കോണ്‍ഗ്രസിനെ കൂട്ടാതെ എങ്ങനെ ബിജെപിയെ പുറത്താക്കും? സിപിഎമ്മിനോടു ചോദിച്ച സീതാറാം യെച്ചൂരി

2024 ജൂണ്‍ അഞ്ചിന് വന്‍ഭൂരിപക്ഷത്തോടെ മൂന്നാം ഭരണം കാത്തുനിന്ന നരേന്ദ്ര മോദി സര്‍ക്കാരിന് പ്രഹരമേറ്റപ്പോള്‍ ബിജെപി കേന്ദ്രങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയരംഗവും നടുക്കത്തിലായിരുന്നു. ഭരിക്കാന്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള ബിജെപിയുടെ മോഹം പൊലിഞ്ഞു. മൂന്നാമത് ഭരിക്കണമെങ്കില്‍ നിതീഷ്‌കുമാറിന്റെ ജെഡിയുവിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും സഹായം ചോദിക്കണമെന്ന സ്ഥിതിയായി. രാഷ്ട്രീയഗണിതങ്ങളും എക്സിറ്റ് പോള്‍ പ്രവചനങ്ങളും തിരഞ്ഞെടുപ്പ് വിദഗ്ധകരുടെ വിശകലനങ്ങളുമൊക്കെ അപ്രസക്തമാക്കി, ഭരണപക്ഷത്തെ പ്രഹരമേല്‍പ്പിച്ച് പ്രതിപക്ഷം മുന്നേറിയപ്പോള്‍ ന്യൂഡല്‍ഹി ഭായ് വീര്‍ സിങ് മാര്‍ഗിലെ എകെജി ഭവനിലിരുന്ന ഒരു നേതാവിന് ഒരു ഞെട്ടലുമുണ്ടായിരുന്നില്ല. മറിച്ച്, എല്ലാം കണക്കുകൂട്ടി സംഭവിച്ചതു പോലെ ഒരു പതിവ് പുഞ്ചിരി. ലോക്സഭയില്‍ സിപിഎം അംഗങ്ങളുടെ എണ്ണം വെറും മൂന്നാണെങ്കിലും ഭരണകക്ഷിക്ക് മുന്നൂറു സീറ്റ് പോലും നിലനിര്‍ത്താനാവാത്ത രാഷ്ട്രീയതന്ത്രങ്ങളൊരുക്കിയ സീതാറാം യെച്ചൂരിയായിരുന്നു ആ നേതാവ്. ഭിന്നതകളെല്ലാം മാറ്റിനിര്‍ത്തി, ബിജെപിയെ തളയ്ക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ഒന്നിച്ച് അണിനിരത്തിയ 'ഇന്ത്യ' സഖ്യത്തിന്റെ ശില്‍പികളിലൊരാള്‍!
'അഹങ്കാരത്തോടെ 400 സീറ്റ് അവകാശപ്പെടുകയായിരുന്നു അവര്‍ (ബിജെപി). ചാര്‍സൗ പാര്‍ (400 സീറ്റ് കടക്കും) എന്ന അവരുടെ മുദ്രാവാക്യം ശൂന്യതയിലായി. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം പോലും കിട്ടിയില്ല. നിത്യജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ വിധിയെഴുതിയ ജനങ്ങളുടേതാണ് ഈ വിജയം. ബിജെപിക്ക് അനുകൂലമല്ല ഈ ജനവിധി'-ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ മാധ്യമങ്ങള്‍ക്കു മുന്നില്‍ യെച്ചൂരി ഇങ്ങനെ വിലയിരുത്തി. രാജ്യത്തെ പ്രതിപക്ഷത്തിന് ആത്മവിശ്വാസം നല്‍കിയ ഈ മുന്നേറ്റം സാധ്യമാക്കാന്‍ അദ്ദേഹത്തിന് പുറത്തു മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കുള്ളിലും പട വെട്ടേണ്ടി വന്നതാണ് വാസ്തവം. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സിപിഎമ്മിന് അംഗബലം കുറഞ്ഞെങ്കിലും, ഇന്ത്യന്‍ രാഷ്ട്രീയത്തെ ജനാധിപത്യ-മതേതരദിശയില്‍ നയിക്കാനുള്ള ചാലകശക്തിയായി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അനിവാര്യത അടിവരയിട്ട നേതാവായിരുന്നു യെച്ചൂരി. ഇങ്ങനെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചരിത്രത്തോട് ചേര്‍ത്തുവെയ്ക്കാന്‍ അദ്ദേഹത്തിനായി. ഇതിന് വലിയ വിയര്‍പ്പൊഴുക്കുകയും പഴി കേള്‍ക്കേണ്ടി വരികയും ചെയ്ത നേതാവാണ് യെച്ചൂരിയെന്ന് സിപിഎമ്മിലെ ആഭ്യന്തരകലാപങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Sitaram Yechury`s crucial role in forging the India alliance against BJP and his ideological battles