ക്യാൻസർ ബാധിച്ചിരുന്നു, ചികിത്സിച്ച് ഭേദമാക്കിയെന്ന് നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. തനിക്ക് ക്യാൻസർ ബാധിച്ചിരുന്നുവെന്നും ചികിത്സിച്ച് ഭേദപ്പെടുത്തിയതായും നെതന്യാഹുവും വെളിപ്പെടുത്തി. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് മെഡിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
യുദ്ധത്തിന്റെ പാരമ്യത്തിൽ ഇത് പുറത്തുവരാതിരിക്കാൻ താൻ ആഭ്യർത്ഥിച്ചിരുന്നുവെന്നും നെതന്യാഹു എക്‌സിലൂടെ വെളിപ്പെടുത്തി. 'യുദ്ധത്തിന്റെ മൂർധന്യാവസ്ഥയിൽ ഇത് പുറത്തുവരാതിരിക്കാൻ, ഇസ്രായേലിനെതിരെ ഇറാനിയൻ ഭീകര ഭരണകൂടത്തിന് കൂടുതൽ തെറ്റായ പ്രചാരണങ്ങൾ നടത്താൻ അവസരം നൽകാതിരിക്കാൻ, ഞാൻ അതിന്റെ പ്രസിദ്ധീകരണം രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കാൻ അഭ്യർത്ഥിച്ചു' നെതന്യാഹു എക്‌സിൽ കുറിച്ചു.
ദൈവത്തെ സ്തുതിച്ച നെതന്യാഹു താൻ പൂർണ്ണ ആരോഗ്യവാനാണെന്നും മികച്ച ശാരീരിക അവസ്ഥയിലാണെന്നും മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'പ്രോസ്റ്റേറ്റ് സംബന്ധമായ ഒരു ചെറിയ ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നു, അത് പൂർണ്ണമായും ചികിത്സിച്ചു. ദൈവത്തിനു നന്ദി, അത് ഇപ്പോൾ കഴിഞ്ഞു' നെതന്യാഹു അറിയിച്ചു.
'76 വയസ്സുള്ള നെതന്യാഹുവിന് 2024 ഡിസംബർ 29ന് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ ചികിത്സിക്കുന്നതിനായി ആദ്യ ശസ്ത്രക്രിയ നടത്തി' അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഹദാസ മെഡിക്കൽ സെന്ററിലെ നടപടിക്രമം വിജയകരവും സങ്കീർണ്ണതകളില്ലാത്തതുമായിരുന്നു എന്നും അതിൽ വിവരിക്കുന്നുണ്ട്.
ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷം താൻ പതിവായ മെഡിക്കൽ നിരീക്ഷണത്തിലായിരുന്നു. അവസാന നിരീക്ഷണത്തിൽ, പ്രോസ്റ്റേറ്റിൽ ഒരു സെന്റിമീറ്ററിൽ താഴെ വലുപ്പമുള്ള വളരെ ചെറിയ ഒരു പാട് കണ്ടെത്തുകയുണ്ടായെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
'പതിവ് ഫോളോ-അപ്പ് എംആർഐ സ്‌കാനിൽ പ്രോസ്റ്റേറ്റിൽ ഒരു മില്ലിമീറ്ററിൽ താഴെ മാത്രം വ്യാസമുള്ള വളരെ ചെറിയ സംശയാസ്പദമായ ഒരു മുറിവ് കണ്ടെത്തുകയുണ്ടായി. തുടർന്നുള്ള പ്രാരംഭ ഘട്ടത്തിലുള്ള പ്രോസ്റ്റേറ്റ് കാൻസറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു' എന്നും നെതന്യാഹുവിന്റെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. വ്യാപനമുള്ള അപകടരമായ ഒന്നായിരുന്നില്ല അതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പ്രായത്തിലുള്ള പുരുഷന്മാർക്കിടയിൽ ഇത് വളരെ സാധാരണമാണെന്നും രണ്ട് ഓപ്ഷനുകൾ ഉണ്ടെന്നും ഡോക്ടർമാർ തന്നോട് പറഞ്ഞായും അദ്ദേഹം തുടർന്ന് വിശദീകരിച്ചു, ഒന്നുകിൽ ചികിത്സ എടുക്കാതെ നിരീക്ഷണത്തിൽ തുടരാം. നിങ്ങൾക്ക് ഇതിനോടൊപ്പം ജീവിക്കാൻ കഴിയും, പലരും അങ്ങനെ ചെയ്യുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. അല്ലെങ്കിൽ ചികിത്സ എടുത്ത് പ്രശ്‌നം പരിഹരിക്കുക.
'ഒരു അപകടസാധ്യത സംബന്ധിച്ച് വിവരങ്ങൾ ലഭിക്കുമ്പോൾ, അതിനെ ഉടനടി നേരിടുന്നയാളാണ് ഞാൻ എന്ന് നിങ്ങൾക്ക് ഇതിനോടകം അറിയാം. അത് വ്യക്തിജീവിതത്തിലാണെങ്കിലും രാജ്യത്തിന്റെ കാര്യത്തിലാണെങ്കിലും ഒരുപോലെയാണ്' താൻ ചികിത്സ തിരഞ്ഞെടുക്കാനുള്ള കാരണം ചൂണ്ടിക്കാട്ടി നെതന്യാഹു എക്‌സിൽ കുറിച്ചു.
'ഞാൻ കുറച്ച് ഹ്രസ്വമായ ചികിത്സകൾക്ക് വിധേയനായി, ഒരു പുസ്തകം വായിച്ചു, ജോലി തുടർന്നു. പാട് പൂർണ്ണമായും അപ്രത്യക്ഷമായി. ദൈവത്തിനു നന്ദി, ഇതും ഞാൻ അതിജീവിച്ചു' നെതന്യാഹു കൂട്ടിച്ചേർത്തു. ഡോക്ടർമാർക്കും മെഡിക്കൽ സംഘത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
തുടർന്ന് ആരോഗ്യം സംബന്ധിച്ച് ഇസ്രയേലുകാർക്കും ഉപദേശം നൽകി. 'നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുക. പരിശോധനകൾ നടത്തുക, ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിക്കുക' നെതന്യാഹു കുറിച്ചു.
Content Highlights: Benjamin Netanyahu disclosed a successful treatment for early-stage prostate cancer., The diagnosis followed a routine follow-up MRI after his December 2024 prostate surgery