ചരിത്രവിജയം നേടി അബ്ദുൾ എൽ-സയേദ്; യു.എസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം

വാഷിങ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ മിഷിഗണിലെ യു.എസ് സെനറ്റ് സീറ്റിലേക്ക് നടന്ന മത്സരത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ അബ്ദുൾ എൽ-സയേദ് ചരിത്രവിജയം നേടി. റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തിയാണ് എൽ-സയേദ് വിജയം നേടിയത്. ജയത്തോടെ അമേരിക്കൻ ചരിത്രത്തിലെ ആദ്യ മുസ്ലിം സെനറ്ററായി എൽ-സയേദ് മാറി.
എപി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ആകെയുള്ള വോട്ടിന്റെ 18 ശതമാനം എണ്ണിയപ്പോൾ തന്നെ എൽ-സയേദ് വ്യക്തമായ മുന്നേറ്റം നേടിയിരുന്നു. പ്രാദേശിക സമയം രാത്രി 9.48 ഓടെ എൽ-സയേദിന് 4,90,679 വോട്ടുകളും (54.4 ശതമാനം), മൈക്ക് റോജേഴ്സിന് 3,96,428 വോട്ടുകളും (43.9 ശതമാനം) ലഭിച്ചു. ഇതോടെ ജയം ഉറപ്പിച്ചു. 1994-ന് ശേഷം മിഷിഗണിൽനിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർഥികളാരും യു.എസ് സെനറ്റിലേക്ക് ജയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
വെയ്ൻ കൗണ്ടി മുൻ ഹെൽത്ത് ഡയറക്ടറായിരുന്ന പ്രോഗ്രസീവ് നേതാവാണ് എൽ-സയേദ്. ഓഗസ്റ്റിൽ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ കോൺഗ്രസ് അംഗം ഹേലി സ്റ്റീവൻസിനെ പരാജയപ്പെടുത്തിയാണ് എൽ-സയേദ് സ്ഥാനാർഥിത്വം ഉറപ്പിച്ചത്. എന്നാൽ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ഹേലി സ്റ്റീവൻസ് റിപ്പബ്ലിക്കൻ സ്ഥാനാർഥി റോജേഴ്സിന് പിന്തുണ പ്രഖ്യാപിച്ചത് പാർട്ടിയിൽ ഭിന്നത ഉണ്ടാക്കുകയും റിപ്പബ്ലിക്കൻമാർക്ക് മുൻതൂക്കം നൽകുകയും ചെയ്തിരുന്നു. എൽ- സയേദ് മുസ്ലിമാണെന്നതും ഇസ്രയേലിനുള്ള പിന്തുണയും എതിരാളികൾ വിവാദമാക്കാൻ ശ്രമിച്ചിരുന്നു.
Content Highlights: Abdul El-Sayed won the 2026 Michigan US Senate seat against Mike Rogers., He became the first Muslim US Senator in American history., The victory is crucial for Democrats trying to regain control of the US Senate., El-Sayed focused his campaign on universal healthcare and progressive economic policies.