഷങ്ങളിലൊന്നാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്. നയതന്ത്ര തലത്തില്‍ ഇടപെടലുണ്ടായില്ലെങ്കില്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിതെളിക്കുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: Tensions flare at the Cambodia-Thailand border as both nations engage in military actions. Cambodia reports casualties after Thai airstrikes. Learn more about the escalating conflict.