ഈ പെൻഗ്വിനുകൾ ട്രംപിന് എന്ത് താരിഫ് കൊടുക്കും, ആളില്ലാ നാടുകളും അമേരിക്കയെ മുതലെടുത്തോ?

ലോകരാജ്യങ്ങളെ ദിവസങ്ങളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒടുവില്‍ ആ പ്രഖ്യാപനം വന്നിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയടക്കമുള്ള നൂറ്റി എണ്‍പതിലധികം രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കം കുത്തനെ വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 27 ശതമാനമാണ് തീരുവ. കംബോഡിയയും ബോട്‌സ്വാനയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്. അതേസമയം ട്രംപിന്റെ താരിഫ് പട്ടികയിലെ ചില രാജ്യങ്ങളുടെയും ദ്വീപുകളുടെയും പേര് എല്ലാവര്‍ക്കും അത്ര സുപരിചിതമല്ല. പലരും ആദ്യമായിട്ടാവും ഈ പ്രദേശങ്ങളുടെ പേര് കേള്‍ക്കുന്നത് തന്നെ.
ഇക്കൂട്ടത്തിലുള്ള രണ്ട് ദ്വീപുകള്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെ കച്ചവടവും കയറ്റുമതിയും പോയിട്ട് ജനവാസം പോലുമില്ല. അന്റാര്‍ട്ടിക്കയ്ക്ക് സമീപമായി ലോകത്തില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന ഹേര്‍ഡ്, മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ക്ക് പത്ത് ശതമാനമാണ് ട്രംപ് താരിഫ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് പെന്‍ഗ്വിനുകളും കടല്‍പക്ഷികളും മാത്രമുള്ള ഈ ദ്വീപുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ 10 ശതമാനം ചുങ്കം നല്‍കണം. പല രാജ്യങ്ങളും കച്ചവടത്തില്‍ അമേരിക്കയെ ദീര്‍ഘകാലമായി മുതലെടുക്കുകയാണെന്നായിരുന്നു താരിഫ് ഏര്‍പ്പെടുത്താനുള്ള ന്യായമായി ട്രംപ് പറഞ്ഞുകൊണ്ടിരുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് അമേരിക്കയെ മുതലെടുത്തുകൊണ്ടിരുന്ന ഹേര്‍ഡിലെയും മക്‌ഡൊണാള്‍ഡിലെയും പെന്‍ഗ്വിനുകള്‍ക്കുള്ള തിരിച്ചടിയാണിതെന്നുള്ള ട്രോള്‍ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
Content Highlights: Heard and McDonald Islands