മാന്ദ്യത്തിൽ കാനഡയുടെ രക്ഷകൻ, രണ്ട് രാജ്യങ്ങളുടെ കേന്ദ്രബാങ്ക് മേധാവി; ട്രംപിനൊത്ത എതിരാളിയോ കാർനി?

മാർക് കാർനി | Photo: AP
മാർക് കാർനി | Photo: AP

ബാങ്കറുടെ കണിശമായ സാമ്പത്തിക വൈദ​ഗ്ധ്യത്തിന് രാജ്യത്തെ രക്ഷിച്ചെടുക്കാൻ സാധിക്കുമോ? കാനഡയെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ ചോദ്യമാണിത്. കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ രാജ്യം നിൽക്കെയാണ് പാതിയിൽ പടിയിറങ്ങാൻ ജസ്റ്റിൻ ട്രൂഡോ തീരുമാനിക്കുന്നത്. പകരം വന്നതാകട്ടെ, രണ്ട് രാജ്യങ്ങളുടെ കേന്ദ്ര ബാങ്ക് ​ഗവർണറായിരുന്ന 59-കാരനും. കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക് കാർനി. തീരുവയുദ്ധം പ്രഖ്യാപിച്ച് കാന‍ഡയുടെ സ്വത്വത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ട് പോകുന്ന ട്രംപാണ് കാർനിയുടെ ഏറ്റവും വലിയ വെല്ലുവിളി. തിരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങൾ അത്ര പരിചയമുള്ള ആളല്ല കാർനി. ട്രംപിനെപ്പോലെ അടിമുടി 'രാഷ്ട്രീയക്കാരനായ' ഒരാളോട് ഏറ്റുമുട്ടാൻ കണക്കിലെ കണിശത മതിയാകുമോ എന്നതാണ് ചോദ്യം. 

കഴിഞ്ഞ ദിവസമാണ് ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി മാർക് കാർനിയെ ലിബറൽ പാർട്ടി തിരഞ്ഞെടുക്കുന്നത്. മുൻ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ്, മന്ത്രിസഭാംഗം കരിന ഗൗൾഡ്, ബിസിനസുകാരനും മുൻ എം.പിയുമായ ഫ്രാൻക് ബെയ്‌ലിസ് എന്നിവരെ പരാജയപ്പെടുത്തി, 85.9% വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കാർനി നേതൃസ്ഥാനത്തെത്തുന്നത്. ഒക്ടോബർ 20-ന് പൊതുതിരഞ്ഞെടുപ്പ്‌ നടക്കുന്നതുവരെയാണ് അദ്ദേഹത്തിന്റെ കാലാവധി. ചെയ്തുതീർക്കാനും വ്യക്തമാക്കാനും ഒട്ടേറെ കാര്യങ്ങളും. പാതിവഴിയിൽ വിള്ളലുവീണ നയതന്ത്ര ബന്ധം പുനർനിർമിക്കാനുള്ള സാധ്യതയിലാണ് ഇന്ത്യയുടെ നോട്ടം. രാഷ്ട്രീയത്തിലെ പരിചയക്കുറവ് വിനയാകുമോ എന്നതും ചോദ്യമാണ്. കൺസർവേറ്റിവുകൾക്ക് മുന്നിൽ അടിപതറി നിൽക്കെ സ്വന്തം പാർട്ടിയെ വീണ്ടെടുക്കാൻ കാർനിക്ക് സാധിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. 

Content Highlights: Who is Mark Carney, Canada’s new Liberal leader and next prime minister

Continue reading