ഡോളർ ആയുധമാക്കി ട്രംപ്; ലക്ഷ്യം ഇറാന്റെ തകർച്ചയോ ചൈനയോ? എന്താണ് ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’

അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയിൽനിന്ന് ഇറാനെ പരിപൂർണമായും ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അമേരിക്ക ഇറാനെതിരേ ‘സാമ്പത്തികയുദ്ധം’ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ (Operation Economic Outcast) എന്ന് പേരിട്ടിരിക്കുന്ന നടപടികൾ വഴി ഇറാനിലേക്കെത്തുന്ന എല്ലാ സാമ്പത്തിക സ്രോതസ്സുകളും വിച്ഛേദിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപിച്ച നടപടികളെ രണ്ടാം ലോകമഹായുദ്ധത്തിലെ സഖ്യകക്ഷികളുടെ വിഖ്യാതമായ ‘ഡി-ഡേ’ സൈനിക നീക്കത്തോടാണ് ട്രംപ് ഭരണകൂടം ഉപമിച്ചിരിക്കുന്നത്.
ഇറാൻ ഭരണകൂടത്തിന്റെയും അവരുടെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപി(ഐ.ആർ.ജി.സി)ന്റെയും സാമ്പത്തിക അടിത്തറ തകർക്കുകയാണ് ഇതിന്റെ മുഖ്യ ലക്ഷ്യം. ഇന്നേവരെ മറ്റൊരു രാജ്യത്തിനെതിരേയും നടപ്പിലാക്കിയിട്ടില്ലാത്ത, ഏറ്റവും മാരകമായ സാമ്പത്തിക ആക്രമണമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നീക്കങ്ങളെ വിശേഷിപ്പിച്ചത്. മുൻപ് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്ത ഉപരോധങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇറാന്റെ ആഗോള സാമ്പത്തിക ശൃംഖലയും അവരുമായി വ്യാപാരത്തിൽ ഏർപ്പെടുന്ന മറ്റു രാജ്യങ്ങളെയും തളർത്തുക എന്നതാണ് ഈ പദ്ധതിയുടെ തന്ത്രം.
അമേരിക്കൻ ഉപരോധങ്ങളും യു.എസ്. നാവികസേന ഏർപ്പെടുത്തിയ കപ്പൽ ഉപരോധവും കാരണം ഇറാന്റെ ആഭ്യന്തര വിപണി ഇതിനകംതന്നെ കടുത്ത തകർച്ചയെ അഭിമുഖീകരിക്കുകയാണ്. അമേരിക്കൻ ഡോളറിനെതിരെ ഇറാന്റെ കറൻസിയായ ‘റിയാൽ’ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ്. കടുത്ത പണപ്പെരുപ്പം മൂലം രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വില ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധം കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഉപരോധങ്ങൾ അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.
എന്താണ് 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്' ?
ദശാബ്ദങ്ങളായി അമേരിക്കയുടെ ഉപരോധങ്ങളെല്ലാം ഇറാൻ അതിജീവിച്ചിട്ടുണ്ട്. അതിനാൽതന്നെ ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾ, കമ്പനികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെ ഉപരോധങ്ങൾ വിപുലീകരിക്കുകയാണ് ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ വഴി അമേരിക്ക. ഇറാന്റെ ആഗോള സാമ്പത്തിക ബന്ധങ്ങളും വിനിമയങ്ങളും തടഞ്ഞുകൊണ്ട് രാജ്യത്തെ അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥയിൽനിന്ന് ഒറ്റപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇറാന്റെ ആഗോള സാമ്പത്തിക ബന്ധങ്ങൾക്കെതിരെയുള്ള ‘സാമ്പത്തിക കടന്നാക്രമണം’ എന്നാണ് സ്കോട്ട് ബെസെന്റ് ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇറാനുമായി ബന്ധപ്പെടുന്ന രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കുംമേൽ സമ്മർദ്ദം ശക്തമാക്കുന്നതുവഴി അവർ സ്വമേധയാ ബന്ധം വിച്ഛേദിക്കുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിലൂടെ ഇറാന്റെ ഏറ്റവും നിർണായകമായ അഞ്ച് മേഖലകളെയാണ് അമേരിക്ക ലക്ഷ്യംവെക്കുന്നത്. ഡിജിറ്റൽ ആസ്തികൾ, സാങ്കേതികവിദ്യ, സ്വർണം, വ്യോമയാനം, കപ്പൽ ഗതാഗതം എന്നിവയാണവ.
ക്രിപ്റ്റോ കറൻസികൾ ഉൾപ്പെടെയുള്ള ‘ഡിജിറ്റൽ അസറ്റു’കൾ ഉപയോഗിക്കുന്നത് തടയുക എന്നതാണ് അതിൽ ഒന്നാമത്തേത്. ഉപരോധങ്ങൾ മറികടക്കാനും രഹസ്യ ഇടപാടുകൾ സുഗമമാക്കാനും ഇറാൻ ഭരണകൂടവും ഐ.ആർ.ജി.സിയും ഡിജിറ്റൽ ആസ്തികൾ ഉപയോഗിക്കുന്നത് തടയുന്നത് ലക്ഷ്യമിട്ടാണത്. ആണവ ഗവേഷണങ്ങൾക്കും മിസൈൽ വികസനങ്ങൾക്കുമായി തന്ത്രപ്രധാന സാങ്കേതികവിദ്യകൾ ഇറക്കുമതി ചെയ്യുന്നത് തടയുകയാണ് മറ്റൊന്ന്. സ്വർണം വഴിയുള്ള സാമ്പത്തിക ഇടപാടുകളും സമ്പത്ത് സൂക്ഷിക്കലും ഇല്ലാതാക്കുക. രാജ്യത്തിന്റെ വ്യോമയാന മേഖലയെയും സാമ്പത്തികമായി ഒറ്റപ്പെടുത്തുക. അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിച്ചുകൊണ്ട് നടത്തുന്ന എണ്ണവില്പന നിർത്തലാക്കുക. വ്യാജ കമ്പനികളെ ഉപയോഗിച്ചും കപ്പലുകളുടെ ഉടമസ്ഥാവകാശം മാറ്റിയും സമുദ്രത്തിൽവെച്ച് എണ്ണ കൈമാറുന്ന ഇറാന്റെ വ്യാപാരം തടയുക എന്നിവയാണ് മറ്റുള്ളവ.
ഇറാനിൽനിന്ന് എണ്ണ വാങ്ങുന്നവർ, ഇറാന്റെ എണ്ണ കൊണ്ടുപോകുന്ന കപ്പൽ കമ്പനികൾ, ഇറാനിയൻ ഫണ്ടുകളുടെ കൈമാറ്റം സുഗമമാക്കുന്ന എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, കടലിൽവെച്ച് കപ്പലുകൾ തമ്മിൽ എണ്ണ കൈമാറ്റം ചെയ്യുന്നതിന് മൗനാനുവാദം നൽകുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും, ഇറാന്റെ ഇടപാടുകൾക്ക് സഹായം നൽകുന്ന ബാങ്കുകൾ എന്നിങ്ങനെ വിവിധ തലത്തിലുള്ളവരെ ലക്ഷ്യമിട്ടാണ് നടപടികൾ. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 60-ലധികം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കപ്പലുകൾക്കുമെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തിക്കഴിഞ്ഞു. ഹോങ്കോങ്, ചൈന, മലേഷ്യ, സിംഗപ്പൂർ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കെതിരേയാണ് നിലവിൽ നടപടി സ്വീകരിച്ചിട്ടുള്ളത്. മുൻപ് നൽകിയിരുന്ന ചില പ്രത്യേക ജനറൽ ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ട്. മാത്രമല്ല, ഇറാനിലേക്കുള്ള പണമയയ്ക്കൽ സംവിധാനങ്ങളും സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിലെ സഹകരണങ്ങളും യു.എസ് തടയുകയും ചെയ്തിട്ടുണ്ട്.
ഡോളറിനെ ആയുധമാക്കുന്ന യു.എസ് തന്ത്രം
യു.എസ്. ഡോളറിന്റെ ആഗോള സ്വാധീനത്തെ ഒരു നയതന്ത്ര ആയുധമായി മാറ്റുന്നു എന്നതാണ് അമേരിക്ക പ്രഖ്യാപിച്ച ഉപരോധങ്ങളുടെ മറ്റൊരു വശം. ആഗോള വ്യാപാരത്തിൽ ഡോളറിനുള്ള അനിഷേധ്യമായ മേധാവിത്വം ഉപയോഗിച്ചാണ് അവർ ഈ നീക്കങ്ങളെല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇറാനുവേണ്ടി നിയമവിരുദ്ധമായി പണം കൈമാറാൻ സഹായിക്കുകയോ അവരുമായി വ്യാപാരം തുടരുകയോ ചെയ്യുന്ന വിദേശ ബാങ്കുകളെയും സ്ഥാപനങ്ങളെയും യു.എസ്. ഡോളർ അധിഷ്ഠിത ധനകാര്യ വ്യവസ്ഥയിൽനിന്ന് പൂർണമായി പുറത്താക്കുമെന്നാണ് സ്കോട്ട് ബെസെന്റിന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ബാങ്കുകൾക്കോ കമ്പനികൾക്കോ ഡോളർ വിനിമയ സൗകര്യം നഷ്ടപ്പെടുന്നത് അവയുടെ സാമ്പത്തിക തകർച്ചയ്ക്കുതന്നെ കാരണമാകും.
ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് വിവരം. ഇറാൻ ഭരണകൂടവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റ് ലോകനേതാക്കളെ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന് ബെസെന്റ് പറഞ്ഞത്. എന്നാൽ, ഏതെല്ലാം രാജ്യങ്ങളെയാണ് വിളിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അമേരിക്കയുടെ അഭ്യർത്ഥന നിരസിക്കുന്നവർ ഇറാൻ ഭരണകൂടത്തോടൊപ്പം ഉപരോധത്തന് വിധേയമാകാൻ തയ്യാറെടുക്കണമെന്നും ബെസെന്റ് മുന്നറിപ്പ് നൽകി. സാമ്പത്തികമായി ബുദ്ധിമുട്ടിക്കുക മാത്രമല്ല, മറിച്ച് നയങ്ങളിൽ തന്ത്രപരമായ മാറ്റങ്ങളും വിട്ടുവീഴ്ചകളും വരുത്താൻ അവരെ നിർബന്ധിതരാക്കുക എന്നതാണ് ഇതുവഴി അമേരിക്ക ലക്ഷ്യമിടുന്നത്.
പക്ഷേ, ഈ കടുത്ത നടപടി പെട്ടെന്ന് നടപ്പിലാക്കുന്നതിൽ അമേരിക്കയ്ക്ക് ചില ആശങ്കകളുമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആഗോള ധനകാര്യ വ്യവസ്ഥയെ തകിടംമറിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഇറാനെ സഹായിക്കുന്ന വിദേശ സ്ഥാപനങ്ങൾക്കെതിരെ ഉടനടി നടപടി സ്വീകരിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി യു.എസ് ട്രഷറി സെക്രട്ടറി പറഞ്ഞത്. തെറ്റായ സാമ്പത്തിക നയങ്ങൾ തിരുത്താൻ എല്ലാ രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും കൃത്യമായ സമയപരിധി നൽകുമെന്നും അതിന് തയ്യാറാകാത്തവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നു.
ചൈന എന്ന വലിയ വെല്ലുവിളിയും നയതന്ത്ര പ്രതിസന്ധിയും
യു.എസ്. ട്രഷറി സെക്രട്ടറിയുടെ പ്രഖ്യാപനത്തിൽ ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കുനേരെ കടുത്ത ഭീഷണികളാണ് ഉണ്ടായിരുന്നത്. അത്തരം രാജ്യങ്ങളെ അദ്ദേഹം ഇറാന്റെ സഹായികളെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എങ്കിലും ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ചൈനയാണ് അമേരിക്കയുടെ ഏറ്റവും വലിയ ആശങ്കകളിലൊന്ന്. ഈ ഉപരോധ പദ്ധതിയുടെ വിജയം ചൈനയുടെ നിലപാടിനെ ആശ്രയിച്ചായിരിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം ഇറാന്റെ എണ്ണ കയറ്റുമതിയുടെ 80 ശതമാനത്തിലധികവും വാങ്ങുന്നത് ചൈനയാണ്. കൂടാതെ ചൈനീസ് റിഫൈനറികളാണ് ഇറാന്റെ 90 ശതമാനം എണ്ണയും ഉപയോഗിക്കുന്നത്.
ഇറാനുവേണ്ടി പണമിടപാടുകൾ നടത്തുന്ന ചൈനീസ് ബാങ്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് അമേരിക്കൻ ഉപരോധത്തിന്റെ പരിധിയിൽനിന്ന് ആർക്കും ഒഴിവില്ലെന്നെന്നാണ് ബെസെന്റ് പ്രതികരിച്ചത്. എന്നാൽ, ചൈനീസ് ബാങ്കുകളെയും എണ്ണക്കമ്പനികളെയും അമേരിക്ക ഉപരോധിച്ചാൽ അത് യു.എസ്.-ചൈന ബന്ധം തകർക്കും. ഇതിന് പകരമായി അമേരിക്കയിലേക്കുള്ള അത്യപൂർവ്വ ധാതുക്കളുടെ കയറ്റുമതി നിരോധിക്കാൻ ചൈന മുതിർന്നേക്കും. നേരത്തെ താരിഫ് വിഷയത്തിൽ ചൈന തിരിച്ചടിച്ചത് അത്യപൂർവ്വ ധാതുക്കളുടെ കയറ്റുമതി നിരോധിച്ചുകൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ, പരസ്യമായ ഒരു ഏറ്റുമുട്ടലിന് അമേരിക്ക തയ്യാറായേക്കില്ലെന്നാണ് നിരീക്ഷണം. പകരം രഹസ്യ നയതന്ത്ര ചർച്ചകളിലൂടെ ചൈനയെ അനുനയിപ്പിക്കാനായിരിക്കും അമേരിക്കയുടെ ശ്രമമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, ഉപരോധങ്ങൾ കൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നാണ് ചൈനയുടെ ഔദ്യോഗിക നിലപാടെന്നാണ് റിപ്പോർട്ടുകൾ.
ഇറാനുമായി വ്യാപാര ബന്ധമുള്ള മറ്റ് പ്രധാന രാജ്യങ്ങളായ ഇന്ത്യ, റഷ്യ, പാകിസ്താൻ, ഖത്തർ, തുർക്കി എന്നിവരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നതും അമേരിക്കയ്ക്ക് വലിയൊരു നയതന്ത്ര വെല്ലുവിളിയാണ്. യു.എ.ഇ., ഇറാഖ്, തുർക്കി, ഇന്ത്യ എന്നിവർ സമീപ വർഷങ്ങളിൽ ഇറാനുമായി വലിയ തോതിൽ വ്യാപാരം നടത്തിയിട്ടുള്ള രാജ്യങ്ങളാണ്. എന്നാൽ, ഇറാന്റെ പ്രധാന സാമ്പത്തിക ഇടനാഴിയായിരുന്ന യു.എ.ഇ കഴിഞ്ഞ ആഴ്ച ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ബന്ധങ്ങളും നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇറാന്റെ ചെറുത്തുനിൽപ്പും അമേരിക്ക നേരിടുന്ന വെല്ലുവിളിയും
ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഉപരോധങ്ങളോട് പൊരുത്തപ്പെടാനുള്ള ഇറാന്റെ പതിറ്റാണ്ടുകൾ നീണ്ട പരിചയസമ്പത്താണ്. കാലങ്ങളായി അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും വിവിധ ഉപരോധങ്ങൾ നേരിടുകയാണ് ഇറാൻ. അതിനാൽതന്നെ ഉപരോധങ്ങൾ കടുക്കുമ്പോൾ പുതിയ വ്യാജ കമ്പനികൾ സൃഷ്ടിച്ചും ഇടനിലക്കാരെ ഉപയോഗിച്ചും പുതിയ ഇടപാടുകൾ നടത്താൻ ഇറാന് അറിയാം. അവരെ സംബന്ധിച്ച് ഉപരോധങ്ങൾ ഒരുതരം പാമ്പും കോണിയും കളിയാണ്. ഒരു വഴി അടയുമ്പോൾ ഇറാൻ അതിവേഗം മറ്റൊരു ബദൽ മാർഗ്ഗം കണ്ടെത്തുന്നു.
കൂടാതെ, സഖ്യകക്ഷികളുടെ പിന്തുണ നേടുന്നതിലും അമേരിക്കയ്ക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കാനഡ, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുമായി ട്രംപ് ഭരണകൂടം വ്യാപാര തർക്കത്തിലാണ്. പല രാജ്യങ്ങളും ഇക്കാര്യത്തിൽ കടുത്ത നിലപാടുകളിലുമാണ്. ഈ പശ്ചാത്തലത്തിൽ സാമ്പത്തിക യുദ്ധത്തിൽ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാൻ ട്രംപിന് കഴിഞ്ഞേക്കില്ല. സാമ്പത്തിക ഉപരോധം കടുപ്പിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും സൈനിക കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണത്തിന് ഇറാൻ മുതിർന്നേക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്.
യു.എസ്. സാമ്പത്തിക ഉപരോധങ്ങൾ വ്യാപിപ്പിക്കുന്നതിനെതിരെ ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. സമ്മർദ തന്ത്രങ്ങളെ തങ്ങളുടെ പ്രധാന വ്യാപാര പങ്കാളികൾ പ്രതിരോധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇറാൻ. മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം തടയാൻതക്കവണ്ണമുള്ള സാമ്പത്തിക സാഹചര്യത്തിലല്ല നിലവിൽ അമേരിക്ക ഉള്ളതെന്നാണ് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞത്. സാമ്പത്തികയുദ്ധം തുടർന്നാൽ ഹോർമുസ് ഉൾപ്പെടെ ഗൾഫിൽനിന്നുള്ള എണ്ണക്കയറ്റുമതി പൂർണമായി നിർത്തുമെന്ന് പരമോന്നത സുരക്ഷാസമിതി മേധാവി മൊഹ്സെൻ റെസായി മുന്നറിയിപ്പു നൽകുകയും ചെയ്തു.
ഇതെല്ലാമാണെങ്കിലും ഈ സാമ്പത്തിക യുദ്ധത്തിലൂടെ അമേരിക്ക യഥാർത്ഥത്തിൽ എന്താണ് ലക്ഷ്യം വെക്കുന്നത് എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. രാജ്യത്തെ ഭരണമാറ്റമാണോ, അതോ വീണ്ടും ചർച്ചകളിലേക്ക് അവരെ തിരികെ കൊണ്ടുവരാനാണോ അമേരിക്ക ശ്രമിക്കുന്നതെന്ന കാര്യത്തിൽ നയതന്ത്രജ്ഞർക്ക് ഭിന്ന അഭിപ്രായമുണ്ട്. എന്തായാലും ഒരു വലിയ സൈനികനീക്കം ഒഴിവാക്കി സാമ്പത്തിക ആയുധത്തിലൂടെ ഇറാനെ മുട്ടുകുത്തിക്കാനാണ് ട്രംപിന്റെ ശ്രമം. പക്ഷേ, ഈ ‘ഡി-ഡേ’ പരീക്ഷണം വിജയിക്കുമോ അതോ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ വലിയ വിള്ളലുകൾ വീഴ്ത്തുമോ എന്നത് വരുംദിവസങ്ങളിൽ കാത്തിരുന്ന് കാണേണ്ടിവരും.
Content Highlights: The United States has launched 'Operation Economic Outcast' to impose severe economic sanctions and completely isolate Iran from the global financial system, targeting key sectors like oil, digital assets, and trade partners.