14 ലക്ഷത്തിന്റെ ബാഗിന് 3700 രൂപ ഇറക്കുമതി ഫീസ്; കസ്റ്റംസ് അധികൃതര്‍ ബാഗ് നശിപ്പിച്ചു

Image For Representation, Credit: www.youtube.com
Image For Representation, Credit: www.youtube.com

റ്റൊരു രാജ്യത്തുനിന്ന്‌ കൊണ്ടുവരുന്ന ആഡംബരവസ്തുക്കള്‍ക്ക് മതിയായ ഫീസ് നല്‍കി ഇറക്കുമതിയ്ക്കുള്ള അനുമതി നേടേണ്ടത് സ്വാഭാവികമായ നടപടിയാണ്. എന്നാല്‍ ഫ്രാന്‍സില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്ന ആഡംബരബാഗിന് അനുമതി രേഖ ഹാജരാക്കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ നശിപ്പിച്ചു. തികച്ചും സ്വാഭാവികമായ നടപടിയില്‍ എന്താണ് പ്രത്യേകത എന്നല്ലേ. വളരെ സ്‌പെഷ്യലാണ് ബാഗ് എന്നതാണ് സംഗതി. 

ഫ്രാന്‍സിലെ സെയിന്റ് ലോറന്റ് ബൊത്തീക്കില്‍ നിന്നാണ് ബാഗ് ഓസ്‌ട്രേലിയയിലേക്ക് വന്നത്. മുതലയുടെ ചര്‍മം കൊണ്ടു നിര്‍മിച്ച ലേഡീസ് ബാഗിന് $19,000 (14 ലക്ഷത്തോളം രൂപ)ആണ് വില. രാജ്യാതിര്‍ത്തി കടത്താന്‍ ബാഗിന് ഫീസിനത്തില്‍ നല്‍കേണ്ടിയിരുന്നത് വെറും 51 ഡോളറും.(3,700 രൂപ)! ഓണ്‍ലൈനിലൂടെയാണ് ബാഗ് വാങ്ങിയത്.

പെര്‍ത്തില്‍ വെച്ചാണ് ഓസ്‌ട്രേലിയന്‍ അതിര്‍ത്തി സേന സംശയാസ്പദമായ സാഹചര്യത്തില്‍ ബാഗ് പിടികൂടിയത്. അനധികൃതമായുള്ള കടത്തലാണെന്ന ധാരണയിലാണ് ഉദ്യോഗസ്ഥര്‍ ബാഗ് പിടിച്ചെടുത്തത്. വന്യജീവികളുമായി ബന്ധപ്പെട്ടുള്ള വ്യാപാരത്തിന് ഓസ്‌ട്രേലിയയില്‍ കര്‍ശന നിയന്ത്രണമുണ്ട്. രാജ്യത്തെ നിയമമനുസരിച്ച് 10 വര്‍ഷം വരെ ജയില്‍ശിക്ഷയോ 1,60,000 ഡോളര്‍ വരെ പിഴയോ ലഭിക്കാവുന്ന കുറ്റകൃത്യമാണത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ക്ക് ഫീസ് നല്‍കി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടു വരാന്‍ സാധിക്കും. 

കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡെയ്‌ഞ്ചേഡ് സ്പിഷീഷ് ഓഫ് ഫോണ ആന്‍ഡ് ഫ്‌ളോറ(CITES) നിയമമനുസരിച്ച് ബാഗ് വാങ്ങിയ വ്യക്തി വാങ്ങാനുള്ള അനുമതി കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഇറക്കുമതിയ്ക്കുള്ള അനുമതിയ്ക്കായി അപേക്ഷ നല്‍കിയിരുന്നില്ല. ബാഗ് വാങ്ങിയ സ്ത്രീയുടെ പക്കല്‍ നിന്ന് നല്ലൊരു തുക നഷ്ടമായതിനാല്‍ അവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് അധികൃതര്‍ തീരുമാനിച്ചു. 

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിനായാണ് ഇത്തരം വ്യാപാരം കര്‍ശനമായി നിയന്ത്രിക്കുന്നതെന്ന് ഓസ്‌ട്രേലിയയുടെ പരിസ്ഥിതി മന്ത്രി സുസ്സാന്‍ ലേ പറഞ്ഞു. ഫാഷന്‍ വ്യവസായത്തിന്റെ പേരില്‍ ചര്‍മത്തിനും തൂവലിനും രോമത്തിനും ആനക്കൊമ്പിനുമൊക്കെയായി ധാരാളം മൃഗങ്ങള്‍ വേട്ടയാടപ്പെടുന്നത് തടയാനാണ് അന്താരാഷ്ട്ര തലത്തില്‍ വരെ നിയമങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

Content Highlights: Alligator bag worth Rs 14 lakh destroyed over missing import permit

Content Highlights: