ന്യൂനപക്ഷത്തിനെതിരെ ഇന്ത്യയിൽ വംശീയതയും അക്രമവുമെന്ന്‌ അസർബൈജാനിൽ നടന്ന ഖലിസ്ഥാൻ സമ്മേളനം

#ന്യൂസ് ഡെസ്ക്
ഹർദീപ് സിങ് നിജ്ജാറിന് വേണ്ടിയുള്ള മൗനാചരണം  | Photo : X @bakuinitiative
ഹർദീപ് സിങ് നിജ്ജാറിന് വേണ്ടിയുള്ള മൗനാചരണം | Photo : X @bakuinitiative

ന്യൂഡൽഹി: ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണവും വംശീയതയും നടക്കുന്നുവെന്ന ആരോപണവുമായി അസർബൈജാനിൽ അന്താരാഷ്ട്ര സമ്മേളനം. ഇന്ത്യയിലെ സിഖുകാർക്കും മറ്റ് ‘ന്യൂനപക്ഷങ്ങൾക്കുമെതിരായ വംശീയതയും അക്രമവും: യഥാർഥ അവസ്ഥ’ എന്ന പേരിലായിരുന്നു സമ്മേളനം. ബാകു ഇനിഷിയേറ്റീവ് ഗ്രൂപ്പ് (BIG) സംഘടിപ്പിച്ച ഈ പരിപാടി, ഖലിസ്ഥാൻ വാദത്തെ ആഗോളവത്ക്കരിക്കാനും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനും അസർബൈജാൻ-പാകിസ്താൻ-തുർക്കി കൂട്ടുകെട്ടിൻ്റെ വ്യക്തമായ നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഖലിസ്ഥാൻ ഭീകരവാദികളും പാക് ഉദ്യോഗസ്ഥരും സമ്മേളനത്തിൽ പങ്കെടുത്തു. ബാകു ഇനിഷിയേറ്റീവ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ബാസ് അബ്ബാസോവ്, പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ മനുഷ്യാവകാശ, ന്യൂനപക്ഷ കാര്യമന്ത്രി രമേശ് സിങ് അറോറ, കാനഡയിലെയും യുകെയിലെയും സിഖ് ഫെഡറേഷൻ പ്രതിനിധികൾ എന്നിവർ സമ്മേളനത്തിനെത്തി.

2023 ൽ കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ പ്രവർത്തകൻ ഹർദീപ് സിങ് നിജ്ജാറിന് വേണ്ടി ഒരു മിനിറ്റ് മൗനമാചരിച്ചാണ് പരിപാടി ആരംഭിച്ചത്. നിജ്ജാറിനെ പ്രസ്ഥാനത്തിൻ്റെ രക്തസാക്ഷിയായി ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. പ്രചാരണ സിനിമകളും  ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാനടപടികളെ വംശീയ വിവേചനം, വംശഹത്യ എന്നിങ്ങനെ ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടന്നു.

പ്രാദേശിക വാദങ്ങൾക്കപ്പുറം ഐക്യരാഷ്ട്രസഭയിൽ വിഷയം എത്തിക്കാനുള്ള തന്ത്രമാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയെ ഉപയോഗിച്ച് ഇന്ത്യയിലെ നിയമവിരുദ്ധമായ കൊലപാതകങ്ങൾ അന്വേഷിപ്പിക്കണണെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നു. BIG, സിഖ് ഫെഡറേഷൻ ഇൻ്റർനാഷണൽ എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ സിഖ് പ്രവർത്തനം ഭീകരവാദമാണെന്ന്‌ തെറ്റായി മുദ്രകുത്തുന്നു എന്ന് ആരോപിച്ചു.

നാഗോർണോ-കറാബാഖ് യുദ്ധത്തിൽ അർമേനിയയെ ഇന്ത്യ പിന്തുണച്ചതിന് ശേഷം പാകിസ്താന്റെ ഇന്ത്യ വിരുദ്ധ അജണ്ടയ്‌ക്കൊപ്പമാണ് അസർബൈജാനും. അസർബൈജാനി സ്റ്റേറ്റ് മീഡിയയും തിങ്ക് ടാങ്കുകളും "ഇന്ത്യൻ അധിനിവേശ ജമ്മു കശ്മീർ എന്ന പദം ഉപയോഗിക്കാൻ തുടങ്ങിയിട്ടുമുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും പാകിസ്താൻ അസർബൈജാനെ ഉപയോഗിക്കുന്നുവെന്നാണ് പൊതുവെയുള്ള നിരീക്ഷണം.

Content Highlights: Azerbaijan hosts international conference on alleged attacks against minorities in India, promoting Khalistan agenda. Examine the reality behind this propaganda.