സൂര്യപ്രകാശം കാണാതെ ജയിലിൽ, വധശിക്ഷ നടപ്പാക്കാന്‍ ഒരുദിവസം ശേഷിക്കേ മോചനം; വിശ്വാസംവരാതെ ബർഹൂം

വിമതർ മോചിപ്പിച്ച സിറിയൻ എഴുത്തുകാരൻ ബാഷർ ബർഹൂം, സെയ്ദ്നയ ജയിലിന് പുറത്തുനിന്നുള്ള കാഴ്ച | ഫോട്ടോ: അറേഞ്ച്ഡ്, എ.പി
വിമതർ മോചിപ്പിച്ച സിറിയൻ എഴുത്തുകാരൻ ബാഷർ ബർഹൂം, സെയ്ദ്നയ ജയിലിന് പുറത്തുനിന്നുള്ള കാഴ്ച | ഫോട്ടോ: അറേഞ്ച്ഡ്, എ.പി

ഡമാസ്കസ്: മരണത്തിന്റെ വിളിയുമായെത്തേണ്ട ദിനത്തിനു തലേന്ന് ജീവിതത്തിന്റെ വാതിൽ തുറന്നുകിട്ടിയതിന്റെ അതിശയം മാറിയിട്ടില്ല ബാഷര്‍ ബര്‍ഹൂമിന്. സിറിയൻ എഴുത്തുകാരനാണ് ബർഹൂം ( 63). ഏഴുമാസമായി സൂര്യപ്രകാശം കാണാതെ ഡമാസ്കസിനടുത്തുള്ള സെയ്ദ്നയ തടവറയിൽ കഴിയുകയായിരുന്നു. വിമത നീക്കത്തില്‍ സര്‍ക്കാര്‍ വീണതോടെ ജീവിതം തിരിച്ചുകിട്ടിയത് അദ്ദേഹത്തിന് ആദ്യം വിശ്വസിക്കാനായില്ല.

വധശിക്ഷ നടപ്പാക്കാൻ ഒരുദിനം മാത്രമുള്ളപ്പോൾ വിമതർ സിറിയയുടെ അധികാരികളായി. ‘മനുഷ്യരുടെ കശാപ്പുശാല’യെന്നു പേരുവീണ സെയ്ദ്നയയുടെ പൂട്ടുകൾ അവർ തുറന്നു. ആയിരക്കണക്കിനു തടവുകാർ പുറത്തേക്കൊഴുകി. അവരിലൊരാളായി ബർഹൂമും. ‍ഞായറാഴ്ചയായിരുന്നു ബർഹൂമിന്റെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. ഡമാസ്കസിലെ തടവറയിൽ രാവിലെ കണ്ണുതുറക്കുമ്പോൾ സെല്ലിനടുത്ത് ചിലയാളുകൾ നിൽക്കുന്നത് ബർഹൂം കണ്ടിരുന്നു. അല്പസമയത്തിനുശേഷം മാത്രമാണ് അത് താനടക്കമുള്ള തടവുപുള്ളികളെ തുറന്നുവിടാൻ വന്ന വിമതസംഘമാണെന്നും ബഷർ അൽ അസദിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥരല്ലെന്നും അദ്ദേഹത്തിന് മനസിലായത്.

സെയ്ദ്നയ ജയിലിലേക്ക് ഇരച്ചുകയറിയ വിമതർ തടവുപുള്ളികളെ തുറന്നുവിട്ടു. 2011-ൽ സിറിയയിൽ കലാപം പൊട്ടിപ്പുറപ്പെട്ട നാൾമുതൽ ജയിലിൽക്കഴിയുന്നവരുമുണ്ടായിരുന്നു ഇക്കൂട്ടത്തിൽ. അസദ് സർക്കാർ താഴെ വീണതിലും തങ്ങൾ ജയിൽ മോചിതരായതിലും ആഹ്ലാദം പ്രകടിപ്പിക്കുന്നവരുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജയിലിൽ അടയ്ക്കപ്പെട്ടതിനുശേഷം സൂര്യപ്രകാശം കണ്ടിട്ടില്ലെന്ന് ബർഹൂം വാർത്താ ഏജൻസിയായ എ.പിയോട് പ്രതികരിച്ചു. ജയിലിൽനിന്ന് പുറത്തിറങ്ങിയ ഉടനെ  താൻ ജീവനോടെയുണ്ടെന്ന് ഭാര്യയേയും മക്കളേയും അറിയിച്ചു. തൊട്ടടുത്തദിവസം മരിക്കേണ്ടിയിരുന്ന തനിക്ക് ദൈവം ഒരു പുതിയ ജീവിതം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ക്രൂരപീഡനങ്ങളും പുറംലോകമറിയാതെ വധശിക്ഷയും നടന്നിരുന്നു സെയ്ദ്നയയിലെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശസംഘടനകൾ. ആഭ്യന്തരയുദ്ധം ആരംഭിച്ച 2011 മുതൽ 2016 വരെ ഇവിടെ വധശിക്ഷയ്ക്കിരയായത് 13,000 പേരെന്ന് കണക്ക്. ഈ തടവറ മാത്രമല്ല, അലെപ്പോ, ഹോംസ്, ഹമ എന്നിവിടങ്ങളിലെ ജിയിലുകളിലുള്ളവരെയെല്ലാം വിമതർ സ്വതന്ത്രരാക്കി. വർഷങ്ങളായി കാണാതായിരുന്ന പ്രിയപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ടാകുമെന്ന പ്രതീക്ഷയിൽ തിരഞ്ഞിറങ്ങിയിരിക്കുന്നു കുടുംബങ്ങൾ.

Content Highlights: Bashar Barhoum, a Syrian writer, narrowly escapes execution after rebels liberate Saydnaya prison