അസദിന്റെയും കുടുംബത്തിന്റെയും സ്വകാര്യ ആല്‍ബത്തിലെ ചിത്രങ്ങള്‍ പുറത്തുവിട്ട് വിമതര്‍, വിമര്‍ശനം

വിമതർ പുറത്തുവിട്ട ബഷർ അൽ അസദിന്റെ സ്വകാര്യ ആൽബത്തിലെ ചിത്രങ്ങൾ | ഫോട്ടോ: AP, X
വിമതർ പുറത്തുവിട്ട ബഷർ അൽ അസദിന്റെ സ്വകാര്യ ആൽബത്തിലെ ചിത്രങ്ങൾ | ഫോട്ടോ: AP, X

ബെയ്റുത്ത്: സിറിയയുടെ നിയന്ത്രണം വിമതർ ഏറ്റെടുത്തിട്ട് അധികനാളായിട്ടില്ല. രാജ്യതലസ്ഥാനമായ ഡമാസ്കസ് വിമതനിയന്ത്രണത്തിലായതോടെ പ്രസിഡന്റായിരുന്ന ബഷർ അൽ അസദ് റഷ്യയിൽ അഭയം പ്രാപിച്ചിരുന്നു. ഇതിനുപിന്നാലെ വിമതരെ പിന്തുണയ്ക്കുന്നവർ അസദിന്റെ കൊട്ടാരത്തിൽ അതിക്രമിച്ചുകയറി കണ്ണിൽക്കണ്ടതെല്ലാം എടുത്തുകൊണ്ടുപോയിരുന്നു. അസദിന്റെ ഡമാസ്കസിലേയും അലെപ്പോയിലേയും വസതികളിലെ ആൽബങ്ങളിൽനിന്ന് കണ്ടെടുത്ത ചില ചിത്രങ്ങൾ വിമതർ പുറത്തുവിട്ടിരിക്കുകയാണ്.

ബഷർ അൽ അസദിന്റെയും കുടുംബത്തിന്റെയും ചില ചിത്രങ്ങളാണ് വിമതർ പുറത്തുവിട്ടത്. ഇതിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിലുള്ള ബഷർ അൽ അസദിന്റെ ചിത്രങ്ങളുമുണ്ട്. സെൽഫിയെന്ന് തോന്നിക്കുന്ന ഷർട്ടില്ലാതെയുള്ള അസദിന്റെ ചിത്രമാണ് പ്രചരിക്കുന്നതിൽ ഒന്ന്.  അർധന​ഗ്നനായി സ്കൂട്ടറിൽ ഇരിക്കുന്നതും ഒരു സ്ത്രീയെ തോളിലേറ്റി നിൽക്കുന്നതുമെല്ലാം പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളിൽപ്പെടുന്നു. ബഷറിന്റെ പിതാവായ ഹാഫിസ് അൽ അസദ് ശരീരം കാണിച്ചുകൊണ്ട് നിൽക്കുന്ന ഒരു ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ചിത്രങ്ങൾക്കെല്ലാം വലിയ ശ്രദ്ധയാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലെല്ലാം അസദിന് രൂക്ഷമായ ഭാഷയിലുള്ള പരിഹാസമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അൽ ജസീറയിലെ മാധ്യമപ്രവർത്തകനായ സാദ് അബെദീൻ, ഈ ഫോട്ടോകളിൽ ചിലത് എക്‌സിൽ പങ്കിട്ടിട്ടുണ്ട്. ഇത് "വരാനിരിക്കുന്ന ദിവസങ്ങളിൽ അനന്തമായ പേടിസ്വപ്‌നങ്ങൾ" നൽകുമെന്നാണ് അദ്ദേഹം ഇതിന് നൽകിയിരിക്കുന്ന തലക്കെട്ട്. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ വിമർശനവുമായി സിറിയൻ മാധ്യമപ്രവർത്തകനായ ഹുസ്സാം ഹമൂദും രം​ഗത്തെത്തിയിട്ടുണ്ട്.

നേരത്തെ സിറിയയിൽനിന്നു കടന്ന മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന് രാഷ്ട്രീയാഭയം നൽകിയെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചിരുന്നു. വിമതസംഘമായ ഹയാത്ത് തഹ്രീർ അൽ ഷാം (എച്ച്.ടി.എസ്.) തലസ്ഥാനഗരമായ ഡമാസ്‌കസ് പിടിച്ചെടുത്തതിന് പിന്നാലെ അസദിനെ രാജ്യം വിടാൻ സഹായിച്ചതായാണ് റഷ്യ സ്ഥിരീകരിച്ചത്. വിമതർ രാജ്യം പിടിച്ചടക്കിയതിനേത്തുടർന്ന് അസദിനെ മോസ്‌കോയിലേക്ക് 'സാധ്യമായ ഏറ്റവും സുരക്ഷിതമായ രീതിയിൽ' കൊണ്ടുപോയെന്ന് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്‌കോവ് അവകാശപ്പെട്ടിരുന്നു.

ആഭ്യന്തര യുദ്ധത്തിൽ അസദിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു റഷ്യ. 2011 മുതൽ 2016 വരെയുള്ള ആഭ്യന്തരയുദ്ധകാലത്തും അതിനുശേഷവും അസദിന്റെ പ്രധാനസംരക്ഷകരായിരുന്നു റഷ്യ. 50 വർഷത്തിലേറെയായി സിറിയ ഭരിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭരണം നിലനിർത്താൻ അവർ കൈ അയച്ചു സഹായിച്ചിരുന്നു.

Content Highlights: Private photos of former Syrian President Bashar al-Assad, including intimate images, leaked