പുതിന്റെ തലയ്ക്ക് മുകളിലൂടെ പറന്ന് യുഎസിന്റെ ബി2 ബോംബർ വിമാനവും; റഷ്യയ്ക്കുള്ള സന്ദേശം?

അലാസ്‌കയിലെ ആകാശത്ത് പറക്കുന്ന യുഎസ് സൈനികവിമാനങ്ങള്‍(ഇടത്ത്) അലാസ്‌കയിലെത്തിയ പുതിനും ട്രംപും(വലത്ത്) | Photo: AFP & x.com/Geiger_Capital
അലാസ്‌കയിലെ ആകാശത്ത് പറക്കുന്ന യുഎസ് സൈനികവിമാനങ്ങള്‍(ഇടത്ത്) അലാസ്‌കയിലെത്തിയ പുതിനും ട്രംപും(വലത്ത്) | Photo: AFP & x.com/Geiger_Capital

വാഷിങ്ടണ്‍: അലാസ്‌കയില്‍ ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയ്‌ക്കെത്തിയ വ്‌ളാദിമിര്‍ പുതിന്റെ തലയ്ക്ക് മുകളിലൂടെ പറന്ന് യുഎസിന്റെ ബി2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബര്‍ വിമാനവും. അലാസ്‌കയിലെ ഉച്ചകോടിക്കായി എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ വിമാനമിറങ്ങിയതിന് പിന്നാലെയാണ് ആകാശത്ത് യുഎസ് ബോംബര്‍ വിമാനവും പറന്നത്. 

സ്വീകരണത്തിനുശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം പുതിന്‍ നടന്നുപോകുന്നതിനിടെയാണ് യുഎസ് സേനയുടെ കരുത്തായ ബോംബര്‍ വിമാനം വ്യോമാഭ്യാസം നടത്തിയത്. ബോംബര്‍ വിമാനം ആകാശത്ത് പറക്കുമ്പോള്‍ പുതിന്‍ മുകളിലേക്ക് നോക്കുന്നതും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. റഷ്യയുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി അമേരിക്കയുടെ സൈനികശക്തി കാണിക്കുന്നതിനായാണ് യുഎസ് ബോംബര്‍ വിമാനം ഉൾപ്പെടെ അലാസ്‌കയിലെ ആകാശത്ത് പറന്നതെന്നാണ് വിലയിരുത്തല്‍. 

ഇക്കഴിഞ്ഞ ജൂണില്‍ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരേ യുഎസ് ബി2 ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ആറ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകളാണ് ബി2 വിമാനങ്ങളില്‍നിന്ന് ഇറാനിലെ ഫോര്‍ദോ ആണവകേന്ദ്രത്തിന് നേരേ വര്‍ഷിച്ചത്. ഏകദേശം 2.1 ബില്യണ്‍ ഡോളര്‍ വിലവരുന്ന ബി2 ബോംബര്‍ വിമാനത്തിന് ഒറ്റപ്പറക്കലില്‍ 11,112 കിലോമീറ്റര്‍ ദൂരംവരെ സഞ്ചരിക്കാനാകും. 18,144 കിലോഗ്രാം വരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാനുള്ള ശേഷിയും ഈ വിമാനങ്ങളിലുണ്ട്. 

Content Highlights: US B-2 stealth bombers flew over Putin during his meeting with Trump in Alaska