വീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി സുനിതാ വില്യംസ്

ന്യൂയോർക്ക്: ബഹിരാകാശത്തേക്ക് വീണ്ടും പറക്കാനൊരുങ്ങി ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശവാഹനത്തിന്റെ പരിശീലനയാത്രയിലാണ് ഇത്തവണ സുനിത ഭാഗമാകുന്നത്. മേയ് ഏഴിന് ഫ്ലോറിഡയിലെ കേപ് കാനവെറൽ ബഹിരാകാശ താവളത്തിൽനിന്നാണ് സ്റ്റാർലൈനറിന്റെ വിക്ഷേപണം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമ്പോൾ തിരികെ വീട്ടിലേക്ക് പോകുന്ന പ്രതീതിയാണെന്ന് സുനിത എൻ.ഡി.ടി.വിയോട് പറഞ്ഞു. നാസയിലെ ബുച്ച് വിൽമോറും സ്റ്റാർലൈനറിൽ സുനിതയ്ക്കൊപ്പമുണ്ടാകും. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണയാത്രയാണിത്. വാണിജ്യാവശ്യങ്ങൾക്ക് സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നാസയുമായിച്ചേർന്നുള്ള ഈ പരീക്ഷണം.
58 വയസുകാരിയായ സുനിതയുടെ ആദ്യ ബഹിരാകാശയാത്ര 2006 ഡിസംബറിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കായിരുന്നു. 2007 ജൂൺ 22 വരെ അവർ അവിടെക്കഴിഞ്ഞു. അന്ന് 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുനടന്ന് റെക്കോഡിട്ടു. 2012-ൽ വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽപ്പോയ അവർ അത്തവണയും നടന്നു. ആകെ നടത്തം 50 മണിക്കൂറും 40 മിനിറ്റും. സുനിതയാണ് നിലവിൽ ഏറ്റവും കൂടുതൽസമയം ബഹിരാകാശത്തുനടന്ന വനിത.
നാസയുടെ കണക്കുപ്രകാരം ഇതുവരെയായി സുനിതാ വില്യംസ് 322 ദിവസം ബഹിരാകാശത്ത് ചിലവഴിച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ പ്രാവശ്യം നടന്ന വനിത എന്ന ബഹുമതിയും സുനിതയുടെ പേരിലാണ്.
Content Highlights: Astronaut Sunita Williams to return to space