US-ൽ വീണ്ടുമൊരു ജോർജ് ഫ്‌ളോയ്ഡ്; പോലീസ് പിടികൂടിയ കറുത്തവർഗക്കാരൻ ശ്വാസം കിട്ടാതെ മരിച്ചു | VIDEO

വാഷിങ്ടണ്‍: പോലീസ് പിടികൂടിയ കറുത്തവര്‍ഗക്കാരന്‍ മരിച്ചു. യു.എസ്സിലെ ഒഹായോ സംസ്ഥാനത്താണ് സംഭവം. ഫ്രാങ്ക് ടൈസണ്‍ എന്ന 53-കാരനാണ് മരിച്ചത്. യു.എസ്സിലെ മിനസോട്ട സംസ്ഥാനത്ത് 2020-ലുണ്ടായ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായ സംഭവമാണ് ഒഹായോയിലും ഉണ്ടായത്.
പോലീസ് കീഴടക്കിയ ശേഷം ഫ്രാങ്ക് ടൈസണ്‍ 'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല' എന്ന് പലതവണ പറയുന്നതിന്റെ ദൃശ്യം പുറത്തുവന്നു. പോലീസിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മരണത്തിന് മുമ്പ് ജോര്‍ജ് ഫ്‌ളോയിഡും തനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞിരുന്നു.
ഒഹായോയിലെ കാന്റോണ്‍ പോലീസാണ് ഫ്രാങ്ക് ടൈസണെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 18-നുണ്ടായ ഒരു കാറപകടവുമായി ബന്ധപ്പെട്ടാണ് പോലീസ് ടൈസണെ പിടികൂടിയത്. ബാറില്‍ വെച്ചാണ് പോലീസ് ടൈസണെ പിടികൂടിയത്. ബലം പ്രയോഗിച്ച് നിലത്തുവീഴ്ത്തിയ ശേഷം പോലീസ് ടൈസനെ വിലങ്ങുവെയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു.
ഇതെല്ലാം ഇപ്പോള്‍ പുറത്തുവന്ന 36 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമായി കാണാം. പോലീസ് തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് ടൈസണ്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. ജോര്‍ജ് ഫ്‌ളോയിഡിന് സംഭവിച്ചതിന് സമാനമായി ഒരു പോലീസുകാരന്‍ ടൈസന്റെ കഴുത്തിൽ മുട്ടുകാല്‍ കൊണ്ട് അമര്‍ത്തിയിരുന്നു. 30 സെക്കന്‍ഡോളം സമയം പോലീസുകാരന്‍ ഇത്തരത്തില്‍ മുട്ടുകാല്‍ അമര്‍ത്തിയിരുന്നു. ഈ സമയത്താണ് തനിക്ക് ശ്വാസം കിട്ടുന്നില്ലെന്നും കഴുത്തില്‍ നിന്ന് കാലെടുത്ത് മാറ്റണമെന്നും ടൈസണ്‍ പറയുന്നത്.
ഇതിന് ശേഷം ഫ്രാങ്ക് ടൈസണ്‍ ബോധരഹിതനായി. ആറുമിനുറ്റോളം സമയം ടൈസണ്‍ നിലത്തുകിടക്കുകയായിരുന്നു. ഇതിനിടെ ടൈസണ് ശ്വാസമുണ്ടോ, പള്‍സ് ഉണ്ടോ എന്നെല്ലാം പോലീസുകാര്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. എട്ട് മിനുറ്റിന് ശേഷം മാത്രമാണ് പോലീസ് വിലങ്ങ് അഴിച്ചതും സി.പി.ആര്‍. ഉള്‍പ്പെടെയുള്ള പ്രാഥമികശുശ്രൂഷകള്‍ നല്‍കിയതും.
തുടര്‍ന്ന് ഉടന്‍ തന്നെ ഫ്രാങ്ക് ടൈസണെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ ഒഹായോ ബ്യൂറോ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: 'I can't breathe': Black man in Ohio tells police before he died, video shows