ചൈനയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ച് യൂനുസ്; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് വിവാദ പരാമർശം

Photo: Screengrab from Origan Video
Photo: Screengrab from Origan Video

ന്യൂഡല്‍ഹി: ചൈനീസ് സന്ദര്‍ശനത്തിനിടെ ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഏഴ് സഹോദരിമാര്‍ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കരയാല്‍ മാത്രം ചുറ്റപ്പെട്ടതാണെന്നായിരുന്നു യൂനുസിന്റെ പരാമര്‍ശം. കടല്‍ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കടല്‍സുരക്ഷയില്‍ ബംഗ്ലാദേശാണ് നിര്‍ണായകം എന്ന് സ്ഥാപിക്കാനാണ് യൂനുസ് ഈ പരാമര്‍ശത്തിലൂടെ ശ്രമിച്ചതെന്നാണ് സൂചനകള്‍. ചൈനീസ് സഹായം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ചൈനയ്ക്ക് മുന്നില്‍ ഇത് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് സ്ഥാപിക്കാനാണ് യൂനുസ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ പരാമര്‍ശിച്ചത്. ഈ സാഹചര്യം സാമ്പത്തിക വിപുലീകരണത്തിന് ഉപയോഗപ്പെടുത്തണമെന്നുമാണ് ചര്‍ച്ചയില്‍ യൂനുസ് മുന്നോട്ടുവെച്ചത്.

ചൈനയുമായി കൂടുതല്‍ അടുത്ത് നിക്ഷേപങ്ങള്‍ നേടിയെടുക്കുന്നതിനാണ് യൂനുസ് ഈ ശ്രമം നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു. നാല് ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനിടെ ബംഗ്ലാദേശില്‍ കൂടുതല്‍ ഉത്പാദനവും നിര്‍മാണമേഖലയിലും നിക്ഷേപം നടത്താനും വിപണനവും ചരക്കുനീക്കവും ത്വരിതപ്പെടുത്താനും യൂനുസ് ചൈനയെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചു. സാമ്പത്തികമായി തകരുകയും ഇന്ത്യയുമായി ബന്ധം വഷളാവുകയും ചെയ്ത സാഹചര്യത്തില്‍ ചൈനയുടെ സഹായം തേടാനാണ് യൂനുസിന്റെ ശ്രമമെന്നാണ് വിലയിരുത്തല്‍.

ടീസ്റ്റ നദീജല പദ്ധതിയിലേക്കും ബംഗ്ലാദേശ് ചൈനയെ ക്ഷണിച്ചു. പുറത്താക്കപ്പെട്ട ഹസീന ഭരണകൂടം ഇന്ത്യയെയാണ് ഈ പദ്ധതിയ്ക്കായി ക്ഷണിച്ചിരുന്നത്. ഇത് കൂടാതെ ചൈനയില്‍ നിന്ന് ഉത്ഭവിച്ച് വലിയൊരു ഭാഗം ഇന്ത്യയിലൂടെ കടന്നുപോവുന്ന യര്‍ലങ്-സാങ്പോ-ജമുന നദിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള ധാരണപത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടന്നു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കുറിച്ച് യുനുസ് നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.  ഇന്ത്യയുടെ ഏഴ് സംസ്ഥാനങ്ങളെ എടുത്ത് പറഞ്ഞുകൊണ്ട് ചൈനയെ തങ്ങളുടെ മണ്ണിലേക്ക് ക്ഷണിക്കുന്നത് ബംഗ്ലാദേശിന്റെ കടന്നകൈയായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളും സമുദ്രവുമായുള്ള കണക്ടിവിറ്റി ഇന്ത്യയുടെ വിഷയമാണെന്നും അത് ഞങ്ങള്‍ കൈകാര്യം ചെയ്യുമെന്നും പ്രതിരോധ വിദഗ്ധന്‍ ധ്രുവ് കടോച്ച് പ്രതികരിച്ചു.. കടലുമായി ബന്ധപ്പെടാന്‍ ഇന്ത്യയ്ക്ക് ബംഗ്ലാദേശിന്റെ ആവശ്യമില്ലെന്നും കടോച്ച് പറഞ്ഞു.

ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ നേപ്പാളുമായും ഭൂട്ടാനുമായും ബന്ധപ്പെടാന്‍ ചൈനക്കാകുമെന്ന വാഗ്ദാനമാണ് യൂനുസ് നല്‍കുന്നതെന്നാണ് കടോച്ചിന്റെ നിരീക്ഷണം. 

അതേമയം സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുന്ന രാജ്യത്തിന് ചൈനയുടെ സാമ്പത്തിക സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് യൂനുസ് ശ്രമിക്കുന്നതെന്നാണ് മറ്റൊരു നിരീക്ഷണം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ബംഗ്ലാദേശിന് നല്‍കിയിരുന്ന യുഎസ്എയ്ഡ് നിര്‍ത്തലാക്കിയതും തിരിച്ചടിയായിട്ടുണ്ട്.

Content Highlights: Bangladesh`s interim ruler invites China for economic expansion