സിന്ധു നദീജല തർക്കം: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്താൻ

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സിന്ധു നദീജല കരാർ തർക്കത്തിൽ ആണവായുധ ഭീഷണി മുഴക്കി പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. പാകിസ്താന്റെ ജലാവകാശത്തെ ഹനിക്കുന്ന ഏതൊരു നീക്കത്തിനും ശക്തമായ ദേശീയ പ്രതികരണം ഉണ്ടാകുമെന്ന് ഭൂട്ടോ ഭീഷണി മുഴക്കി. ജലതർക്കം കേവലം ഒരു പരിസ്ഥിതി പ്രശ്നമല്ലെന്നും രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമാണെന്നും ഭൂട്ടോ പറഞ്ഞു.
ചൊവ്വാഴ്ച നടന്ന അന്താരാഷ്ട്ര സെമിനാറിലാണ് ബിലാവൽ ഭൂട്ടോ ഇന്ത്യക്കെതിരെ കടുത്ത ഭാഷയിൽ സംസാരിച്ചത്. ജലതർക്കത്തെ വെറുമൊരു നയതന്ത്ര നാടകമായി കാണാനാവില്ലെന്ന് ഭൂട്ടോ പറഞ്ഞു. ‘പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയെയും ജലപാതകളെയും ബാധിക്കുന്ന ഭീഷണികളെ രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന സാഹചര്യങ്ങളായാണ് പാകിസ്താൻ കണക്കാക്കുന്നത്.
പാകിസ്താന്റെ ആണവായുധ നയത്തിൽ ജലത്തിന് വലിയ സ്ഥാനമുണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കാനോ ജലപാതകൾ തടയാനോ ഉള്ള ശ്രമങ്ങൾ നടക്കുകയാണെങ്കിൽ, അത് ആണവായുധം പ്രയോഗിക്കാൻ പ്രേരണ നൽകുന്ന അപൂർവ്വ സാഹചര്യങ്ങളിൽ ഒന്നാണ്. സിന്ധു നദിയിലെ ജലം തടയുന്നത് രാജ്യത്തിന്റെ അതിജീവനത്തെ തന്നെ അപകടത്തിലാക്കും. ഇത്തരമൊരു നീക്കം പാകിസ്താന് നേരെയുള്ള അസ്തിത്വപരമായ ആക്രമണമായി കണക്കാക്കും.’ ഇത് വെറുമൊരു പരിസ്ഥിതി പ്രശ്നമായി കൈകാര്യം ചെയ്യുന്നതിന് പകരം, സൈനികപരമായ പ്രതികരണം ഉൾപ്പെടെയുള്ള വിപുലമായ നടപടികളിലൂടെ നേരിടുമെന്നും ഭൂട്ടോ ഭീഷണി മുഴക്കി.
ജലത്തെ ഇന്ത്യ ഒരു സമ്മർദ്ദ തന്ത്രമായി ഉപയോഗിക്കുകയാണെന്ന് ഭൂട്ടോ സെമിനാറിൽ കുറ്റപ്പെടുത്തി. സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാൻ തുടങ്ങി പാകിസ്താന്റെ ഒരു ഭാഗവും ജലാവകാശം വിട്ടുനൽകില്ല. സിന്ധു നദി പാകിസ്താന്റെ ജീവനാഡിയാണ്. അതൊരിക്കലും ഇന്ത്യയുടെ കൈയ്യിലെ ഒരു ആയുധമാകരുത്. ഇതൊരു വിലപേശൽ ഉപാധിയല്ലെന്ന് പറഞ്ഞ ഭൂട്ടോ, സിന്ധു നദിയെ പാകിസ്താനെതിരെയുള്ള ഒരു കുടുക്കായി മാറ്റാൻ ശ്രമിക്കുന്നത് രാജ്യത്തിന്റെ നിലനിൽപ്പിന് നേരെയുള്ള ഭീഷണിയായി കണക്കാക്കുമെന്നും പറഞ്ഞു.
പാകിസ്താന്റെ ആണവ സിദ്ധാന്തം ഫുൾ സ്പെക്ട്രം ഡിറ്ററൻസ് എന്ന രീതിയിലാണ് വികസിച്ചിരിക്കുന്നത്. ചെറിയ സംഘർഷങ്ങൾ മുതൽ വൻകിട യുദ്ധങ്ങൾ വരെ തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യയെപ്പോലെ ആദ്യം ആണവായുധം പ്രയോഗിക്കില്ല എന്ന നയം പാകിസ്താനില്ല. രാജ്യത്തിന്റെ നിലനിൽപ്പിന് വലിയ ഭീഷണിയുണ്ടെന്ന് തോന്നിയാൽ ആദ്യം തന്നെ ആണവായുധം പ്രയോഗിക്കാനുള്ള അധികാരം പാകിസ്താൻ നിലനിർത്തുന്നുണ്ട്.
1960-ലാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പിട്ടത്. എന്നാൽ കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ഈ കരാർ മരവിപ്പിക്കാൻ തീരുമാനിച്ചു. ഈ നീക്കം പാകിസ്താനിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. പാകിസ്താനിലെ കൃഷിഭൂമിയുടെ 80 ശതമാനവും സിന്ധു നദീതടത്തെയാണ് ആശ്രയിക്കുന്നത് എന്നതിനാൽ ജലലഭ്യത കുറയുന്നത് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും.
Content Highlights: PPP Chairman Bilawal Bhutto-Zardari warns of a national response, including nuclear options, over India's suspension of the Indus Waters Treaty.