ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; കോടതിമുറിയിൽ കയ്യടിയും ആർപ്പുവിളികളും, അപ്പീൽ നൽകണമെങ്കിൽ മടങ്ങിയെത്തണം

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ വധശിക്ഷ പ്രഖ്യാപിച്ചപ്പോള്‍ കോടതിമുറിയിൽ കയ്യടിയും ആർപ്പുവിളികളും മുഴങ്ങിയതായി റിപ്പോർട്ട്. കോടതിയിൽ അച്ചടക്കം പാലിക്കണമെന്ന് ജഡ്ജിമാർ ആവശ്യപ്പെട്ടതിനൊടുവിലാണ് കയ്യടികളും ആർപ്പുവിളികളും നിലച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, വിധി കേൾക്കാൻ കോടതിയിലെത്തിയവരിൽ ചിലർ വികാരാധീനരാകുകയും കരയുകയും ചെയ്തു.
ഷെയ്ഖ് ഹസീനയ്ക്ക് ഒരൊറ്റ ശിക്ഷയാണ് നൽകാൻ തീരുമാനിച്ചതെന്നും അത് വധശിക്ഷയാണെന്നുമായിരുന്നു ജഡ്ജി ഗോലം മോർതുസ മൊസൂംദർ വിധി പ്രഖ്യാപിക്കുമ്പോൾ പറഞ്ഞത്. മൊസൂംദറിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രൈബ്യൂണലാണ് കേസ് പരിഗണിച്ചത്. പ്രകോപനം, കൊലപാതകത്തിന് ഉത്തരവിടൽ, അതിക്രമങ്ങൾ തടയുന്നതിലെ നിഷ്ക്രിയത്വം എന്നീ മൂന്ന് കുറ്റങ്ങളിൽ കോടതി ഹസീനയെ കുറ്റക്കാരിയായി കണ്ടെത്തി.
ഇതേ കുറ്റങ്ങൾ ചുമത്തി ഷെയ്ഖ് ഹസീനയുടെ സഹായികളായ മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമൽ, മുൻ പോലീസ് മേധാവി ചൗധരി അബ്ദുള്ള അൽ-മാമുൻ എന്നിവർക്കെതിരെയും കോടതി വിധി പ്രഖ്യാപിച്ചു. 30 ദിവസത്തിനകം തിരികെയെത്തുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തില്ലെങ്കിൽ ഹസീനയ്ക്ക് വിധിക്കെതിരെ അപ്പീൽ നൽകാനാവില്ല.
Content Highlights: Bangladesh`s former PM Sheikh Hasina sentenced to death for crimes against humanity. Courtroom erupts in applause. Read details and reactions.