'ട്രംപിന് എപ്സ്റ്റീനൊപ്പം മികച്ച നിമിഷങ്ങളുണ്ടായി'; വിമാനത്തിൽ മസാജ്,അസ്വാഭാവികതയില്ലെന്നും ക്ലിന്റൺ

വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി 'ചില മികച്ച നിമിഷങ്ങൾ' ഉണ്ടായിരുന്നതായി ഡൊണാൾഡ് ട്രംപ് പറഞ്ഞിട്ടുണ്ടെന്ന് ബിൽ ക്ലിന്റണിന്റെ വെളിപ്പെടുത്തൽ. യുഎസ് പ്രതിനിധിസഭയിലെ മേൽനോട്ട സമിതിക്ക് നൽകിയ വീഡിയോടേപ്പ് മൊഴിയിലാണ് മുൻ യുഎസ് പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എപ്സ്റ്റീനുമായുള്ള ബന്ധം വഷളാകുന്നതിന് മുൻപാണ് 'ചില മികച്ച നിമിഷങ്ങൾ' ഉണ്ടായിട്ടുളളതെന്നാണ് ട്രംപ് പറഞ്ഞതെന്നും ബിൽ ക്ലിന്റൺ വിശദീകരിച്ചു.
2002-ലോ 2003-ലോ ഒരു ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപ് എപ്സ്റ്റീനെക്കുറിച്ച് പറഞ്ഞിരുന്നത്. ഈ സമയം താൻ പ്രസിഡന്റ് പദം ഒഴിഞ്ഞിരുന്നു. താൻ എപ്സ്റ്റീന്റെ വിമാനത്തിൽ യാത്രചെയ്ത വിവരം ട്രംപ് എങ്ങനെയോ അറിഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് എപ്സ്റ്റീനൊപ്പം വർഷങ്ങളോളം നല്ലസമയം ഉണ്ടായിരുന്നതായി ട്രംപും പറഞ്ഞത്. എന്നാൽ, ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ പേരിൽ ബന്ധം വഷളായെന്നാണ് ട്രംപ് പറഞ്ഞതെന്നും ക്ലിന്റൺ വീഡിയോയിൽ വ്യക്തമാക്കി. അതേസമയം, ഇതുകൊണ്ടൊന്നും ട്രംപ് എപ്സ്റ്റീനൊപ്പം ഏതെങ്കിലും അനുചിതമായ പ്രവൃത്തികളിൽ ഏർപ്പെട്ടതായി വിശ്വസിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും ക്ലിന്റൺ കൂട്ടിച്ചേർത്തു.
ട്രംപിന്റെ 'മാർ-എ-ലാഗോ' ക്ലബ്ബിൽ ജോലിചെയ്തിരുന്ന യുവതികളെ എപ്സ്റ്റീൻ ജോലിക്കെടുത്തതാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായതെന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, ക്ലിന്റൺ നൽകിയ മൊഴിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടിലെ തർക്കമാണ് ബന്ധം വഷളാകുന്നതിലേക്ക് നയിച്ചതെന്നും പറയുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികവൃത്തിക്ക് ഉപയോഗിച്ചെന്ന കേസിൽ എപ്സ്റ്റീൻ പിടിക്കപ്പെടുന്നതിന് മുൻപ് ബിൽ ക്ലിന്റണും ഡൊണാൾഡ് ട്രംപും എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായാണ് റിപ്പോർട്ട്. അതേസമയം, എപ്സ്റ്റീന്റെ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്നാണ് ഇരുവരും ആവർത്തിച്ച് പറയുന്നത്.
എപ്സ്റ്റീനുമായി ബന്ധം പുലർത്തിയതിൽ ഖേദമുണ്ടെന്ന് ആവർത്തിച്ച ബിൽ ക്ലിന്റൺ, തന്റെ മുൻ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്‌സാണ് എപ്സ്റ്റീനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും പറഞ്ഞിരുന്നു. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് എപ്സ്റ്റീൻ സഹായം വാഗ്ദാനംചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് എപ്സ്റ്റീന്റെ വിമാനത്തിൽ യാത്രചെയ്തത്. എപ്സ്റ്റീനോ അയാളുടെ കൂട്ടാളി മാക്‌സ്‌വെല്ലോ പരിചയപ്പെടുത്തിയ ഒരാളുമായും ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ല. ഒരിക്കൽ എപ്സ്റ്റീന്റെ വിമാനത്തിലെ ജീവനക്കാരിയെക്കൊണ്ട് കഴുത്തിൽ മസാജ് ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നാൽ, ആ ജീവനക്കാരി എപ്സ്റ്റീന്റെ ചൂഷണത്തിനിരയായ ആളാണെന്ന് അറിഞ്ഞിരുന്നില്ല. മാത്രമല്ല, മസാജ് ചെയ്യുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. ധനികരായവർ ക്ഷണിച്ചിട്ട് എത്രയോ വിമാനങ്ങളിൽ താൻ യാത്രചെയ്തിട്ടുണ്ട്. അവിടെയെല്ലാം മസാജും വാഗ്ദാനംചെയ്യാറുണ്ട്. ഇവരുടെ ബോട്ടുകളിലും ഇത് പതിവാണ്. എന്നാൽ, സാധാരണയായി താൻ മസാജ് ചെയ്യാറില്ലെന്നും ബിൽ ക്ലിന്റൺ പറഞ്ഞിരുന്നു. താൻ പ്രസിഡന്റായിരിക്കെ എപ്സ്റ്റീൻ 17 തവണ വൈറ്റ്ഹൗസ് സന്ദർശിച്ചുവെന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ബിൽ ക്ലിന്റൺ പറഞ്ഞു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണിൽനിന്നും റിപ്പബ്ലിക്കൻ അംഗങ്ങളുടെ നേതൃത്വത്തിലുള്ള സമിതി മൊഴിയെടുത്തിരുന്നു. എപ്സ്റ്റീന്റെ കണ്ടതായി താൻ ഓർക്കുന്നില്ലെന്നായിരുന്നു ഹിലരി ക്ലിന്റണിന്റെ മൊഴി.
നേരത്തേ എപ്സ്റ്റീൻ ഫയൽസിന്റെ ഭാഗമായി പുറത്തുവന്ന രേഖകളിൽ ബിൽ ക്ലിന്റണിനെക്കുറിച്ച് പല തവണ പരാമർശമുണ്ടായിരുന്നു. മാത്രമല്ല, ചില യുവതികൾക്കൊപ്പമുള്ള ബിൽ ക്ലിന്റണിന്റെ ചിത്രങ്ങളും എപ്സ്റ്റീൻ ഫയൽസിലൂടെ പുറത്തുവന്നിരുന്നു.
അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായിരുന്നു ജെഫ്രി എപ്സ്റ്റീൻ. പെൺസുഹൃത്തിനൊപ്പം ചേർന്ന് നിരവധി പെൺകുട്ടികളെ തന്റെ സ്വകാര്യദ്വീപിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്‌തെന്നായിരുന്നു എപ്സ്റ്റീനെതിരായ കേസ്. ഹോളിവുഡ് നടനും ഓസ്‌കാർ ജേതാവുമായ ലിയൊനാർഡോ ഡി കാപ്രിയോ, ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ്, മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ദീർഘകാലം അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഡഗ് ബാൻഡ്, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ തുടങ്ങിയവരുടെ പേരുകൾ എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകളിലുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പല പ്രമുഖരും പെൺകുട്ടികളെ ദുരുപയോഗംചെയ്‌തെന്നാണ് പറയപ്പെടുന്നത്.
നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീൻ 2006-ലാണ് ആദ്യം അറസ്റ്റിലായത്. 2008-ൽ ഒരു കേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 13 മാസത്തോളം ഇയാൾ തടവിൽ കഴിഞ്ഞു. പിന്നീട് 2019 ജൂലായിൽ എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. തുടർന്ന് ലൈംഗിക കുറ്റകൃത്യങ്ങളിൽ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ ഉൾപ്പെട്ട എപ്സ്റ്റീന്റെ പെൺസുഹൃത്തായ മാക്സ്വെല്ലിനെ കോടതി 20 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
Content Highlights: Bill Clinton's videotaped deposition reveals Donald Trump's past comments on Jeffrey Epstein., Trump allegedly told Clinton he had 'some great moments' with Epstein., The fallout between Trump and Epstein was reportedly due to a real estate dispute, according to Clinton., Clinton's account potentially contradicts Trump's previous statements on the matter.