ബംഗ്ലാദേശ് രാഷ്ട്രീയ സംഘർഷം ലണ്ടനിലും; നഹീദ് ഇസ്ലാമിനെ വളഞ്ഞ് ഷെയ്ഖ് ഹസീന അനുകൂലികൾ, മുട്ടയേറ്, തെരുവ് യുദ്ധം

#ന്യൂസ് ഡെസ്ക്
ലണ്ടനിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യം | Photo: X
ലണ്ടനിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യം | Photo: X

ലണ്ടൻ: ബംഗ്ലാദേശിലെ രാഷ്ട്രീയ സംഘർഷം ബ്രിട്ടനിലേക്കും വ്യാപിക്കുന്നു. നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) അധ്യക്ഷൻ നഹീദ് ഇസ്ലാമിന് സ്വീകരണം നൽകുന്നതിനിടെ ലണ്ടനിലെ റോംഫോർഡിൽ അവാമി ലീഗ് പ്രവർത്തകരും എൻസിപി അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. തിങ്കളാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ വഷളായതോടെ നഹീദ് ഇസ്ലാമിന് വേദിയിൽനിന്ന് പെട്ടെന്ന് മടങ്ങേണ്ടിവന്നു. സംഘർഷം നിയന്ത്രിക്കാൻ ലണ്ടൻ പോലീസ് ഇടപെട്ടു. ബംഗ്ലാദേശി മാധ്യമങ്ങളായ ധാക്ക ട്രിബ്യൂൺ, പ്രഥം ആലോ എന്നിവയാണ് സംഘർഷത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.

ബംഗ്ലാദേശി പാർലമെന്റിലെ ധാക്ക-11 മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നഹീദ് ഇസ്ലാമിന് ബ്രിട്ടനിലെ ബംഗ്ലാദേശി സമൂഹമാണ് സ്വീകരണം സംഘടിപ്പിച്ചത്. തിങ്കളാഴ്ച ഈസ്റ്റ് ലണ്ടനിലെ റോംഫോർഡിലുള്ള മേയ്ഫെയർ ഹാളിലായിരുന്നു പരിപാടി. പരിപാടി നടക്കുന്നതിനിടെ ഹാളിന് പുറത്ത് അവാമി ലീഗ് പ്രവർത്തകരും അനുഭാവികളും സംഘടിച്ചെത്തി. സ്വീകരണത്തിനെത്തിയവർക്കുനേരെ മുട്ടയും വെള്ളക്കുപ്പികളും എറിഞ്ഞതായും പുറത്തുവെച്ച് അതിഥികളെ തടഞ്ഞ് ചോദ്യം ചെയ്തതായും ദൃക്സാക്ഷികളും സംഘാടകരും പറഞ്ഞു.

പരിപാടി അവസാനിച്ചതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. അവാമി ലീഗ്, എൻസിപി പ്രവർത്തകർ നടുറോഡിൽ ഏറ്റുമുട്ടി. ഹാളിന് പിന്നിലെ റോഡിലായിരുന്നു സംഘർഷം. തെരുവ് യുദ്ധം ഏകദേശം 20 മിനിറ്റ് നീണ്ടുനിന്നുവെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. തുടർന്ന് പോലീസ് പലതവണ ലാത്തിവീശിയാണ് ആളുകളെ പിരിച്ചുവിട്ടത്.

സംഘർഷത്തിൽ കുറഞ്ഞത് നാല് പേർക്ക് പരിക്കേറ്റതായും ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. എന്നാൽ അഞ്ച് പേർക്ക് പരിക്കേറ്റതായും ഇവരെ ലണ്ടനിലെ കിങ്‌സ് കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുമാണ് പ്രഥം ആലോയുടെ റിപ്പോർട്ട്.

സംഭവത്തിൽ വേഗത്തിലുള്ള അന്വേഷണം ഉറപ്പാക്കണമെന്ന് നഹീദ് ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഫാസിസ്റ്റ് രാഷ്ട്രീയ ശക്തിയെന്ന് താൻ വിശേഷിപ്പിച്ച അവാമി ലീഗുമായി ബന്ധപ്പെട്ടവർ വിദേശരാജ്യങ്ങളിൽപ്പോലും അക്രമത്തിലൂടെയും ഭീഷണിയിലൂടെയും എതിർശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നഹീദ് ഇസ്ലാമിന്റെ ബ്രിട്ടൻ സന്ദർശനത്തിനിടെ അവാമി ലീഗ് അനുകൂലികളുമായി സംഘർഷമുണ്ടാകുന്നത് ഇതാദ്യമല്ല. നവംബർ 14 ശനിയാഴ്ച കേംബ്രിഡ്ജ് സർവകലാശാലയിൽ ബംഗാളി സൊസൈറ്റി സംഘടിപ്പിച്ച പരിപാടിക്ക് പുറത്ത് നഹീദിനെ അവാമി ലീഗ് അനുഭാവികൾ പരിഹസിക്കാനും തടസ്സപ്പെടുത്താനും ശ്രമിച്ചതായി പ്രഥം ആലോ റിപ്പോർട്ട് ചെയ്തു. എന്നാൽ എൻസിപി പ്രവർത്തകർ ഇടപെട്ടതോടെ വലിയ പ്രശ്‌നങ്ങളില്ലാതെ നഹീദ് അവിടെനിന്ന് മടങ്ങി. ഈ വർഷം ജൂണിലും സമാനമായ സംഭവമുണ്ടായിരുന്നു. എൻസിപി നേതാവും കൊമില്ല-4 മണ്ഡലത്തിലെ എംപിയുമായ ഹസ്‌നത്ത് അബ്ദുള്ളയുടെ ഈസ്റ്റ് ലണ്ടൻ സന്ദർശനത്തിനിടെയായിരുന്നു അത്. ഹസ്‌നത്തും സംഘവും എത്തിയ വേദിക്ക് പുറത്ത് അവാമി ലീഗ് അനുകൂലികൾ പ്രതിഷേധിക്കുകയും എൻസിപി പ്രവർത്തകർക്കുനേരെ മുട്ടയെറിയുകയും ചെയ്തതായി പ്രഥം ആലോ റിപ്പോർട്ട് ചെയ്തിരുന്നു.

ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം ശക്തമാകുന്നതിനിടെയാണ് ബ്രിട്ടനിലും ഏറ്റുമുട്ടലുണ്ടായത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറോടെ രാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റിൽ ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്ത ഹസീന ഇപ്പോൾ ഇന്ത്യയിലാണ് കഴിയുന്നത്. ഹസീനയുടെ തിരിച്ചുവരവിനുള്ള നീക്കങ്ങൾ രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വം വർധിപ്പിച്ചിട്ടുണ്ട്.

Content Highlights: Clashes broke out between Awami League supporters and National Citizen Party activists in Romford, London, during an event for leader Nahid Islam, prompting police intervention and leaving several injured.