യുവതികൾക്കൊപ്പം നീന്തിത്തുടിക്കുന്ന ബിൽ ക്ലിന്റൺ; എപ്സ്റ്റീൻ ഫയൽസിൻ്റെ ആദ്യഘട്ടം പുറത്ത്

#ന്യൂസ് ഡെസ്ക്
Photo Courtesy: x.com/CollinRugg
Photo Courtesy: x.com/CollinRugg

വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും കോടീശ്വരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടുള്ള 'എപ്സ്റ്റീൻ ഫയൽസ്' പുറത്തുവിട്ടുതുടങ്ങി. യുഎസിലെ നീതിന്യായ വകുപ്പാണ് എപ്സ്റ്റീൻ കേസിലെ ആദ്യഘട്ട രേഖകൾ വെള്ളിയാഴ്ച പുറത്തുവിട്ടത്. ആയിരക്കണക്കിന് രേഖകളിൽ മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ഒട്ടേറെ ചിത്രങ്ങളും ക്ലിന്റനെക്കുറിച്ച് നിരവധി പരാമർശങ്ങളുമുണ്ട്. അതേസമയം, വെള്ളിയാഴ്ച പുറത്തുവിട്ട രേഖകളിൽ നിലവിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ച് കാര്യമായ പരാമർശങ്ങളില്ലെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു.

എപ്സ്റ്റീന്റെ സ്വകാര്യദ്വീപിലെ വസതിയിൽനിന്നുള്ള ബിൽ ക്ലിന്റണിന്റെ വിവിധ ചിത്രങ്ങളാണ് വെള്ളിയാഴ്ച പുറത്തുവിട്ട രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് റിപ്പോർട്ട്. യുവതികൾക്കൊപ്പം നീന്തൽക്കുളത്തിൽ നീന്തിത്തുടിക്കുന്ന ക്ലിന്റണിന്റെ ചിത്രങ്ങളടക്കം ഇതിൽ ഉൾപ്പെടുന്നു.

ഹോട്ട് ടബ്ബിൽ ക്ലിന്റൺ ചാരികിടക്കുന്നതാണ് പുറത്തുവന്ന ചിത്രങ്ങളിലൊന്ന്. ഈ ചിത്രത്തിൽ ഹോട്ട് ടബ്ബിൽ മറ്റൊരു സ്ത്രീയുണ്ടെങ്കിലും ഇവരുടെ മുഖം മറച്ചിട്ടുണ്ട്. നീന്തൽക്കുളത്തിൽ യുവതികൾക്കൊപ്പം ക്ലിന്റൺ നീന്തിത്തുടിക്കുന്നതാണ് മറ്റൊരു ചിത്രം. ഈ ചിത്രത്തിൽ ഒരു യുവതിയുടെ മുഖം മറച്ചിട്ടുണ്ട്. എന്നാൽ, ക്ലിന്റണിനൊപ്പമുള്ള രണ്ടാമത്തെ യുവതി എപ്സ്റ്റീന്റെ കാമുകിയും കൂട്ടുപ്രതിയുമായ മാക്‌സ്‌വെല്ലാണെന്നാണ് കരുതുന്നത്. പോപ് ഗായകൻ മൈക്കിൾ ജാക്‌സണും ഗായിക ഡയാന റോസിനും ഒപ്പം ബിൽ ക്ലിന്റൺനിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുന്നതിൽ ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള യുഎസ് നീതിന്യായ വകുപ്പിനാണ് പൂർണനിയന്ത്രണം. അതിനാൽ ഏതൊക്കെ രേഖകൾ പുറത്തുവിടുമെന്ന് ഇതുവരെ വ്യക്തമല്ല. പുറത്തുവിടേണ്ട രേഖകൾ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങളും വ്യക്തമാക്കിയിട്ടില്ല.

എപ്സ്റ്റീൻ ഫയൽസിൽ ഇതുവരെ പുറത്തുവരാത്ത ചിത്രങ്ങളും വിവരങ്ങളുമാണ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ ഡെമക്രാറ്റിക് അംഗങ്ങൾ എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട വിവിധ രേഖകളും ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.

ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട 'എപ്സ്റ്റീൻ ഫയലുകൾ' പുറത്തുവിടാനായി യുഎസ് കോൺഗ്രസ് നിശ്ചയിച്ച സമയപരിധി ഡിസംബർ 19 ആയിരുന്നു. ഈ സാഹചര്യത്തിലാണ് എപ്സ്റ്റീൻ കേസിലെ രേഖകൾ പുറത്തുവന്ന് തുടങ്ങിയിട്ടുള്ളത്.

എപ്സ്റ്റീൻ നിരവധി പെൺകുട്ടികളെ സ്വകാര്യദ്വീപിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികചൂഷണം നടത്തിയെന്നാണ് കേസ്. ഒട്ടേറെ പ്രമുഖരും എപ്സ്റ്റീന്റെ ലൈംഗികവൈകൃതങ്ങൾനിറഞ്ഞ കുപ്രസിദ്ധമായ ദ്വീപിലേക്ക് യാത്രചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന ബില്ലിൽ നവംബർ 20-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ഇതോടെ 30 ദിവസത്തിനുള്ളിൽ ഫയലുകൾ പുറത്തുവിടുമെന്നായിരുന്നു റിപ്പോർട്ട്. അതേസമയം, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഫെഡറൽ അന്വേഷണങ്ങളെ ബാധിക്കുന്ന വിവരങ്ങൾ പുറത്തുവിടാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു. എപ്സ്റ്റീൻഫയലുകൾ പുറത്തുവിടാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ബിൽ സെനറ്റ് നേരത്തേ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. തുടർന്ന് ഇത് ഓവൽ ഓഫീസിലേക്ക് അയച്ചു. ഇതിനു പിന്നാലെയാണ് ബിൽ ഒപ്പിട്ടതായി ട്രംപ് അറിയിച്ചത്.

അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായിരുന്നു ജെഫ്രി എപ്സ്റ്റീൻ. പെൺസുഹൃത്തിനൊപ്പം ചേർന്ന് നിരവധി പെൺകുട്ടികളെ തന്റെ സ്വകാര്യദ്വീപിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്‌തെന്നായിരുന്നു എപ്സ്റ്റീനെതിരായ കേസ്. ഹോളിവുഡ് നടനും ഓസ്‌കാർ ജേതാവുമായ ലിയൊനാർഡോ ഡി കാപ്രിയോ, ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ്, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ദീർഘകാലം അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഡഗ് ബാൻഡ്, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ തുടങ്ങിയവരുടെ പേരുകൾ എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകളിലുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പല പ്രമുഖരും പെൺകുട്ടികളെ ദുരുപയോഗംചെയ്‌തെന്നാണ് പറയപ്പെടുന്നത്.

നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീൻ 2006-ലാണ് അറസ്റ്റിലായത്. 2008-ൽ ഒരുകേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ ഉൾപ്പെട്ട എപ്സ്റ്റീന്റെ പെൺസുഹൃത്തായ മാക്സ് വെല്ലിനെ കോടതി 20 വർഷം തടവിനും ശിക്ഷിച്ചിരുന്നു.

Content Highlights: First phase of Epstein Files released, revealing photos of Bill Clinton with young women. US in shock. Get the latest updates on this unfolding scandal.