ലഹരിമരുന്ന് കൈവശം വെച്ചു; യുഎസിൽ പിടിയിലായ എയർ ഇന്ത്യ പൈലറ്റിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു

സാൻഫ്രാൻസിസ്കോ: എയർ ഇന്ത്യയുടെ ഡൽഹി-സാൻ ഫ്രാൻസിസ്കോ വിമാനത്തിലെ കോ-പൈലറ്റിൻ്റെ ബാഗിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തി. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പാസഞ്ചർ ക്യാബിനിൽ യാത്രചെയ്ത പൈലറ്റിന്റെ ബാഗിൽനിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സാൻഫ്രാൻസിസ്കോയിൽനിന്ന് തിരികെ ഡൽഹിയിലേക്കുള്ള വിമാനം പറത്തേണ്ട ചുമതല ഇയാൾക്കായിരുന്നു.
വിമാനത്താവളത്തിലെ പരിശോധനയിലാണ് ബാഗിൽ ലഹരിമരുന്ന് കണ്ടെത്തിയത്. ഇതോടെ അധികൃതർ ഇയാളെ വിമാനത്താവളത്തിന് പുറത്തേക്ക് പോകാൻ അനുവദിച്ചില്ല. വിവരം ലഭിച്ചയുടൻ എയർ ഇന്ത്യ അധികൃതർ ഇടപെടുകയും അടുത്ത വിമാനത്തിൽ തന്നെ ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ നിർദേശം നൽകുകയുമായിരുന്നു.
പൈലറ്റിനെതിരെ നിയമാനുസൃതമായി അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. സംഭവം എയർ ഇന്ത്യ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെ ഔദ്യോഗികമായി അറിയിച്ചതായും കമ്പനി പറഞ്ഞു.
Content Highlights: Air India co-pilot caught with marijuana at San Francisco International Airport in 2026., US authorities deported the pilot immediately upon discovery., Air India has initiated strict disciplinary proceedings against the staff member., The incident has been officially reported to the DGCA., Air India emphasizes zero tolerance for safety and conduct violations under Tata Group management.