ഖനി കുലുക്കി,പള്ളി മാറ്റിസ്ഥാപിക്കുന്നു;ഉരുളൻവണ്ടിയിലേറി 5 കിലോമീറ്റര്‍ അപ്പുറത്തേക്ക് 2 ദിവസം യാത്ര

സ്റ്റോക്ഹോം: സ്വീഡനിലെ കിരുണ എന്ന കൊച്ചുപട്ടണത്തിന്റെ തെരുവിലൂടെ ഉരുളൻവണ്ടിയിൽ കയറി യാത്രചെയ്യുകയാണ് തടികൊണ്ട് നിർമിച്ച 672 ടൺ ഭാരമുള്ള ഒരു പള്ളി. അഞ്ച് കിലോമീറ്റർ അപ്പുറത്ത് ഒരുക്കിയിരിക്കുന്ന സ്ഥലത്ത് നിലയുറപ്പിക്കാനാണ് ഈ പോക്ക്. കിരുണയിലെ വമ്പൻ ഖനിമൂലം പ്രദേശത്തെ ഭൂമി ദുർബലമായിത്തുടങ്ങിയതോടെ പുരാതനമായ പള്ളിയെ സംരക്ഷിക്കാൻ അധികൃതർ കണ്ടെത്തിയ വഴിയാണ് അടിത്തറയടക്കം പറിച്ചെടുത്ത് പുതിയ സ്ഥലത്തേക്ക് മാറ്റുക എന്നത്. വർഷങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ ചൊവ്വാഴ്ച ആ യാത്ര തുടങ്ങി.
സ്വീഡിഷ് കമ്പനിയായ എൽകെഎബിയുടെ ഇരുമ്പയിര് ഖനിക്ക് സമീപം സ്ഥിതിചെയ്തിരുന്ന പട്ടണമായിരുന്നു കിരുണ. യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ഖനിയാണിത്. ഭൂമി ദുർബലമാകുകയും ഖനിയുടെ വ്യാപ്തി കൂട്ടാൻ തീരുമാനിക്കുകയും ചെയ്തതോടെയാണ് 20 വർഷം മുൻപ് പട്ടണംതന്നെ മറ്റൊരു ഭാഗത്തേക്ക് മാറ്റിത്തുടങ്ങിയത്. വീടൊഴിഞ്ഞുപോയവർ പുതിയവീടുകൾവെച്ചു. പക്ഷേ, 1912-ൽ പണിത, സ്വീഡനിലെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളിലൊന്നെന്ന് വിശേഷണമുള്ള പള്ളിപൊളിക്കുക എന്നത് ചിന്തിക്കാൻവയ്യാത്തതിനാൽ അതേപടി മാറ്റാമെന്ന് തീരുമാനമായി.
പള്ളിക്ക് ചുറ്റുമുള്ള മണ്ണ് മാറ്റി അടിയിൽ മഞ്ഞനിറമുള്ള ഭീമൻ ബീമുകൾ ഘടിപ്പിച്ചു. റിമോട്ടിനാൽ നിയന്ത്രിക്കാൻ സാധിക്കുന്ന 220 ചക്രങ്ങളുള്ള നിലംപറ്റിക്കിടക്കുന്ന ട്രെയിലറിലേക്ക് പള്ളിയെ മാറ്റി. പട്ടണത്തിലെ റോഡിനെ പള്ളിക്ക് കടന്നുപോകാൻ കഴിയുന്നവിധമാക്കാനായി വീതികൂട്ടലും മിനുക്ക് പണികളും ഒരു വർഷം മുൻപ് തുടങ്ങിയിരുന്നു. ഒമ്പതു മീറ്ററായിരുന്ന റോഡുവീതി 24 മീറ്ററാക്കി.മണിക്കൂറിൽ അരക്കിലോമീറ്റർ ദൂരം എന്ന കണക്കിലാണ് പള്ളിയുടെ സഞ്ചാരം. രണ്ടുദിവസംകൊണ്ട് പുതിയ സ്ഥാനത്ത് പള്ളിയെത്തും. 5.2 കോടി ഡോളറാണ് (ഏകദേശം 452 കോടി രൂപ)പള്ളി ഉരുട്ടിമാറ്റാനുള്ള ചെലവ്.
Content Highlights: A 672-ton wooden church in Kiruna, Sweden, is being relocated on wheels due to mining subsidence