ഇന്ത്യയിലേക്ക് പുറപ്പെട്ട ഇസ്‌കോണ്‍ അംഗങ്ങളെ അതിര്‍ത്തിയില്‍ തടഞ്ഞ് ബംഗ്ലാദേശ് അധികൃതര്‍

ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചും ഇസ്‌കോണ്‍ നിരോധിക്കരുതെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധം | File Photo: AFP
ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചും ഇസ്‌കോണ്‍ നിരോധിക്കരുതെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധം | File Photo: AFP

ധാക്ക: മതപരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പുറപ്പെട്ട 'ഇസ്‌കോണ്‍' അംഗങ്ങളെ അതിര്‍ത്തിയില്‍ തടഞ്ഞ് ബംഗ്ലാദേശ് അധികൃതര്‍. യാത്രാരേഖകള്‍ ഉണ്ടായിരുന്നിട്ടും 54 ഇസ്‌കോണ്‍ അംഗങ്ങളെ ഇന്ത്യയിലേക്ക് കടക്കാന്‍ ബംഗ്ലാദേശ് അധികൃതര്‍ അനുവദിച്ചില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ നടക്കുന്ന മതപരിപാടിയില്‍ പങ്കെടുക്കാനാണ് ഞങ്ങള്‍ പുറപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ അനുമതിയില്ലെന്ന് പറഞ്ഞ് ഇമിഗ്രേഷന്‍ അധികൃതര്‍ ഞങ്ങളെ തടഞ്ഞു, ഇസ്‌കോണ്‍ അംഗമായ സൗരഭ് തപന്ദര്‍ ചെലി പറഞ്ഞു.

ബംഗ്ലാദേശിലെ വിവിധ ജില്ലകളില്‍നിന്നുള്ള ഇസ്‌കോണ്‍ അംഗങ്ങള്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമാണ് അതിര്‍ത്തി കടക്കാന്‍ ബെനാപോല അതിര്‍ത്തിയില്‍ എത്തിയത്. മണിക്കൂറുകളോളം കാത്തിരുന്നതിന് ശേഷമാണ് യാത്രയ്ക്ക് അനുമതിയില്ലെന്ന് അധികൃതര്‍ അറിയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് പോലീസിന്റെ സ്‌പെഷല്‍ ബ്രാഞ്ചിനെ സമീപിച്ചിരുന്നെന്നും ഇസ്‌കോണ്‍ അംഗങ്ങളെ കടത്തിവിടേണ്ടതില്ലെന്ന് ഉന്നത അധികൃതരില്‍നിന്ന് നിര്‍ദേശം ലഭിച്ചിരുന്നെന്നും ബെനാപോല ഇമിഗ്രേഷന്‍ പോലീസ് ഓഫീസര്‍ പറഞ്ഞു. 

ഹിന്ദു സംന്യാസിയും ഇസ്‌കോണ്‍ മുന്‍ അംഗവുമായ ചിന്മയ് കൃഷണദാസിനെ ദേശദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇസ്‌കോണിനെതിരേ പലവിധ നടപടികള്‍ ബംഗ്ലാദേശ് അധികൃതര്‍ കൈക്കൊണ്ടിരുന്നു. ചിന്മയ് കൃഷ്ണദാസ് ജാമ്യംകിട്ടാതെ ജയിലിലായതോടെ വ്യാപക പ്രതിഷേധമാണ് രാജ്യത്തുണ്ടായത്. ഇതില്‍ ഒരു അഭിഭാഷകന് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. അതിനിടെ രുദ്രപ്രതി കേശബ് ദാസ്, രംഗ നാഥ് ശ്യാമ എന്നീ ഹൈന്ദവ സന്യാസിമാരെക്കൂടി അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഇസ്‌കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ധാക്ക കോടതി നിരാകരിച്ചിരുന്നു.

Content Highlights: bangladesh stops iskcon members india travel at border