താരിഖ് റഹ്‌മാൻ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രി മോദിക്ക് ക്ഷണം

താരിഖ് റഹ്‌മാന്‍, പ്രധാനമന്ത്രി മോദി |ഫോട്ടോ:AP, ANI
താരിഖ് റഹ്‌മാന്‍, പ്രധാനമന്ത്രി മോദി |ഫോട്ടോ:AP, ANI

ധാക്ക:ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്സൺ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശ് സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. മോദിക്ക് ക്ഷണം ലഭിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ചൈന, സൗദി അറേബ്യ, തുർക്കി, ഇന്ത്യ, പാകിസ്താൻ, യുഎഇ, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെയാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങിനായി ഇതുവരെ ക്ഷണിച്ചിട്ടുള്ളത്.

ബിഎൻപി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയാകും ചൊവ്വാഴ്ച രാവിലെ നടക്കുക, തുടർന്ന് പുതിയ പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ നടക്കും. പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ഭരണഘടനാപരമായ മാറ്റത്തെ അടിവരയിട്ട്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എഎംഎം നാസിറുദ്ദീൻ ആണ് താരിഖ് റഹ്‌മാന് സത്യവാചകം ചൊല്ലി കൊടുക്കുക. ഫെബ്രുവരി 17 നെ 'ബംഗ്ലാദേശിന് ഒരു ചരിത്ര ദിനമായി' ബിഎൻപി വിശേഷിപ്പിച്ചു,

സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ദിവസം പ്രധാനമന്ത്രി മോദിക്ക് മുംബൈയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നാണ് വിവരം. പകരം, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറോ ഉപരാഷട്രപതി സി.പി. രാധാകൃഷ്ണനോ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചേക്കും.

Content Highlights: New Bangladesh government, led by Tarique Rahman, to take oath. 13 nations invited, including India.