ബംഗ്ലാദേശിൽ വ്യാപാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ ആക്രമണം

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു. വ്യാപാരിയെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുകയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ ആക്രമണമാണിത്.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഖോകൻ ചന്ദ്ര (40) എന്ന ഫാർമസി ഉടമയാണ് ക്രൂര അക്രമണത്തിന് ഇരയായത്. കട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തുകയും മാരകായുധങ്ങൾ ഉപയോഗിച്ച് പലതവണ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. പിന്നാലെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ചന്ദ്ര സമീപത്തെ കുളത്തിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. നിലവിൽ ശരീയത്പുർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത യുവനേതാവ് ഉസ്മാൻ ഷെരീഫ് ഹാദിയുടെ കൊലപാതകത്തെ തുടർന്നാണ് ബംഗ്ലാദേശിൽ അക്രമങ്ങൾ വർധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ദീപു ചന്ദ്രദാസ്, അമൃത് മൊണ്ടൽ, ബജേന്ദ്ര ബിശ്വാസ് എന്നിവർ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായ ആക്രമണ സംഭവങ്ങൾ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
Content Highlights: businessman narrowly escapes brutal mob attack in Bangladesh, beaten, stabbed, and set on fire. Fourth attack on minority community in two weeks.