ധനുമാസ രാത്രികള്‍ക്ക് മേള-വാദ്യങ്ങളുടെ നിറം പകർന്ന് തിരുവമ്പാടി - പാറമേക്കാവ് വേലകള്‍

#കെ.കെ.ശ്രീരാജ്
തിരുവമ്പാടി - പാറമേക്കാവ് വേലകളിൽനിന്ന്
തിരുവമ്പാടി - പാറമേക്കാവ് വേലകളിൽനിന്ന്

മഞ്ഞു പുതച്ച രാത്രിയില്‍ ആദ്യം പഞ്ചവാദ്യ പെരുമഴ.  അതിന്റെ കുളിരണയും മുമ്പേ ഒരിറ്റു വിടവു കടന്നാല്‍ പാണ്ടിമേള കൊടുമഴ. ശബ്ദത്തിന്റെ രണ്ടു വ്യത്യസ്ത വിസ്മയങ്ങളില്‍ അലിഞ്ഞില്ലാതാകുന്ന മനസുകള്‍. തൃശ്ശൂര്‍ പൂരമെന്ന മഹാസിംഫണി ഒത്തൊരുമിച്ച് നടത്തുന്ന പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ ഒറ്റതിരിഞ്ഞ് നടത്തുന്ന വിസ്മയം. അതാണ് പാറമേക്കാവ്, തിരുവമ്പാടി വേലകള്‍. ഒരു ദിവസത്തെ  ഇടവേളയില്‍ പൂക്കുന്ന വേലാഘോഷങ്ങള്‍ മനസില്‍ ഒരു വര്‍ഷത്തേക്കുള്ള വസന്തം കൊളുത്തി വെയ്കും.

വെള്ളിയാഴ്ച്ചയായിരുന്നു പാറമേക്കാവ് വേല. ഞായറാഴ്ച്ച തിരുവമ്പാടി വേലയും.  രാത്രിയില്‍ തുടങ്ങി പുലരി തൊടുന്ന പൂരങ്ങളാണിവ. മറ്റൊരു നോട്ടത്തിലും ഇത് അന്വര്‍ത്ഥമാണ്. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് നിയന്ത്രണം തുടങ്ങിയ അനിശ്ചിതത്വത്തിന്റെ ഗാഢരാത്രികളെ മറികടന്ന പൂരപ്പുലരികള്‍ കൂടിയായിരുന്നു ഇവ. അതിനാല്‍ ആളാവേശം കൂടി. അമ്മയില്‍നിന്നു വേര്‍പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അള്ളിപ്പിടിക്കുന്ന കുഞ്ഞിനെ പോലെ പൂരപ്രേമികള്‍ ഈ ആഘോഷങ്ങളെ ദൃഢമായി ചേര്‍ത്തു പിടിച്ചു.

Content Highlights: thiruvambadi and paramekkavu vela

Continue reading