‘ചരിത്രത്തിൽ മറ്റാർക്കും അത് അവകാശപ്പെടാനാവില്ല..’; നരേന്ദ്ര മോദിയെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

#ന്യൂസ് ഡെസ്ക്
നരേന്ദ്ര മോദി, ആന്റണി ആല്‍ബനീസ് | Photo:ANI
നരേന്ദ്ര മോദി, ആന്റണി ആല്‍ബനീസ് | Photo:ANI

കാൻബെറ: ഇന്ത്യയിൽ ഊർജ ലഭ്യത ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. ഇന്ത്യയിലെ ജനങ്ങൾക്ക് ഊർജ ലഭ്യത ഉറപ്പുവരുത്തിയ മോദിയുടെ നടപടികൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യ ചരിത്രത്തിലെ മറ്റേതൊരു ദശകത്തേക്കാളും ഏതെങ്കിലും പ്രദേശത്തേക്കാളും അല്ലെങ്കിൽ ഏതെങ്കിലും രാജ്യത്തേക്കാളും കൂടുതൽ ആളുകൾക്ക് അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യയിൽ ഊർജ ലഭ്യത ഉറപ്പാക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് നൽകേണ്ടതുണ്ടെന്ന് ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ അൽബനീസ് പറഞ്ഞു.

പ്രധാനമന്ത്രി മോദിയുമായി ശക്തമായ സൗഹൃദബന്ധമാണ് ഓസ്ട്രേലിയ കെട്ടിപ്പടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക, ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടുകയും ആഗോള ഊർജ വിപണിയിൽ വലിയ സമ്മർദം രൂപപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.

ഈ പ്രതിസന്ധി പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിലെ ഇന്ധന വിതരണത്തെ രൂക്ഷമായി ബാധിച്ചപ്പോൾ, ഇന്ത്യയിൽ ഇന്ധന ലഭ്യത സ്ഥിരതയോടെ നിലനിർത്താനും വിലവർധനവ് പരിമിതപ്പെടുത്താനും സാധിച്ചു.

ഇന്ധന ഇറക്കുമതി നടത്തുന്ന രാജ്യങ്ങളുടെ എണ്ണം 27-ൽ നിന്ന് 41 ആയി ഉയർത്തി ഊർജ സ്രോതസ്സുകൾ വൈവിധ്യവത്ക്കരിച്ചതാണ് വിതരണത്തിലെ സ്ഥിരതയ്ക്ക് കാരണമെന്ന് പ്രധാനമന്ത്രി മോദിയും നേരത്തെ വ്യക്തമാക്കിയിരുന്നു.