വെറുമൊരു സാംസ്കാരിക പ്രസ്ഥാനം എങ്ങനെ ആഗോള സമുദ്രപാതകളെ നിയന്ത്രിക്കുന്ന ശക്തിയായി? ഹൂതികളുടെ ചരിത്രത്തിനു പിന്നിലെ യഥാർത്ഥ ശക്തികൾ

ഔദ്യോഗികമായി 'അൻസാർ അള്ളാ' (ദൈവത്തിന്റെ സഹായികൾ) എന്നറിയപ്പെടുന്ന ഹൂതികൾ (Houthis) വടക്കൻ യെമനിലെ സഅദ (Sa'ada) പ്രവിശ്യയിൽനിന്ന് ഉയർന്നുവന്ന ഒരു സായുധ രാഷ്ട്രീയ-മത പ്രസ്ഥാനമാണ്. ഇസ്ലാമിലെ ഷിയാ ധാരയിലുള്ള 'സെയ്ദി' (Zaydi) സാമ്പ്രദായിക വിശ്വാസ പ്രമാണത്തിൽനിന്നാണ് ഈ പ്രസ്ഥാനത്തിന്റെ ചിന്താധാര രൂപപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിൽ നിലവിൽ വന്ന സെയ്ദി സമ്പ്രദായം ആയിരം വർഷത്തിലധികം യെമന്റെ ഭരണഘടനയിലും സാമൂഹിക മണ്ഡലത്തിലും നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. എന്നാൽ, 1962-ൽ യെമനിൽ രാജവാഴ്ച അവസാനിച്ച് റിപ്പബ്ലിക് നിലവിൽ വന്നതോടെ സെയ്ദി ജനവിഭാഗം രാഷ്ട്രീയമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കപ്പെട്ടു. 1990-കളുടെ തുടക്കത്തിൽ സൗദി അറേബ്യയുടെ പിന്തുണയോടെ വടക്കൻ യെമനിൽ വഹാബി-സുന്നി ആശയങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടപ്പോൾ, സ്വന്തം മതപരവും സാംസ്കാരികവുമായ വ്യക്തിത്വം നിലനിർത്താൻ സെയ്ദി പണ്ഡിതന്മാർ രൂപം നൽകിയ പുനരുത്ഥാന പ്രസ്ഥാനമാണ് ഹൂതികളുടെ ആദ്യരൂപം. 1992-ൽ ഹുസൈൻ ബദറുദ്ദീൻ അൽ ഹൂതി, സഹോദരൻ മുഹമ്മദ് അൽ ഹൂതി എന്നിവർ ചേർന്ന് 'ഷബാബ് അൽ മുഅ്മിനീൻ' എന്ന സാംസ്കാരിക സംഘടന സ്ഥാപിച്ചു. പ്രാരംഭഘട്ടത്തിൽ യുവാക്കൾക്കായി വേനൽക്കാല ക്യാമ്പുകളും മതപഠന ക്ലാസുകളും സംഘടിപ്പിച്ചിരുന്ന ഈ പ്രസ്ഥാനം, വടക്കൻ യെമനിലെ പാവപ്പെട്ട ജനങ്ങൾക്ക് സാമൂഹിക സേവനങ്ങളും നൽകിപ്പോന്നു.
2003-ൽ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടെയാണ് ഈ സാംസ്കാരിക പ്രസ്ഥാനം തീവ്ര രാഷ്ട്രീയ-സൈനിക നിലപാടുകളിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത്. പാശ്ചാത്യ ഇടപെടലുകളെ പ്രതിരോധിക്കാനും യെമൻ ഭരണകൂടത്തിന്റെ അഴിമതിക്കെതിരെ പോരാടാനും ഹുസൈൻ അൽ ഹൂതി ആഹ്വാനം ചെയ്തു. ഇക്കാലത്താണ് 'അല്ലാഹു അക്ബർ, അമേരിക്കയ്ക്ക് മരണം, ഇസ്രയേലിന് മരണം, ജൂതന്മാർക്ക് ശാപം, ഇസ്ലാമിന് വിജയം' എന്ന പ്രശസ്തമായ ഹൂതി മുദ്രാവാക്യം രൂപപ്പെടുന്നത്. തത്ത്വശാസ്ത്രപരമായി, ഷിയാ ആശയധാരയിലുള്ളവരാണെങ്കിലും ഇറാന്റെയും ഇറാഖിന്റെയും ഭൂരിഭാഗം വരുന്ന 'ഇത്നാ അശരി' ഷിയാ വിഭാഗത്തിൽനിന്ന് സെയ്ദികൾ വ്യതിരിക്തരാണ്. ദൈവത്താൽ നിയോഗിക്കപ്പെട്ട ഇമാമിൽ വിശ്വാസമർപ്പിക്കുന്ന ഷിയാക്കളിൽനിന്ന് വ്യത്യസ്തമായി, അനീതിക്കെതിരെ പോരാടുന്ന ഏതൊരു പ്രവാചക കുടുംബാംഗത്തിനും ഇമാമാകാം എന്നാണ് സെയ്ദി വിശ്വാസം. ഈ പ്രത്യയശാസ്ത്രപരമായ പ്രത്യേകത ഹൂതികളുടെ സായുധ പോരാട്ടവീര്യത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
Content Highlights: Explore the origins and evolution of the Houthis, a significant political and religious movement emerging from northern Yemen's Sa'ada province.