ബോണ്ടി ‘ഹീറോയ്ക്ക്’ സഹായപ്രവാഹം; അമേരിക്കൻ കോടീശ്വരൻ നൽകിയത് അരക്കോടിയിലധികം, ഓൺലൈൻ വഴി 14 കോടി രൂപ

#ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് ബ്രിട്ടീഷ് അഹമ്മദ് അൽ അഹമ്മദിനെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ, അക്രമിയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങുന്ന  അഹമ്മദ് അൽ അഹമ്മദ്| Photo: AFP
പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് ബ്രിട്ടീഷ് അഹമ്മദ് അൽ അഹമ്മദിനെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ, അക്രമിയിൽ നിന്ന് തോക്ക് പിടിച്ചുവാങ്ങുന്ന അഹമ്മദ് അൽ അഹമ്മദ്| Photo: AFP

ബോണ്ടി: ബോണ്ടി ബീച്ചിൽ വെടിവെപ്പുനടത്തി 15 പേരെ വധിച്ചവരിൽ ഒരാളുടെ തോക്കു പിടിച്ചെടുത്ത സിറിയൻ വംശജൻ അഹമ്മദ് അൽ അഹമ്മദിനെ ചേർത്തുപിടിച്ച് ഒാസ്ട്രേലിയക്കാർ.

വെടിയേറ്റു ചികിത്സയിൽക്കഴിയുന്ന അഹമ്മദിനുവേണ്ടി ഒാൺലൈനിലൂടെ 23 ലക്ഷം ഓസ്‌ട്രേലിയൻ ഡോളറാണ് (ഏകദേശം 14 കോടി രൂപ) സംഭാവനയായെത്തിയത്. ചൊവ്വാഴ്ച രാത്രിവരെ 40,000 പേരാണ് സംഭാവന നൽകിയത്. അമേരിക്കൻ കോടീശ്വരൻ വില്യം ആക്മാൻ മാത്രം 99,000 ഓസ്‌ട്രേലിയൻ ഡോളർ (60 ലക്ഷത്തോളം രൂപ) നൽകി.

ഞായറാഴ്ച സുഹൃത്തിനൊപ്പം കാപ്പികുടിക്കാൻ ബീച്ചിലെത്തിയപ്പോഴാണ് അൽ അഹമ്മദ് അക്രമം നേരിട്ടുകണ്ടതും അക്രമികളിൽ ഒരാളെ നേരിട്ടതും. ഇതിനിടെ ഇദ്ദേഹത്തിന്റെ കൈയിൽ രണ്ടു വെടിയേറ്റു. ഒരു ശസ്ത്രക്രിയ പൂർത്താക്കിയെങ്കിലും ഇനിയും വേണ്ടിവരുമെന്നാണ് കരുതുന്നത്.

വിവാഹിതനും രണ്ട് പെൺമക്കളുടെ അച്ഛനുമാണ് 44-കാരനായ അഹമ്മദ്. സിഡ്നിയിൽ പുകയിലക്കച്ചവടമാണ് ജോലി. 2006-ലാണ് ഓസ്‌ട്രേലിയയിലെത്തിയത്. തിന്മ വിളയാടിയ സന്ദർഭത്തിൽ മനുഷ്യത്വത്തിന്റെ പ്രതീകമായി അൽഅഹമ്മദ് തെളിഞ്ഞുനിന്നെന്ന് ചൊവ്വാഴ്ച ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു.

ഹൈദരാബാദിൽനിന്നു കുടിയേറിയ സാജിദ് അക്രവും മകൻ നവീദുമാണ് കൂട്ടക്കൊലനടത്തിയത്. സജിദ് കൊല്ലപ്പെട്ടു. വെടിയേറ്റ് ആശുപത്രിയിൽക്കഴിയുന്ന നവീദിന്റെ പേരിൽ 15 കൊലക്കുറ്റമുൾപ്പെടെ 59 കുറ്റംചുമത്തി.

Content Highlights: Ahmed Al-Ahmadi's Fight Against Evil in the Bondi Attack