ബംഗ്ലാദേശ് പോളിങ് ബൂത്തിലേക്ക്; ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിനുശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ്

ധാക്കയിൽ നിന്നുള്ള ദൃശ്യം | AFP
ധാക്കയിൽ നിന്നുള്ള ദൃശ്യം | AFP

ധാക്ക: 2024-ലെ ബഹുജന പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീനയുടെ സർക്കാർ പുറത്താക്കപ്പെട്ടതിനുശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും.

പാർലമെന്റംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 12.9 കോടി വോട്ടർമാർ പോളിങ് ബൂത്തിലെത്തും. 50-ലേറെ പാർട്ടികളിൽനിന്നായി 1981 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽനിന്ന് വിലക്കിയതിനാൽ ഹസീനയുടെ അവാമി ലീഗ് മത്സരരംഗത്തില്ല.

2024 ഓഗസ്റ്റിലുണ്ടായ വിദ്യാർഥിപ്രക്ഷോഭമാണ് ഹസീനയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യംകുറിച്ചത്. ഹസീന നിലവിൽ ഇന്ത്യയുടെ രാഷ്ട്രീയാഭയത്തിൽ കഴിയുകയാണ്. അന്നുമുതൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനാണ് ഭരണച്ചുമതല.

മുൻ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബി.എൻ.പി.) രാജ്യത്തെ ഏറ്റവും വലിയ ഇസ്‍ലാമിസ്റ്റ് പാർട്ടിയായ ജമാത്തെ ഇസ്‍ലാമി നയിക്കുന്ന മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ഹസീനയെ പുറത്താക്കിയ ബഹുജനപ്രക്ഷോഭം നയിച്ച ‘വിവേചനത്തിനെതിരേ വിദ്യാർഥികൾ’ എന്ന വിദ്യാർഥിക്കൂട്ടായ്മ പിന്നീടുണ്ടാക്കിയ ‘ദ നാഷണൽ സിറ്റിസൺ പാർട്ടി’(എൻ.സി.പി.) ഈ മുന്നണിയുടെ ഭാഗമാണ്.

ഈയിടെ അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനും പാർട്ടി ചെയർമാനുമായ താരിഖ് റഹ്മാനാണ് ബി.എൻ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാർഥി.

350 അംഗ പാർലമെന്റിലെ 300 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ബാക്കി 50 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. പാർട്ടികൾക്കു കിട്ടുന്ന സീറ്റിന് ആനുപാതികമായി ഇതു വീതിച്ചുനൽകും. അഞ്ചുവർഷമാണ് പാർലമെന്റിന്റെ കാലാവധി.

യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് എന്നിവിടങ്ങളിൽനിന്നുൾപ്പെടെ തിരഞ്ഞെടുപ്പ് നിരീക്ഷിക്കാനായി 500-ഓളം വിദേശികൾ ഇക്കുറി ബംഗ്ലാദേശിലെത്തിയിട്ടുണ്ട്.

Content Highlights: bangladesh votes today