മണ്ണുതിന്ന് വിശപ്പടക്കുന്നു, എല്ലുംതോലുമായ കുഞ്ഞുങ്ങൾ; ഭീതിജനകമായ ക്ഷാമത്തിലേക്ക് സുഡാൻ

പോഷകാഹാരക്കുറവ് നേരിടുന്ന കുഞ്ഞിൻ്റെ കൈപിടിച്ചിരിക്കുന്ന അമ്മ
പോഷകാഹാരക്കുറവ് നേരിടുന്ന കുഞ്ഞിൻ്റെ കൈപിടിച്ചിരിക്കുന്ന അമ്മ

അധികാരഭ്രമം രക്തരൂക്ഷിതമാക്കിയ 500 ദിനരാത്രങ്ങള്‍. മരിച്ചുവീണ പതിനായിരങ്ങള്‍. മുറിവേറ്റ, അനാഥരാക്കപ്പെട്ട അതിലുമധികം മനുഷ്യര്‍. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുഞ്ഞുങ്ങള്‍. ആഭ്യന്തരയുദ്ധം അന്ത്യമില്ലാതെ തുടരുന്ന സുഡാന്‍ കടുത്ത മാനുഷിക പ്രതിസന്ധിയുടെ പിടിയിലാണ്. ക്ഷാമം പിടിമുറുക്കിക്കഴിഞ്ഞു. ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ അങ്ങനെ അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ ഉഴലുന്ന മനുഷ്യര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഭീഷണമായ ക്ഷാമമാണ് സുഡാനിലേത് എന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ രാജ്യത്തോളം വലിപ്പത്തിൽ  മൃതശരീരങ്ങൾ കുന്നുകൂടി കഴിഞ്ഞു. കണക്കുകൾ 15000-ഉം 18000-ഉം മരണങ്ങൾ സ്ഥിരീകരിക്കുമ്പോൾ കണക്കിൽപ്പെടാത്ത മരണങ്ങൾ ഒരു ലക്ഷവും കടന്നെന്നാണ് സൂചന. 

ആഭ്യന്തര കലാപങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ക്ഷാമവും തുടര്‍കഥയായ സുഡാനില്‍ 2017-നു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ക്ഷാമമാണിത്. ദാരിദ്ര്യത്തില്‍ കഴിയുന്ന ജനത അതിദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. ഭക്ഷ്യസുരക്ഷ താറുമാറായി. രാജ്യത്തെ രണ്ടു കോടിയിലധികം ജനങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നാണ് കണക്കുകള്‍. അതായത് സുഡാന്‍ ജനസംഖ്യയുടെ പകുതിയോളം വിശന്നു കഴിയുകയാണെന്നര്‍ഥം.

Content Highlights: civil war affected sudan slips to famine

Continue reading