‘ലക്ഷുറി പോൺ’ സ്റ്റാർട്ടപ്പിൽ നിക്ഷേപം തേടി കാമി ക്ലാർക്ക്; TV സെക്സിൽ താല്പര്യമില്ലെന്ന് എപ്സ്റ്റീൻ

#ന്യൂസ് ഡെസ്ക്
ഡാരിയോ അമോഡിയും കാമി ക്ലാർക്കും | Photo: @mark_k
ഡാരിയോ അമോഡിയും കാമി ക്ലാർക്കും | Photo: @mark_k

കാലിഫോർണിയ: പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) കമ്പനിയായ ആന്ത്രോപിക്കിന്റെ സി.ഇ.ഒ. ഡാരിയോ അമോഡിയുടെ ഭാര്യയും മുഖ്യ ഉപദേശകയുമായ കാമി ക്ലാർക്ക്, ജെഫ്രി എപ്സ്റ്റീനിൽനിന്ന് നിക്ഷേപം തേടാൻ ശ്രമിച്ചതായി റിപ്പോർട്ട്. സ്ത്രീകൾക്കുവേണ്ടി 'വിപ്ലവകരമായൊരു പോൺ കമ്പനി' ആരംഭിച്ചിട്ടുണ്ടെന്നും തന്റെ 'ലക്ഷുറി പോൺ' സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തണമെന്നും ചൂണ്ടിക്കാട്ടിയാണ് കാമി ക്ലാർക്ക് എപ്സ്റ്റീനെ സമീപിച്ചതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

ഇ-മെയിൽ വഴിയാണ് കാമി ക്ലാർക്ക് എപ്സ്റ്റീനുമായി ബന്ധപ്പെട്ടത്. 2011 മാർച്ചിൽ സാഹിത്യ ഏജന്റായ ജോൺ ബ്രോക്ക്മാൻ വഴിയാണ് കാമി ക്ലാർക്ക് എപ്സ്റ്റീനുമായി പരിചയപ്പെടുന്നത്. എന്നാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ 2008-ൽത്തന്നെ എപ്സ്റ്റീൻ ശിക്ഷിക്കപ്പെട്ടിരുന്നു.

എപ്സ്റ്റീനുമായി പരിചയപ്പെട്ടതിന്റെ പിന്നാലെ കമ്പനിയുടെ ഫണ്ടിങ് ആവശ്യത്തെക്കുറിച്ചും നിർമാണത്തിലുള്ള സിനിമകളും തിരക്കഥകളും കാമി എപ്സ്റ്റീനുമായി ഇ-മെയിൽ വഴി പങ്കുവെച്ചു. 'ദ ലേഡീസ്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് തന്റെ കമ്പനിയുടെ ആദ്യ നാല് ചിത്രങ്ങളുടെയും വിവരങ്ങളാണ് എപ്സ്റ്റീനുമായി പങ്കുവെച്ചത്. 'ഇവ നിങ്ങൾ ആസ്വദിക്കുമെന്ന് കരുതുന്നു' എന്ന കുറിപ്പും കാമി അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാമിയുടെ ആവശ്യം എപ്സ്റ്റീൻ നിരസിക്കുകയായിരുന്നു. 'ടി.വി. സെക്സിൽ തനിക്ക് താല്പര്യമില്ല' എന്നായിരുന്നു എപ്സ്റ്റീൻ കാമിയെ അറിയിച്ചതെന്നാണ് റിപ്പോർട്ട്.

കാമി ക്ലാർക്കുമായും അവരുടെ ബിസിനസ് പങ്കാളിയുമായിരുന്ന മൈക്കൽ കപ്പോസെഫാലോയുമായും ഡിന്നറിൽ പങ്കെടുക്കണമെന്ന് എപ്സ്റ്റീനോട് ബ്രോക്ക്മാൻ ആവശ്യപ്പെടുന്ന ഇ-മെയിലും പുറത്തുവന്നിട്ടുണ്ട്. തുടർന്ന് ഇവർ കണ്ടുമുട്ടുകയും തൊട്ടടുത്ത ദിവസംതന്നെ കാമി എപ്സ്റ്റീന് നന്ദി അറിയിക്കുന്ന ഇ-മെയിൽ അയക്കുകയും ചെയ്തു. പിന്നീട് ഫണ്ടിങ് വിവരങ്ങളിലേക്ക് കടക്കുകയായിരുന്നു. എന്നാൽ എപ്സ്റ്റീൻ ഫണ്ട് നൽകിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 2012 ജൂലൈയിൽ എപ്സ്റ്റീനെ ഒരു ഹൗസ് വാമിങ് പാർട്ടിയിലേക്കും കാമി ക്ഷണിച്ചിരുന്നു. ഇരുവരും പിന്നീട് കണ്ടുമുട്ടിയോ എന്ന കാര്യവും വ്യക്തമല്ല.

ആന്ത്രോപിക് കമ്പനിയിൽ കാമി ക്ലാർക്കിന് നിലവിൽ ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും, ഭർത്താവും സി.ഇ.ഒ.യുമായ ഡാരിയോ അമോഡിയുടെ ഉപദേശകയായി കാമി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മുമ്പ് ഓപ്പൺ എ.ഐ. ഉദ്യോഗസ്ഥയായിരുന്ന അമോഡിയെ ഗൂഗിൾ മുൻ മേധാവി എറിക് ഷ്മിറ്റുമായി പരിചയപ്പെടുത്തിയത് കാമിയായിരുന്നു. പിന്നീട് ഓപ്പൺ എ.ഐ. വിട്ട് അമോഡെ 'ആന്ത്രോപിക്' സ്ഥാപിച്ചു.

ആഗോള എ.ഐ. ഉച്ചകോടികളിലും ഡാവോസിലെ കോൺഫറൻസുകളിലും അമോഡെയ്ക്കൊപ്പം കാമി ക്ലാർക്കും സജീവ സാന്നിധ്യമാണ്.

Content Highlights: Cami Clarke, wife and adviser to Anthropic CEO Dario Amodei, sought investment from Jeffrey Epstein., She approached Epstein for her luxury startup via emails facilitated by literary agent John Brockman., Epstein had already been convicted in 2008 for sexually exploiting a minor when they connected in 2011., Clarke also invited Epstein to a housewarming party in July 2012, though funding clarity remains unknown., Clarke plays an influential advisory role behind the scenes at AI giant Anthropic.