പുതിയ ഗംഗാനദീജല കരാർ ഉടൻ വേണം, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ ഭാവി അതിനെ ആശ്രയിച്ചിരിക്കും- ബിഎൻപി

ധാക്ക: ഇന്ത്യയോടുള്ള ബംഗ്ലാദേശിന്റെ ബന്ധത്തിന്റെ ഭാവി പുതിയ ഗംഗാനദീജല കരാറിനെ ആശ്രയിച്ചിരിക്കുമെന്ന് ബംഗ്ലാദേശിലെ ഭരണകക്ഷിയായ ബിഎൻപി. ‘ഇന്ത്യയിലെ സർക്കാരിന് വ്യക്തമായൊരു സന്ദേശം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ്. ബംഗ്ലാദേശിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും യോജിക്കുന്ന വിധത്തിലുള്ള പുതിയ ഗംഗാനദീജല കരാർ, ചർച്ചകളിലൂടെ അടിയന്തരമായി നിലവിൽ കൊണ്ടുവരണം, ബിഎൻപി (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) ജനറൽ സെക്രട്ടറി ജനറൽ മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ പറഞ്ഞു.
ഇപ്പോൾ പ്രാബല്യത്തിലുള്ള, ഇൻഡോ-ബംഗ്ലാദേശ് ഗംഗാനദീജലം പങ്കുവെക്കൽ കരാർ 1996-ലാണ് നിലവിൽവന്നത്. ഈ കരാറിന്റെ കാലാവധി 2026 ഡിസംബറിൽ അവസാനിക്കും.
ഇരുരാജ്യങ്ങളും തമ്മിൽ നീതിപൂർവമായ വിധത്തിൽ ജലം പങ്കുവെക്കുന്നതിനുള്ള പുതിയ കരാർ കാലതാമസമില്ലാതെ നിലവിൽവരണമെന്നാണ് ബംഗ്ലാദേശിന്റെ താൽപര്യമെന്ന് ആലംഗീർ പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധം പുലർത്താനുള്ള അവസരം, ഗംഗാനദീജല കരാർ അല്ലെങ്കിൽ ഫറാക്ക കരാർ ഒപ്പിടുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗ്ലാദേശിന്റെ തദ്ദേശ, ഗ്രാമവികസന, സഹകരണവകുപ്പ് മന്ത്രികൂടിയാണ് ആലംഗീർ.
പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതുവരെ ഇപ്പോഴുള്ള കരാർ നിലനിർത്തണമെന്നും ആലംഗീർ പറഞ്ഞു. നിയതമായ സമയപരിധിക്കുള്ളിൽ നിൽക്കുന്നതാകരുത് ഭാവിയിൽ ഇരുരാജ്യങ്ങളും തമ്മിൽ ഏർപ്പെടുന്ന നദീജല പങ്കുവെക്കൽ കരാറുകളെന്നും അദ്ദേഹം കൂട്ടിച്ചേത്തു. ബംഗ്ലാദേശിന്റെ വടക്കുപടിഞ്ഞാറുള്ള ഛപ്പായി നവാബ്ഗഞ്ച് ജില്ലയിലൂടെയാണ് ഇന്ത്യയിൽനിന്ന് ഗംഗാനദി പ്രവേശിക്കുന്നത്. ബംഗ്ലാദേശിൽ പത്മ എന്നാണ് ഗംഗ അറിയപ്പെടുന്നത്.
Content Highlights: BNP demands a new Ganges water-sharing treaty before the current one expires in December 2026., Mirza Fakhrul Islam Alamgir emphasizes that future bilateral relations depend on fair water distribution., The party seeks a permanent, long-term solution rather than time-bound agreements., The Ganges is known as the Padma in Bangladesh, which is critical for the country's water security.