വാഗ്ദാനം വാരിക്കോരി, വിലക്കയറ്റം കുറച്ചതും ഗുണമായില്ല; ഇംഗ്ലണ്ടിൽ ബ്രെക്‌സിറ്റിന്റെ ഭാവിയെന്ത്?

പാര്‍ട്ടിയുടെ 200 വര്‍ഷത്തെ ചരിത്രത്തിലെ അതിദാരുണമായ തോല്‍വി. ലേബര്‍ പാര്‍ട്ടിക്ക് മുന്നില്‍ അടിയറവെച്ച ടോറികളുടെ പരാജയത്തെ രാഷ്ട്രീയനിരീക്ഷകര്‍ വിശേഷിപ്പിച്ചതിങ്ങനെയാണ്. 2025 ജനുവരി വരെ കാലാവധി നിലനില്‍ക്കെ അമിതാത്മവിശ്വാസത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തേരോട്ടത്തിന് ഒറ്റരാത്രികൊണ്ട് അതിനാടകീയമായി കടിഞ്ഞാണ്‍ വീഴുമെന്ന് ഋഷി സുനക് കരുതിക്കാണില്ല. ശക്തികേന്ദ്രങ്ങളില്‍ പോലും ടോറികൾ തകര്‍ന്നടിഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍തന്നെ പുറത്തുവന്ന എല്ലാ അഭിപ്രായ സര്‍വെകളും സുനക്കിന്റെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും തോല്‍വി പ്രവചിച്ചിരുന്നു.
വിലക്കയറ്റം, കുടിയേറ്റം, സാമ്പത്തിക-രാഷ്ട്രീയ-ആരോഗ്യമേഖലകളിലെ അസ്ഥിരത, അതിലുപരി പാളിപ്പോയ ബ്രെക്‌സിറ്റ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ജനവികാരം ഭരണപക്ഷത്തിനെതിരെയാക്കിയത് ടോറികള്‍ക്ക് തിരിച്ചടിയായി. 14 വര്‍ഷത്തെ ഭരണത്തില്‍ രാജ്യം ഭരിച്ചത് അഞ്ചു പ്രധാനമന്ത്രിമാര്‍. ഒരു വര്‍ഷം മാത്രം മൂന്ന് പ്രധാനമന്ത്രിമാര്‍ ഭരിക്കുന്ന ഗതികേടിലേക്ക് വരെ പാര്‍ട്ടിയെത്തി. ഒരുകാലത്ത് ഭരണസ്ഥിരതയ്ക്ക് പേരുകേട്ട രാജ്യത്തിൻ്റെ ദയനീയത.
Content Highlights: uk election what caused the fall of rishi sunak and conservative party