പാകിസ്താന്‍റെ ആഭ്യന്തര സുരക്ഷാപ്രശ്നങ്ങൾ സ്വയം വരുത്തിവെച്ചത്, മറ്റുള്ളവരുടെ മേല്‍ പഴി ചാരരുത് - അഫ്ഗാന്‍ വിദേശകാര്യമന്ത്രി

ഇസ്താംബുൾ: പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏറ്റവും പുതിയ ചർച്ചകൾ പരാജയപ്പെട്ടതിനുപിന്നിൽ പാകിസ്താന്‍റെ പിടിവാശിയും യുക്തിരഹിതവുമായ സമീപനമാണെന്ന് അഫ്ഗാനിസ്ഥാന്റെ ആക്ടിങ് വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി. പാകിസ്താൻ്റെ ആവശ്യങ്ങൾ താലിബാൻ സർക്കാരിനെ സംബന്ധിച്ച് പ്രായോഗികമോ സ്വീകാര്യമോ അല്ലാത്തതുകൊണ്ടാണ്അടുത്തിടെ ഇസ്താംബുളിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിൻ്റെ പ്രധാന കാരണമെന്ന് മുത്തഖി പറഞ്ഞു.
പാകിസ്താനിൽ സമാധാനം ഉറപ്പാക്കാനും തെഹ്‌രീകെ താലിബാൻ പാകിസ്താനെതിരെ (ടിടിപി) നടപടിയെടുക്കാനും പാകിസ്താൻ താലിബാനുമേൽ സമ്മർദ്ദം ചെലുത്തിയതായി മുത്തഖി വെളിപ്പെടുത്തി. "പാകിസ്താനിൽ ഞങ്ങൾ സമാധാനം ഉറപ്പാക്കണമെന്നായിരുന്നു അവരുടെ ആവശ്യം, എന്നാൽ അവരുടെ സേനകൾ ഞങ്ങളുടെ നിയന്ത്രണത്തിലല്ല," അദ്ദേഹം പറഞ്ഞു. ടിടിപിയെ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടതായും ഈ വ്യവസ്ഥ ഒരിക്കലും നടപ്പാകില്ലെന്നും മുത്തഖി കൂട്ടിച്ചേർത്തു.
തങ്ങളുടെ രാജ്യത്തിനകത്തുള്ള ആക്രമണങ്ങൾക്ക് ഉത്തരവാദികളായ ടിടിപി ഭീകരർക്ക് അഫ്ഗാൻ താലിബാൻ അഭയം നൽകുന്നുവെന്ന് പാകിസ്താൻ ആവർത്തിച്ച് ആരോപിച്ചിട്ടുണ്ട്. എന്നാൽ, പാകിസ്താന്‍റെ ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ അവർ സ്വയം വരുത്തിവെച്ചതാണെന്ന് പറഞ്ഞ് മുത്തഖി ഈ ആരോപണം തള്ളി. "കഴിഞ്ഞ 25 വർഷമായി ടിടിപി പാകിസ്താനിൽ സജീവമാണ്. അവരുടെ സാന്നിധ്യം ഞങ്ങൾക്ക് മുൻപേയുള്ളതാണ്, പാകിസ്താൻ സ്വന്തം അതിർത്തികൾ സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടു, അതിൻ്റെ കുറ്റം മറ്റുള്ളവരുടെ മേൽ ചാരരുത്." മുത്തഖി പറഞ്ഞു.
അഫ്ഗാൻ അതിർത്തിക്കുള്ളിലേക്ക് വ്യോമാക്രമണങ്ങളും ഡ്രോൺ പറക്കലുകളും പാകിസ്താൻ അനുവദിക്കുന്നതായി ആരോപണമുന്നയിച്ച മുത്തഖി അത് ഉടനടി നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ തങ്ങളുടെ എല്ലാ അയൽക്കാരുമായും സമാധാനപരമായ ബന്ധം ആഗ്രഹിക്കുന്നുവെന്ന് മുത്തഖി ആവർത്തിച്ചു. പരസ്പര ബഹുമാനത്തിലൂടെ മാത്രമേ സ്ഥിരത കൈവരിക്കാൻ കഴിയൂ എന്നും മുത്തഖി പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ടിടിപി ഭീകര സാന്നിധ്യം താലിബാൻ ആവർത്തിച്ച നിഷേധിക്കുമ്പോഴും, സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം, ഈ ഗ്രൂപ്പിലെ ഏകദേശം 6,000 അംഗങ്ങൾ അഫ്ഗാൻ പ്രവിശ്യകളിലുടനീളം സജീവമായി പ്രവർത്തിക്കുന്നുണ്ട്.
Content Highlights: Afghanistan`s acting foreign minister criticizes Pakistan`s rigid approach for the collapse of recent Istanbul talks, citing impractical demands regarding TTP.