വിശ്വാസം തകര്‍ത്ത ട്രംപത്തം, പിഴത്തീരുവ ഇന്ത്യയ്ക്ക് വൈവിധ്യവത്കരണത്തിനുള്ള കാഹളം

ഭൗമരാഷ്ട്രീയ രംഗത്ത് വലിയ ദിശമാറ്റങ്ങളുടെയും ബഹുരാഷ്ട്രസഖ്യങ്ങളുടെ പുനര്‍ക്രമീകരണത്തിന്റെയും കാലമാണ്. അതില്‍ ഭൂരിഭാഗവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും അമേരിക്കയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. മൂന്നര വര്‍ഷമായി തുടരുന്ന യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസ് ശ്രമം തുടങ്ങിയേടത്തു തന്നെയാണ്. ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ തയ്യാറല്ല, റഷ്യയുടെ കൈവശമുള്ള ഭൂവിഭാഗങ്ങള്‍ വിട്ടുകൊടുക്കുക യുക്രൈൻ പ്രസിഡണ്ട് സെലന്‍സ്‌കിക്ക് എളുപ്പവുമല്ല. ഒരുപക്ഷേ അതുകൊണ്ടാവാം, പുതിനും സെലന്‍സ്‌കിയും ഒറ്റയ്ക്കൊറ്റയ്ക്ക് ചര്‍ച്ച ചെയ്ത ശേഷം മതി താന്‍ കൂടി ഉള്‍പ്പെട്ട ത്രികക്ഷി ഉച്ചകോടിയെന്ന് ട്രംപ് പറഞ്ഞത്.
അതേസമയം, അധിക തീരുവ പ്രശ്നത്തില്‍ അമേരിക്കന്‍ ഭീഷണികള്‍ക്ക് വഴങ്ങാതെ ഇന്ത്യ, റഷ്യയും ചൈനയുമായുള്ള വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. റഷ്യയില്‍ നിന്നും സൗജന്യനിരക്കില്‍ എണ്ണ വാങ്ങി സംസ്‌കരിച്ച് കയറ്റിയയച്ച് ഇന്ത്യ അമിത ലാഭം ഉണ്ടാക്കുന്നുവെന്നും ഇന്ത്യ റഷ്യയുടെ അലക്കുയന്ത്രമാണെന്നും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാറോ ആരോപിച്ചു. യുക്രൈനിലെ രക്തച്ചൊരിച്ചിലില്‍ തങ്ങളുടെ പങ്ക് ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച നവാറോ ഇന്ത്യ തീരുവകളുടെ മഹാരാജാവാണെന്ന് പരിഹസിച്ചു. തീരുവ ഇരട്ടിപ്പിക്കാന്‍ അമേരിക്ക നിശ്ചയിച്ച കാലാവധി (ഓഗസ്റ്റ് 27) നീട്ടാനിടയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: India`s response to Trump`s tariffs, strengthening ties with Russia & China