നിര്‍ഭയനായ പത്രാധിപര്‍, ജീവചരിത്രകാരന്‍; 'കാഴ്ചപ്പാടി'ന്റെ കാരണഭൂതന്‍ വിടവാങ്ങുമ്പോള്‍

നിര്‍ഭയ പത്രപ്രവര്‍ത്തനം എന്ന പദസഞ്ചയത്തിന് ഒരു കാല്‍പ്പനിക സ്പര്‍ശമാണ് കൂടുതല്‍. ചര്‍ച്ചകളിലും ലേഖനങ്ങളിലും കനം കൂടുകയും പ്രായോഗിക തലത്തില്‍ പരാജയപ്പെടുകയും ചെയ്യുന്ന ധീരമായ ഒരു പ്രയോഗം മാത്രമാവുന്നു പലപ്പോഴും അത്. പക്ഷേ, തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടി.ജെ.എസ്. ജോര്‍ജ് ധീരനും നിര്‍ഭയനുമായിരുന്നു. നിര്‍ഭയ പത്രപ്രവര്‍ത്തനം എന്ന പ്രയോഗത്തിലെ കാല്‍പ്പനികതയെ തൊഴിച്ചെറിഞ്ഞ്, ധീരതയോടെ സ്വന്തം അഭിപ്രായം അധികാരകേന്ദ്രങ്ങള്‍ക്ക് അഭിമുഖമായി നിന്ന് ഏഴു പതിറ്റാണ്ടിലേറെ പറഞ്ഞുകൊണ്ടിരുന്ന ഒരാള്‍ ഇനി ചരിത്രത്തിന്‍റെ ഭാഗമാണ്.
ബിഹാറിലെ അക്രമം റിപ്പോര്‍ട്ട് ചെയ്തതിന് മുഖ്യമന്ത്രി ബി.കെ. സഹായിയുടെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോള്‍ സ്വതന്ത്ര ഇന്ത്യയില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ആദ്യത്തെ പത്രാധിപര്‍ എന്ന ചരിത്രവിശേഷണത്തിനുടമയായി അന്ന് 37 വയസ് മാത്രം പ്രായമുള്ള ടി.ജെ.എസ്. ബിഹാറില്‍ നിന്ന് പ്രസിദ്ധീകൃതമായിരുന്ന സര്‍ച് ലൈറ്റ് എന്ന പത്രത്തിന്‍റെ പത്രാധിപരായിരുന്നു അന്ന് ടി.ജെ.എസ്.
1950ല്‍ മുംബൈയില്‍ ഫ്രീ പ്രസ് ജേണലില്‍ ആരംഭിച്ച പത്രപ്രവര്‍ത്തനം വിവിധ ദേശങ്ങളിലൂടെ, രാജ്യങ്ങളിലൂടെ, സംഭവങ്ങളിലൂടെ കടന്നുപോയി. 2022ല്‍ തുടര്‍ച്ചയായി 25 വര്‍ഷം ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെഴുതിയിരുന്ന പ്രതിവാര പംക്തിയായ ‘പോയിന്‍റ് ഓഫ് വ്യൂ ’ അവസാനിപ്പിച്ച് പത്രപ്രവര്‍ത്തനത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ ഇന്ത്യന്‍ പത്രലോകത്തെ കാരണവര്‍ക്ക് പ്രായം 94 ആയിരുന്നു.
പോയിന്‍റ് ഓഫ് വ്യൂ നിര്‍ത്തിയതിനു ശേഷം ‘മാതൃഭൂമി ’ക്കു നല്‍കിയ അഭിമുഖത്തില്‍ ടി.ജെ.എസ്. താന്‍ അധികാര കേന്ദ്രങ്ങള്‍ക്ക് അഭിമതനായിരുന്നില്ല എന്നു പറയുന്നുണ്ട്. അധികാരകേന്ദ്രങ്ങള്‍ക്ക് കീഴ്പ്പെടുന്ന പുതിയ കാല പത്രപ്രവര്‍ത്തനത്തെ വിമര്‍ശിക്കുന്നുമുണ്ട് അദ്ദേഹം. പത്രപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തെ ഒന്നിനും ഭയപ്പെടുത്താനായില്ല. ‘ഞാന്‍ എന്തിന് ഭയപ്പെടണം. എന്നെ എന്തു ചെയ്യാന്‍ കഴിയും? കൂടി വന്നാല്‍ ഇവര്‍ക്കെന്നെ ജയിലില്‍ അടയ്ക്കാനായേക്കും. നമ്മള്‍ ഭയപ്പെടാന്‍ തുടങ്ങിയാല്‍ അതിനു മാത്രമേ നേരമുണ്ടാവൂ, ’ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ടിജെഎസിന്‍റെ പത്രപ്രവര്‍ത്തന ജീവിതത്തിലേക്ക് നോക്കുമ്പോള്‍ ഇതൊരു വെറും പറച്ചില്‍ ആയിരുന്നില്ലെന്നും അദ്ദേഹം സ്ഥിരതയോടെ പുലര്‍ത്തിയിരുന്ന നിലപാടായിരുന്നു എന്നും കാണാം.
പത്രപ്രവര്‍ത്തകന്‍ എന്ന ഒരു തലത്തില്‍ മാത്രം കാണേണ്ട ഒരു എഴുത്തു ജീവിതമായിരുന്നില്ല ടി.ജെ.എസിന്‍റേത്. ജീവചരിത്രകാരന്‍ എന്ന നിലയില്‍ ഇന്ത്യയിലെ എണ്ണം പറഞ്ഞ എഴുത്തുകാരുടെ നിരയിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനം. വി.കെ. കൃഷ്ണമേനോന്‍, എം.എസ്. സുബ്ബലക്ഷ്മി, പോത്തന്‍ ജോസഫ്, നര്‍ഗീസ് എന്നിവരെക്കുറിച്ച് അദ്ദേഹമെഴുതിയ ജീവചരിത്രങ്ങള്‍ ഈ വ്യക്തികളുടെ ജീവിതത്തെക്കുറിച്ചുള്ള ആധികാരിക രേഖകളായി മാറുകയായിരുന്നു.
അച്ചടി മാധ്യമത്തിലായിരുന്നു ടി.ജെ.എസ്. പയറ്റിയതും തെളിഞ്ഞതും അടക്കി വാണതും. സാമൂഹിക മാധ്യമങ്ങള്‍ ശക്തി പ്രാപിക്കുന്നത് കണ്‍മുന്നില്‍ കണ്ടപ്പോഴും ടി.ജെ.എസ്. അച്ചടിച്ച വാക്കുകള്‍ക്ക് പകരമാവില്ല ഒന്നും എന്ന് ഉറച്ചു വിശ്വസിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് അകന്ന്, മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ ടി.ജെ.എസ്. സമകാലിക ഇന്ത്യയിലും ലോകത്തും നടക്കുന്ന സംഭവങ്ങള്‍ക്കു നേരെ കണ്ണു തുറന്നു വച്ചു. ആഴ്ച തോറും നിശിതമായ ഭാഷയില്‍ തന്‍റെ പ്രതിവാര പംക്തികളില്‍ ആ സംഭവങ്ങളെ വിശകലനം ചെയ്തു. പത്രപ്രവര്‍ത്തനം യുവാക്കളുടെ മേഖലയാണെന്നു പറയുമ്പോഴും വായനക്കാര്‍ ടി.ജെ.എസിന്‍റെ ‘കാഴ്ചപ്പാട് ’ വായിക്കാന്‍ കാത്തിരുന്നു.
ഏഴു പതിറ്റാണ്ടോളം എഴുതിയതും പ്രവര്‍ത്തിച്ചതും ഇംഗ്ളീഷ് പത്രപ്രവര്‍ത്തന രംഗത്തായിരുന്നെങ്കിലും അതിസുന്ദരമായ മലയാളത്തിലും എഴുതാനാവുമെന്ന് ജീവിതത്തിന്‍റെ അവസാന കാലയളവുകളില്‍ അദ്ദേഹം തെളിയിച്ചു. വ്യക്തികളും സംഭവങ്ങളും ആഘോഷമായി കടന്നു പോകുന്ന ‘ഘോഷയാത്ര ’ എന്ന അതിമനോഹരമായ ഗ്രന്ഥത്തിലൂടെ അദ്ദേഹം മലയാളത്തിലെ ലബ്ധപ്രതിഷ്ഠരും കൃതഹസ്തരുമായ പത്രപ്രവര്‍ത്തകരെ ലജ്ജിപ്പിച്ചു.
തലപ്പൊക്കമുള്ളവരുടെ തലമുറ മാഞ്ഞുകൊണ്ടിരിക്കുകയാണ്. ആദര്‍ശവും ധീരതയും കൈമുതലാക്കി അക്ഷരങ്ങളെ അഗ്നിയാക്കി ജ്വലിപ്പിച്ച പഴയ തലമുറയിലെ കാരണവന്‍മാരില്‍ അവസാനത്തെ കണ്ണികളിലൊന്നുകൂടി അറ്റുവീണിരിക്കുന്നു. ടി.ജെ.എസ്. ജോര്‍ജ് എന്ന സൗമ്യനും ധിക്കാരിയുമായിരുന്ന പത്രാധിപര്‍ ഇനി ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ജ്വലിക്കുന്ന ഒരധ്യായമായി വീണ്ടും വീണ്ടും വായിക്കപ്പെടും.