സ്ത്രീകൾ ജോലിക്ക് പോകേണ്ട, ആ ജോലി ബന്ധുക്കളായ പുരുഷന്മാർക്ക്; നിയന്ത്രണങ്ങളുമായി താലിബാൻ

പ്രതീകാത്മക ചിത്രം | ഫോട്ടോ: AP
പ്രതീകാത്മക ചിത്രം | ഫോട്ടോ: AP

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ സ്ത്രീകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന സൂചന നല്‍കി താലിബാന്‍. നിയന്ത്രണങ്ങളുടെ ഭാഗമായി സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇനി മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍ താലിബാന്റെ അധീനതയില്‍ ആയിരുന്ന 1996-2001 കാലഘട്ടത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 

കഴിഞ്ഞ മാസം കാണ്ഡഹാറില്‍ ആയുധധാരികളായ താലിബാൻകാർ ഒരു ബാങ്കില്‍ എത്തുകയും അവിടെ ജോലി ചെയ്തിരുന്ന ഒന്‍പത് വനിതാ ജീവനക്കാരെ അവരുടെ വീടുകളില്‍ എത്തിക്കുകയും ഇനി ജോലിക്ക് പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പകരം ബന്ധുവായ പുരുഷനെ ബാങ്കിലേക്ക് ജോലിക്കായി അയക്കുകയും ചെയ്തു. ജോലി നഷ്ടമായ മൂന്ന് സ്ത്രീകളും ബാങ്ക് മാനേജരും ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്

ഹെറാത്തിലെ മറ്റൊരു ബാങ്കിലും സമാന സംഭവം നടന്നിരുന്നു. പൊതുസ്ഥലത്ത് മുഖം മറച്ചില്ലെന്ന പേരില്‍ മൂന്ന് വനിതാ ജീവനക്കാരെ ബാങ്കിലെത്തിയ ആയുധധാരികള്‍ വീട്ടിലേക്ക് തിരിച്ചയക്കുകയും പകരം ബന്ധുക്കളായ പുരുഷന്‍മാരെ ബാങ്കിലേക്ക് അയക്കുകയും ചെയ്തിരുന്നു. 

പലയിടത്തും സ്ത്രീകളെ ജോലികളില്‍ നിന്നും പിരിച്ചു വിട്ട് തുടങ്ങി. പൊതുസ്ഥലത്ത് സ്ത്രീകള്‍ മുഖം പുറത്ത് കാണിക്കുന്നത് ഉചിതമല്ലെന്ന് കാണിച്ചാണ് നടപടി.

സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കാത്തത് വളരെ വിചിത്രമാണെന്നും അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതാണെന്നും ബാങ്ക് ജീവനക്കാരിയായ നൂര്‍ ഖത്തേര റോയിട്ടേഴ്‌സിനോട് പറഞ്ഞു.

താലിബാന്‍ അധീനതയിലുള്ള സ്ഥലങ്ങളില്‍ സ്ത്രീകളെ ബാങ്കില്‍ ജോലിചെയ്യാന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ്  പറഞ്ഞു.  ഇസ്ലാമിക രീതികള്‍ പ്രാബല്യത്തില്‍ വരുത്തിയ ശേഷം ഇസ്ലാമിക നിയമപ്രകാരം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു.  എന്നാല്‍ ബാങ്കിലുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 

മാധ്യമ രംഗത്തും ആരോഗ്യരംഗത്തും നിയമ  നിര്‍വഹണ രംഗത്തും പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് അഫ്ഗാന്‍ കീഴടക്കാനുള്ള താലിബാന്റെ ശ്രമങ്ങള്‍ക്കിടെ ജീവന്‍ നഷ്ടപ്പെട്ടെന്നും താലിബാന്‍ സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യവും ഇല്ലാതാക്കുമെന്ന്  ആശങ്കയുണ്ടെന്നും അഫ്ഗാന്‍ സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു. 

 താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്താല്‍ രണ്ട് പതിറ്റാണ്ടായി സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യം പലതും നഷ്ടമാകുമെന്നാണ് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആശങ്കപ്പെടുന്നത്. പഠിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നഷ്ടമാകുമെന്നും ആശങ്കയുണ്ട്. 

content highlights: afghan women forced from professional jobs after taliban takes power

Content Highlights: