ആറുപേരും പറന്നിറങ്ങി, ചരിത്രത്തിലേക്ക്; വനിതകൾ മാത്രമടങ്ങുന്ന ബഹിരാകാശ ദൗത്യം, വിജയകരമായി ഭൂമിതൊട്ടു

ടെക്സസ്: ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് 31 വിജയകരമായി വിക്ഷേപിച്ചു. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള എയ്റോസ്പേസ് കമ്പനിയാണ് ബ്ലൂ ഒറിജിൻ. സ്ത്രീകൾ മാത്രം പങ്കാളികളാകുന്ന ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. പോപ്പ് ഗായിക കാറ്റി പെറിയും ദൗത്യത്തിൽ ഉൾപ്പെട്ടിരുന്നു. കർമാൻ രേഖയിലൂടെ സഞ്ചരിച്ച് ക്രൂ കാപ്സ്യൂൾ ഭൂമിയിൽ തിരിച്ചെത്തിയതായി സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പത്ത് മിനിറ്റോളം നീണ്ടുനിൽക്കുന്നതായിരുന്നു ദൗത്യം.
ടെക്സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു പേടകം വിക്ഷേപിച്ചത്. ഭൂമിയിൽനിന്ന് നൂറുകിലോമീറ്റർ അകലെയുള്ള സബ് ഓർബിറ്റൽ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്.
ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത്. കാറ്റി പെറി കൂടാതെ സി.ബി.എസ് അവതാരക ഗെയില്‍ കിങ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ എന്ഗുയിന്, ചലച്ചിത്ര നിര്‍മാതാവ് കെരിയാന ഫ്ളിന്‍, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവെ എന്നിവരും ദൗത്യത്തില്‍ പങ്കാളികളാണ്. ജെഫ് ബെസോസിന്റെ പ്രതിശ്രുതവധുവായ ലോറന് സാഞ്ചെസാണ് സംഘത്തെ നയിച്ചത്.
വാലന്റീന ടെര്‍ഷ്കോവയുടെ 1963-ലെ ബഹിരാകാശ ദൗത്യത്തിന് ശേഷം സ്ത്രീകള്‍ മാത്രം പങ്കാളികളാകുന്ന ബഹിരാകാശ ദൗത്യം ഇതാദ്യമാണ്. തന്റെ യാത്ര മറ്റുള്ളവര്‍ക്കും തന്റെ മകള്‍ക്കും പ്രചോദനമാകട്ടെ എന്ന് കാറ്റി പെറി പ്രതികരിച്ചു.
പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല തന്റെ ബഹിരാകാശ യാത്രയെന്ന് ലോറൻ സാഞ്ചെസ് പറഞ്ഞു. വളരെ നിശ്ശബ്ദമായാണ് ഭൂമി കാണപ്പെട്ടത്, എന്നാൽ ഏറെ സജീവമായതും. ഈ യാത്ര എത്രത്തോളം എന്നെ മാറ്റിമറിക്കുമെന്ന് എനിക്ക് പറയാൻ സാധിക്കില്ല. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് ലോറന് സാഞ്ചെസ് പറഞ്ഞു.
ഈ യാത്ര യാഥാർത്ഥ്യമാക്കിയ എഞ്ചിനിയർമാർ, ശാസ്ത്രജ്ഞന്മാരടക്കമുള്ള ആയിരക്കണക്കിന് ആളുകളോട് കടപ്പെട്ടിരിക്കുന്നുവെന്ന് അമാന്‍ഡ എന്ഗുയിന് പറഞ്ഞു.
Content Highlights: blue origin completes space trip featuring all female crew