‘പിണറായി ചിരിക്കാതെ ചെയ്തത്‌ സതീശൻ ചിരിച്ച് ചെയ്യുന്നു; 100 ദിവസംകൊണ്ട് 10, 000 കോടി രൂപ കടം’

#ബി.ബി. ഗോപകുമാർ | ബിജെപി. നിയമസഭാകക്ഷി നേതാവ്
മുഖ്യമന്ത്രി വി.ഡി.സതീശന്‍ |ഫോട്ടോ:മാതൃഭൂമി
മുഖ്യമന്ത്രി വി.ഡി.സതീശന്‍ |ഫോട്ടോ:മാതൃഭൂമി

വമ്പൻ പ്രഖ്യാപനങ്ങളുടെയും വാചകക്കസർത്തുകളുടെയും പൊള്ളത്തരം വ്യക്തമായ 100 ദിനങ്ങളാണ് കടന്നുപോയത്. ആദ്യ ബജറ്റിൽതന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുകയായിരുന്നു സർക്കാർ. ഇതിലൂടെ സാധാരണക്കാരോടല്ല, മദ്യക്കമ്പനികളോടാണ് സർക്കാരിന് താല്പര്യമെന്ന് തെളിഞ്ഞു. 100 ദിവസംകൊണ്ട് 10,000 കോടി രൂപ കടമെടുത്ത സർക്കാരാണിത്. ഒരു ദിവസം 100 കോടി രൂപ കടമെടുക്കുന്ന സർക്കാർ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ ഭാവന പൂർണമായ യാതൊരു നടപടികളും നടപ്പാക്കിയിട്ടില്ല. തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും അവസരത്തിലും അനവസരത്തിലും 'വിസ്മയം' വരുമെന്ന് മുഖ്യമന്ത്രി പറയുന്നതല്ലാതെ ഒന്നും അനുഭവത്തിൽ വന്നിട്ടില്ല.

യഥാർത്ഥത്തിൽ മുൻ സർക്കാരുകളുടെ പരാജയപ്പെട്ട നയങ്ങളുടെ തുടർച്ച മാത്രമാണീ സർക്കാർ. സാമ്പത്തിക തകർച്ചയും കെടുകാര്യസ്ഥതയും നൂറുദിവസം പിന്നിടുമ്പോഴും സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടുതൽ ദയനീയമായ അവസ്ഥയിലാണ്. ഇടതുപക്ഷക്കാർ പോലും വെറുത്തുപോയ, പിണറായി സർക്കാരിന്റെ തുടർച്ചയായി തന്നെയാണ് വി.ഡി. സതീശൻ സർക്കാരിനേയും നിക്ഷ്പക്ഷമതികൾ കാണുന്നത്. പി.എസ്.സി. നിയമനങ്ങൾ നടത്താതെ ചെറുപ്പക്കാരെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മ പരിഹരിക്കുമെന്നത് യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാൽ, ആദ്യ 100 ദിവസത്തിൽ പി.എസ്.സി റാങ്ക് ലിസ്റ്റുകൾ റദ്ദാക്കാനും പിൻവാതിൽ നിയമനങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ ശ്രദ്ധിച്ചത്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ തെരുവിൽ സമരം ചെയ്യുമ്പോൾ, പാർട്ടി ബന്ധുക്കൾക്കും ആശ്രിതർക്കും തസ്തികകൾ സൃഷ്ടിച്ച് സ്ഥിരപ്പെടുത്തുകയാണ്. കേരളത്തിലെ യുവജനതയെ ഈ സർക്കാർ ക്രൂരമായി വഞ്ചിച്ചിരിക്കുന്നു. സമരങ്ങളോടുള്ള സമീപനത്തിൽ പിണറായി വിജയന്റെ നേരനിയനാണ് വി.ഡി. സതീശൻ. പിണറായി ചിരിക്കാതെ ചെയ്തിരുന്ന നിഷേധ സമീപനം സതീശൻ ചിരിച്ചുകൊണ്ട് ചെയ്യുന്നു. അത്രയും വ്യത്യാസമേയുള്ളൂ.

ഇത്രയേറെ വിലക്കയറ്റമുണ്ടായ നാളില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ പൂർണ്ണ പരാജയമാണ് സർക്കാർ. വിഹിതം അടച്ചിട്ടും പ്രവാസി പെൻഷനും ക്ഷേമനിധി പെൻഷനും നൽകിയിട്ടില്ല. ഇവരുടെ മറ്റ് ആനുകൂല്യങ്ങളും സർക്കാർ നൽകുന്നില്ല. മന്ത്രിമാർ അറിയാതെ മുഖ്യമന്ത്രി തീരുമാനം എടുക്കുന്ന സാഹചര്യം പലതവണയുണ്ടായി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണിത്. മന്ത്രിസഭയ്ക്ക് പുറത്ത് ചില രഹസ്യകേന്ദ്രങ്ങളിൽ എടുക്കുന്ന തീരുമാനം മുഖ്യമന്ത്രി നടപ്പാക്കുന്നതായി സംശയയിക്കേണ്ടിയിരിക്കുന്നു.

പാവപ്പെട്ട കുട്ടികൾക്ക് പ്രയോജനകരമായ പി.എം.ശ്രീ പോലെയുള്ള പദ്ധതികളോട് പുറംതിരിഞ്ഞു നിൽക്കുന്നതിന് കാരണം ജമാഅത്തെ ഇസ്ലാമിയുടെയും തീവ്രമതശക്തികളുടെയും ഭീഷണിയാണ്. മുസ്ലിംലീഗിന്റെയും തീവ്ര മതശക്തികളുടെയും തടവറയിലാണ് മുഖ്യമന്ത്രി. വലിയ പ്രഖ്യാപനങ്ങളോടെയും അവകാശവാദങ്ങളോടെയും അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യത്തെ 100 ദിവസങ്ങൾ പൂർത്തിയാകുമ്പോൾ ബാക്കിയാകുന്നത്, നിരാശയും ആശങ്കയും മാത്രമാണ്.

വിഴിഞ്ഞം പദ്ധതി അടക്കം കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന മുഖ്യമന്ത്രി കേരളത്തിന്റെ സമ്പദ് വ്യവസ്ഥ വിപുലീകരിക്കാൻ യാതൊന്നും ചെയ്തിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ കേരളത്തിന്റെ വികസനത്തിനായി അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാതെ അട്ടിമറിക്കാനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ഭവന പദ്ധതികളിൽ കേന്ദ്ര വിഹിതം മറച്ചുവെച്ച് സ്വന്തം പേരിൽ ബ്രാൻഡിംഗ് നടത്താനാണ് സതീശൻ സർക്കാരിന് താല്പര്യം.

കേന്ദ്രം അനുവദിക്കുന്ന റേഷൻ വിഹിതവും കിസാൻ സമ്മാൻ നിധിയും ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ മാത്രമാണ് ശ്രദ്ധ. കേന്ദ്ര സർക്കാർ നൽകുന്ന വികസന ഫണ്ടുകൾ കൃത്യമായി വിനിയോഗിക്കാനോ സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം വർദ്ധിപ്പിക്കാനോ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ കശുവണ്ടി മേഖലയെ ആഗോള ബ്രാൻഡാക്കി മാറ്റാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. സതീശൻ സർക്കാർ ഈ കേന്ദ്ര ഫണ്ടുകളും പദ്ധതികളും കൃത്യമായി വിനിയോഗിച്ച് തൊഴിലാളികളിലേക്ക് എത്തിക്കുന്നുന്നതിൽ പരാജയപ്പെട്ടു. കയർ മേഖലയിൽ കാലാനുസൃതമായ ആധുനികവൽക്കരണം കൊണ്ടുവരുന്നതിലും, കയറ്റുമതി വർദ്ധിപ്പിക്കുന്നതിലും സർക്കാരിന് ദീർഘവീക്ഷണമില്ല.

കേരളത്തിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നിരിക്കുന്നു. അടൂരിലെ ദളിത് യുവാവിനോട് പോലീസ് ചെയ്തത് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന നടപടിയാണ്. പോലീസിനേയും സർക്കാർ വകുപ്പുകളേയും പൂർണമായി രാഷ്ട്രീയവത്ക്കരിച്ചതിനാൽ ഭരണ സ്തംഭനത്തിലേക്കാണ്, സംസ്ഥാനം നീങ്ങുന്നത്. പി.ആർ ഏജൻസികളുടെ പരസ്യങ്ങളിലൂടെയല്ല, ജനങ്ങളുടെ ജീവിതാനുഭവങ്ങളിലൂടെയാണ് ഭരണത്തിന്റെ വിജയം അളക്കേണ്ടത്. പ്രഖ്യാപനങ്ങളുടെ പുകമറ മാറ്റി യാഥാർത്ഥ്യത്തിലേക്ക് വരാൻ സർക്കാർ തയ്യാറാകണം. പരാജയപ്പെട്ട ഈ 100 ദിവസത്തെ ഭരണം കേരളത്തെ കൂടുതൽ ഇരുട്ടിലേക്ക് നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Content Highlights: The VD Satheesan government completed 100 days marked by severe financial crisis and a debt increase of 10,000 crore rupees., Unemployment remains unaddressed with canceled PSC rank lists and back-door appointments., Welfare pensions, price rise control, and central scheme implementations have heavily suffered under the current administration.