സ്‌ഫോടനത്തിൽ ട്രാക്ക്‌ തകര്‍ത്തു, ഇരച്ചുകയറി നിയന്ത്രണം കൈക്കലാക്കി; BLA റാഞ്ചിയ തീവണ്ടിയിൽ സൈനികരും

ക്വറ്റ റെയില്‍വേ സ്റ്റേഷന്‍ | Photo: AP
ക്വറ്റ റെയില്‍വേ സ്റ്റേഷന്‍ | Photo: AP

ക്വറ്റ: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ.) വിഘടനവാദികള്‍ തീവണ്ടി തട്ടിയെടുത്തത് ട്രാക്ക് സ്‌ഫോടനത്തില്‍ തകര്‍ത്ത ശേഷം. ട്രാക്ക് തകര്‍ന്നതോടെ തീവണ്ടി നിര്‍ത്താന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് വിഘടനവാദികള്‍ ട്രെയിനിലേക്ക് ഇരച്ചുകയറി നിയന്ത്രണം ഏറ്റെടുത്തു. യാത്രക്കിടയില്‍ ഒരു തുരങ്കത്തിനടുത്തുവെച്ച് ആയുധധാരികളായ ആളുകള്‍ ട്രെയിന്‍ തടയുകയായിരുന്നു.

'ഭയന്നുപോയ യാത്രക്കാര്‍ സീറ്റുകള്‍ക്കടിയില്‍ ഒളിക്കാന്‍ ശ്രമിച്ചു. സായുധസംഘത്തിലുള്ളവര്‍ സ്ത്രീകളേയും പുരുഷന്മാരേയും വേര്‍തിരിച്ചു മാറ്റിനിര്‍ത്തി. ഞാന്‍ ഹൃദ്രോഗിയാണെന്ന് പറഞ്ഞപ്പോള്‍, എന്നേയും കുടുംബത്തേയും അവര്‍ പോവാന്‍ അനുവദിച്ചു', രക്ഷപ്പെട്ട യാത്രക്കാരില്‍  ഒരാളായ അല്ലാദിത്ത (49) പറഞ്ഞു. ബലൂചിസ്താന്‍ സ്വദേശികളടക്കം 60-ലേറെ യാത്രക്കാരെ അക്രമികള്‍ അപ്പോള്‍ത്തന്നെ വിട്ടയച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ALSO READ | തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു; 16 അക്രമികളും 30 പാക് സൈനികരും കൊല്ലപ്പെട്ടു

ബി.എല്‍.എയുടെ ആക്രമണത്തില്‍ ലോക്കോ പൈലറ്റും ഒരു പോലീസ് ഓഫീസറും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. 400-ലേറെ യാത്രക്കാരായിരുന്നു ഒമ്പതുബോഗികളുള്ള ജാഫര്‍ എക്‌സ്പ്രസില്‍ ഉണ്ടായിരുന്നത്. ക്വറ്റയില്‍നിന്ന് പെഷാവറിലേക്ക് പോവുകയായിരുന്നു തീവണ്ടി. സിബി ജില്ലയില്‍വെച്ചാണ് വിഘടവാദികള്‍ തീവണ്ടി ആക്രമിച്ചത്.

48 മണിക്കൂറിനകം ബലൂചിലെ രാഷ്ട്രീയ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ ബന്ദികളെ കൊല്ലുമെന്നാണ് ബി.എല്‍.എയുടെ ഭീഷണി. ബന്ദികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട തുരങ്കത്തിനകത്താണ് തീവണ്ടിയെന്നാണ് എ.എഫ്.പി. റിപ്പോര്‍ട്ട്. ക്വറ്റയില്‍നിന്ന് കയറിയ 100-ലേറെ സൈനികരും ട്രെയിനിലുണ്ടായിരുന്നതായി ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോര്‍ട്ടുചെയ്തു.

Content Highlights: Baluchistan Liberation Army (BLA) seizes a train in Pakistan after a bomb attack