കനത്ത സുരക്ഷയിൽ ബംഗ്ലാദേശിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ്; തൊഴിലാളിയായ ഹിന്ദു യുവാവ് കൊല്ലപ്പെട്ട നിലയിൽ

ധാക്ക: 2024-ലെ ബഹുജന പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീനയുടെ സർക്കാർ പുറത്താക്കപ്പെട്ടതിനുശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുന്നു. പാർലമെന്റംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി 12.9 കോടി വോട്ടർമാർ പോളിങ് ബൂത്തിലെത്തും. 50-ലേറെ പാർട്ടികളിൽനിന്നായി 1981 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽനിന്ന് വിലക്കിയതിനാൽ ഹസീനയുടെ അവാമി ലീഗ് മത്സരരംഗത്തില്ല.
ഇതിനിടെ, മൗലവിബസാർ ജില്ലയിൽ ബുധനാഴ്ച ഹിന്ദു യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചമ്പാറയിലെ തേയില തൊഴിലാളിയായ രത്തൻ ശുഭോ കർ (28) എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കണ്ടെത്തിയ മൃതദേഹം കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നുവെന്നും ശരീരത്തിൽ മാരകമായ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി മുതൽ രത്തനെ കാണാതായിരുന്നു. പിന്നീട് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലലാണ് മൃതദേഹം കണ്ടെത്തിയതെന്ന് രത്തന്റെ സഹോദരൻ ലക്ഷ്മൺ കർ പറഞ്ഞു. കൊലപാതകം രാഷ്ട്രീയപ്രേരിതമാണോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പോലീസ് വ്യക്തമാക്കി.
ബംഗ്ലാദേശിൽ 2024 ഓഗസ്റ്റിലെ രാഷ്ട്രീയ മാറ്റത്തിന് ശേഷം ഹിന്ദുക്കൾക്കെതിരെ കൊലപാതകം ഉൾപ്പെടെ ആയിരക്കണക്കിന് അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാസങ്ങൾക്കുമുമ്പ് മൈമെൻസിങ് ജില്ലയിൽ സുഷൻ ചന്ദ്ര സർക്കാർ എന്ന വ്യാപാരിയും ദീപു ചന്ദ്ര ദാസ് എന്ന വ്യക്തിയും ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അടിസ്ഥാനരഹിതമായ മതനിന്ദാ കുറ്റങ്ങൾ ആരോപിച്ച് ഹിന്ദുക്കളെ ലക്ഷ്യം വെക്കുന്നത് വർധിച്ചുവരികയാണെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഉൾപ്പെടെയുള്ള നിരീക്ഷണ സമിതികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംഘർഷ സാധ്യതകളും അക്രമ സംഭവങ്ങളും മുൻനിർത്തി വലിയ സുരക്ഷാ സംവിധാനമാണ് തിരഞ്ഞെപ്പിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പത്ത് ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വോട്ടെടുപ്പ് സുഗമമാക്കാൻ വിന്യസിച്ചിട്ടുള്ളത്. 2024-ലെ ജനകീയ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അവാമി ലീഗിനെ വിലക്കിയിട്ടുണ്ട്. നിലവിൽ ബി.എൻ.പി.യും (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി), ജമാത്തെ ഇസ്‍ലാമി നയിക്കുന്ന മുന്നണിയും തമ്മിലാണ് പ്രധാന മത്സരം.
പ്രക്ഷോഭത്തിന് നേതൃത്വംനൽകിയ വിദ്യാർഥികൾ രൂപീകരിച്ച 'നാഷണൽ സിറ്റിസൺ പാർട്ടി'യും (എൻ.സി.പി.) ജമാത്തെ ഇസ്‍ലാമി മുന്നണിയുടെ ഭാഗമാണ്. ഖാലിദാ സിയയുടെ മകൻ താരിഖ് റഹ്മാനാണ് ബി.എൻ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാർഥി. യൂറോപ്യൻ യൂണിയൻ, കോമൺവെൽത്ത് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള 500-ഓളം നിരീക്ഷകർ തിരഞ്ഞെടുപ്പ് സുതാര്യമാണെന്ന് ഉറപ്പുവരുത്താൻ ബംഗ്ലാദേശിൽ എത്തിയിട്ടുണ്ട്.
Content Highlights: Hindu youth brutally murdered in Bangladesh amid rising minority attacks before upcoming elections. Find out more about the escalating violence and political unrest.